Saturday, 5 October - 2024

വിമാനത്തിൽ വൃത്തിയില്ല; ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഡിഗോക്ക് നിർദേശം

ഹൈദരാബാദ്: വിമാനത്തിൽ വൃത്തിയില്ലെന്ന് കാണിച്ച് ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിൽ, ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഡിഗോ എയർലൈൻസിന് നിർദേശം. 2021ൽ നൽകിയ പരാതിയിൽ, ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് തീർപ്പ് കൽപ്പിച്ചത്.

ഹൈദരാബാദിൽനിന്ന് ബംഗളൂരുവിലേക്കുള്ള ഫ്ളൈറ്റിലാണ് അസുഖകരമായ അനുഭവമുണ്ടായതെന്ന് യാത്രികനായ ഡി. രാധാകൃഷ്ണൻ പരാതിയിൽ പറയുന്നു.

യാത്ര ചെയ്ത കോച്ചിൽ പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗിച്ച നാപ്കിനുകളും ഉപയോഗശൂന്യമായ മറ്റു വസ്തുക്കളും നിറഞ്ഞിരുന്നു. യാത്രക്കിടെ ഭാര്യക്ക് മനംപിരട്ടൽ ഉണ്ടാവുകയും ഛർദിക്കുകയും ചെയ്തതായും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഭാര്യക്ക് വിമാനത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടാനാവാത്ത രീതിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി പരാതിക്കാരൻ അറിയിച്ചിരുന്നില്ലെന്ന് ഇൻഡിഗോ പറഞ്ഞു.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട കമീഷൻ, യാത്രക്കു മുമ്പ് കോച്ചുകളിൽ വൃത്തിയുണ്ടെന്ന് ഇൻഡിഗോ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി. നഷ്ടപരിഹാരം ജൂലൈ ഒന്നു മുതൽ 45 ദിവസത്തിനകം നൽകണമെന്നും കമീഷൻ നിർദേശിച്ചു. നേരത്തെ, മറ്റൊരു സംഭവത്തിൽ ഫ്ളൈറ്റ് റദ്ദാക്കിയ വിവരം അറിയിക്കാത്തതിനെ തുടർന്ന് ഉപയോക്താവിന് 30,000 രൂപ നഷ്ടപരിഹാരം നൽകാനും ഇൻഡിഗോയോട് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ നിർദേശിച്ചിരുന്നു.

Most Popular

error: