ലോകമെങ്ങും വൈറലാണ് ഒരു എലി. ഹാംസ്റ്റര്‍ കോംബാറ്റ് എന്ന ഈ എലിയെ വെറുതെ തൊട്ടുകൊണ്ട് പണമുണ്ടാക്കാനുള്ള ഓട്ടത്തിലാണ് കുട്ടികൾ അടക്കമുള്ള വലിയ സമൂഹം. ടെലിഗ്രാം വഴി പ്രവർത്തിക്കുന്ന “ടാപ്പ് ടു ഏൺ ഗെയിമിംഗ് ബോട്ട് ഹാംസ്റ്റര്‍ കോംബാറ്റ്’ മലയാളികൾക്കിടയിലും സുപരിചിതമായിക്കഴിഞ്ഞു.
ലോഞ്ച് ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളുവെങ്കിലും 40 രാജ്യങ്ങളിലായി 200 മില്യണിലധികം ആളുകളാണ് ഗെയിം നിലവിൽ കളിക്കുന്നത്.ഹാംസ്റ്റർ കോംബാറ്റ് സ്വീകാര്യമായതോടെ ഗെയിമിനെ പറ്റിയുള്ള യൂട്യൂബ് വീഡിയോകളും ഇൻസ്റ്റഗ്രാം പേജുകളും വാട്സപ്പ് ഗ്രൂപ്പുകളും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലടക്കം സജീവമാണ്.ഹാംസ്റ്റർ കോംബാറ്റ് കളിച്ച് ലക്ഷങ്ങൾ ഉണ്ടാക്കാമെന്നാണ് ഗെയിം നിർമാതാക്കൾ തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ വ്യക്തമാക്കുന്നതെങ്കിലും വെറുതെ വിരൽ തൊട്ടുകൊണ്ട് ഒരുപാട് പണമുണ്ടാക്കാൻ കഴിയില്ല എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.
ടെലിഗ്രാം മെസ്സഞ്ചറിൽ പ്രവർത്തിക്കുന്ന പ്ലേ ആൻഡ് ഏൺ ഗെയിമിംഗ് ബോട്ടാണ് ഹാംസ്റ്റര്‍ കോംബാറ്റ്. കളിക്കുന്നതിനൊപ്പം ക്രിപ്റ്റോയുടെയും വെബ്-3 വ്യവസായമേഖലയുടെയും അടിസ്ഥാനധാരണ ഗെയിമേർസിലെത്തിക്കാനും ശ്രമിക്കുന്നു.
ബ്ലോക്ക്ചെയിനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡിജിറ്റൽ നാണയങ്ങളാണല്ലോ ക്രിപ്‌റ്റോകറൻസികൾ. ഹാംസ്റ്റർ കോംബാറ്റ് എന്നത് ഇത്തരമൊരു ക്രിപ്‌റ്റോകറൻസിയാണ്. ആർക്കും വളരെ എളുപ്പത്തിൽ കളിക്കാവുന്ന ഹാംസ്റ്റർ കോംപാക്ട് ഗെയിമിൽ നിങ്ങൾ ഒരു സാങ്കല്പിക ബിസിനസ് കമ്പനിയുടെ സി.ഇ.ഒ ആയിരിക്കും. കമ്പനിയുടെ വ്യവസായം മെച്ചപ്പെടുത്തുന്നതിനായി കോയിൻസ് അഥവാ ടോക്കൻസ് ($HMSTR) സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്വം.
ടെലിഗ്രാം ലിങ്കുകൾ വഴി നേരിട്ട് ഗെയിമിലേക്ക് കടക്കാം. തുടർന്ന് സ്ക്രീനിൽ ഹാംസ്റ്റർ എന്ന ജീവിയെ കാണാം. ഹാംസ്റ്റർ എന്നത് ഓമനമൃഗമായി വളർത്തുന്ന എലി വർഗത്തിൽപ്പെട്ട ഒരു ജീവിയാണ്. എലിയുടെ ദേഹത്ത് തുടരെ വിരലമർത്തിയാൽ കോയിനുകൾ സമ്പാദിച്ചു തുടങ്ങാം. മാത്രമല്ല, പ്രതിദിന ടാസ്ക്കുകൾ പൂർത്തിയാക്കിയും ലിങ്കുകൾ ഷെയർ ചെയ്തും ഗെയിമിന്റെ ഒഫീഷ്യൽ പേജുകൾ ഫോളോയും സബ്സ്ക്രിപ്ഷൻ ചെയ്തുമൊക്കെ മില്യൺസ് കണക്കിന് ഹാംസ്റ്റര്‍ കോംബാറ്റ് കോയിൻ($HMSTR) സമ്പാദിക്കാം.ഇതിനോടകം 500 മില്ല്യൺ മുതൽ ഒരു ബില്ല്യൺ വരെ കോയിനുകൾ സമ്പാദിച്ചവരും ഏറെയാണ്.
നിലവിൽ ക്രിപ്റ്റോ വിപണിയിൽ ഹാംസ്റ്റർ കോംബാറ്റ് കോയിനിനെ ഒരു ഡിജിറ്റൽ നാണയമായി ലിസ്റ്റ് ചെയ്തിട്ടില്ല. ഗെയിം കളിച്ചും മറ്റും വാലറ്റിൽ സമ്പാദിച്ച കോയിനുകൾക്ക് അവ ഡിജിറ്റൽ നാണയമായി ലിസ്റ്റ് ചെയ്യുന്ന വേളയിൽ ഒരു മൂല്യം ലഭിക്കും.സമ്പാദിക്കുന്ന കോയിനുകളുടെ മൂല്യത്തിന് അനുസരിച്ചുള്ള പണം ടോൺ വാലറ്റ് ആപ്പിൻ്റെ സൗകര്യത്തേടെ ഡോളറിലേക്കും മറ്റു കറൻസികളിലേക്കും മാറ്റി അക്കൗണ്ടിൽ എത്തിക്കാൻ കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ജൂലൈയിൽ ഹാംസ്റ്റർ കോയിൻ ക്രിപ്റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ ലക്ഷപ്രഭുക്കളാകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഗെയിമേഴ്‌സ്.
ഗെയിം പൂർണമായും തട്ടിപ്പാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും തട്ടിപ്പിന്റെ സാധ്യതകൾ ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗെയിമിന്റെ ഉടമസ്ഥരും നിർമാതാക്കളും ഇപ്പോഴും അജ്ഞാതരാണ്. ഹാക്കിംഗ് വമ്പൻമാരുടെ ആസ്ഥാനമായ റഷ്യയാണ് ഈ ഗെയിമിന്റെ ഉറവിടമെന്നത് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉയർത്തുന്നു. പുതിയ ഒരു ക്രിപ്റ്റോകറൻസി പുറത്തിറക്കുമ്പോൾ അതിൻ്റെ സാങ്കേതിക വശങ്ങളും ലക്ഷ്യങ്ങളും വ്യക്തമായി വിശദീകരിക്കേണ്ട വൈറ്റ് പേപ്പർ എന്ന അടിസ്ഥാന രേഖ പുറത്തിറക്കിയിട്ടില്ല എന്നതും ഹാംസ്റ്റര്‍ കോംബാറ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കാര്യമാണ്. ഗെയിമിൽ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് എ.ഐ ഉപയോഗിച്ചു നിർമിച്ച ഇമേജുകളാണെന്നതും സംശയത്തിന് ആക്കം കൂട്ടുന്നു.