Thursday, 12 September - 2024

യാത്രക്കാരില്ല, വഴിയിൽ കൈകാണിച്ച് പോലും ആരും കയറിയില്ല; ഓട്ടം മുടങ്ങി നവകേരള ബസ്

കോഴിക്കോട്: യാത്രക്കാരില്ലാത്തതിനെ തുടർന്ന് നവകേരള ബസിന്റെ സർവീസ് മുടങ്ങി. ഗരുഡ പ്രീമിയം ബസായി കോഴിക്കോട്–ബെംഗളൂരു റൂട്ടിലായിരുന്നു സർവീസ്. ചൊവാഴ്ച മുതൽ ബസ് സർവീസ് നടത്തുന്നില്ല. 5 പേർ മാത്രമാണ് ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. 

തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 14,000 രൂപയാണ് ബുധനാഴ്ചത്തെ വരുമാനം. ബുക്ക് ചെയ്യാതെ വഴിയിൽനിന്ന് യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. എന്നാൽ ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. 

ബസ് സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ബസ് സർവീസ് നടത്തും. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളിൽ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. മേയ് ആദ്യവാരമാണ് ബസ് സർവീസ് തുടങ്ങിയത്. നഷ്ടമില്ലാതെയാണ് ബസ് ഇതുവരെ സർവീസ് നടത്തിയതെന്നും കെഎസ്ആർടിസി അറിയിച്ചു.

മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയിൽ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു.

ശുചിമുറി, വാഷ്ബേസിന്‍, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളുമുണ്ട്. എന്നാൽ ഈ സംവിധാനങ്ങളും ഉയർന്ന നിരക്കും ആളുകളെ ആകർഷിച്ചില്ല. നവകേരള ബസ് കട്ടപ്പുറത്താകാതെ സംരക്ഷിക്കേണ്ടത് കെഎസ്ആർടിസിയുടെ മാത്രമല്ല സർക്കാരിന്റെ കൂടി അഭിമാന പ്രശ്നമാണ്. വിഷയത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാർ ഇടപെടുമെന്നാണ് വിവരം.

Most Popular

error: