പാമ്പിനെ കറിവെയ്ക്കുന്ന വിഡിയോ; വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

0
3456

പാമ്പിനെ കറിവെയ്ക്കുന്ന വിഡിയോ പങ്കുവച്ച പ്രമുഖ ഫു‍ഡ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല. മയില്‍, മുതല, ഒട്ടകം എന്നിങ്ങനെ നിരവധി പാചകപരീക്ഷണങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച് ഫിറോസ്  കയ്യടി വാങ്ങിയിട്ടുണ്ടെങ്കിലും ഇതല്‍പ്പം കൂടിപ്പോയെന്നാണ് പ്രേക്ഷകരുടെ വാദം.

വിയറ്റ്നാമില്‍ നിന്നുമാണ് വി‍ഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വിയറ്റ്നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുളള രണ്ട് പാമ്പുകളെ കറിവയ്ക്കാനായി വാങ്ങുന്നത് മുതലുളള കാര്യങ്ങള്‍ ഫിറോസ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാമ്പിനെ പാചകം ചെയ്യാനായി വൃത്തിയാക്കുന്നതടക്കം വിഡിയോയിലുണ്ട്.

പ്രദേശവാസിയായ സ്ത്രീയാണ് പാമ്പിനെ കൊന്ന്  പാചകം ചെയ്യാനായി സഹായിക്കുന്നത്.  വിയറ്റ്നാമിന്‍റെ തനത് രീതിയിലാണ് പാമ്പിന്‍ കറി തയ്യാറാക്കുന്നതെന്നും ഫിറോസ് പറയുന്നുണ്ട്. നിരവധി ചേരുവകള്‍ ചേര്‍ത്ത് പാമ്പിന്‍ കറി തയ്യാറാക്കുന്നതും ശേഷം അവിടെയുളള ചിലര്‍ക്ക് ഫിറോസ് കറി വിളമ്പി നല്‍കുന്നതുമാണ് വി‍ഡിയോ. 

11 മിനുട്ടിലധികം ദൈർഘ്യമേറിയ വീഡിയോ ഇതുവരെ ആറ് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. വീഡിയോ വൈറൽ ആയതോടെ നിരവധി പേരാണ് ഫിറോസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അറപ്പുളവാകുന്നുവെന്നായിരുന്നു പ്രേക്ഷകരില്‍ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. നിങ്ങളോടുള്ള സകല ബഹുമാനവും നഷ്‌ടപ്പെട്ടു തുടങ്ങി എന്ന തരത്തിലുളള കമന്‍റുകളും ഫിറോസിന് നേരെ ഉയര്‍ന്നു. ഇതിന് മുന്‍പ് മുതലയെ ഗ്രില്‍ ചെയ്യുന്ന വിഡിയോയിലും ഫിറോസിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.