Saturday, 28 March - 2026

മക്കളെ സാക്ഷിയാക്കി വീണ്ടും ധര്‍മജൻ വിവാഹിതനായി, നിയമപരമായി, ‘വധു ഭാര്യ അനൂജ’; പിഷാരടി ചീത്ത പറഞ്ഞുവെന്നും രണ്ടാമതു വിവാഹം കഴിക്കാൻ കാരണമുണ്ടെന്നും രഹസ്യം വെളിപ്പെടുത്തി ധർമജൻ

ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായത് കൗതുകമായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം വ്യക്തമാക്കി.

പതിനാറു വർഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് തങ്ങളെന്നും അന്നത്തെ സാഹചര്യത്തിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതാണെന്നും ധർമജൻ പറഞ്ഞു. നിർമാതാവ് ബാദുഷയുടെ ഭാര്യ മഞ്ജുവായിരുന്നു ഒരു സാക്ഷി.

‘‘പതിനാറ് വർഷം മുമ്പ് ഒളിച്ചോടിയ ആളുകളാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. അന്ന് റജിസ്ട്രേഷനെക്കുറിച്ച് വലിയ തോന്നൽ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അങ്ങനെയൊരു തോന്നലുണ്ടായത്. കുട്ടികൾ ഒരാൾ പത്തിലും ഒരാൾ ഒൻപതിലുമായി. വൈഗയും വേദയും. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്നു മാത്രമല്ല റജിസ്റ്ററും ചെയ്തു.

റെക്കോർഡിക്കൽ ആയി നമുക്കൊരു രേഖ ആവശ്യമാണ്. പല കാര്യങ്ങൾക്കും ചെല്ലുമ്പോൾ ഇതില്ലെങ്കില്‍ പ്രശ്നമാകും. അല്ലാതെ ആളുകളുടെ മുമ്പിൽ ഇതു ചെയ്യാൻ വേണ്ടി ചെയ്തതല്ല. നമ്മുടെ ഭാവിക്കും സുരക്ഷിതത്വത്തിനും വേണ്ടി ചെയ്ത കല്യാണമാണ്. കുട്ടികൾക്കും വലിയ സന്തോഷമായി.

വിവാഹം കഴിക്കുക, കല്യാണപ്പെണ്ണായി ഒരുങ്ങുക എന്നതൊക്കെ ഒരു പെൺകുട്ടിയുടെ മോഹമാണ്. അന്നൊരു ചുരിദാറുമിട്ട്, വഴിയിൽ വന്നു നിന്നപ്പോൾ അവിടെ നിന്നു തട്ടിക്കൊണ്ടുവന്ന് കല്യാണം കഴിക്കുകയായിരുന്നു. ഇന്ന് ആ സ്വപ്നം ചെറുതായി ഒന്നു നടന്നു. അന്ന് ഞങ്ങളുടെ വിവാഹത്തിന് എന്റെ വീട്ടുകാരുടെ സമ്മതം ഇല്ലായിരുന്നു. ഇന്ന് രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.

ഒരു വർഷത്തോളാണ് ഇവളുടെ വീട്ടുകാർ അകന്നു നിന്നത്. പിന്നീട് കുട്ടികളൊക്കെ ആയി കഴിഞ്ഞപ്പോൾ അതൊക്കെ മാറി, സൗഹൃദവും സന്തോഷവുമൊക്കെയായിരുന്നു. പക്ഷേ ഇപ്പോൾ ഈ വിവാഹം നടക്കുമ്പോഴും വേണ്ടപ്പെട്ട ചിലരൊക്കെ ഇല്ലാത്തതിന്റെ സങ്കടമുണ്ട്. എന്നാൽ തന്നെയും അധികം ആളുകളെ അറിയിക്കാതെയാണ് ഇതൊക്കെ പ്ലാൻ ചെയ്തത്. സാക്ഷി ഒപ്പിടാൻ പറ്റിയ ആളുകളെ മാത്രം വിളിച്ച് നടത്തിയ പരിപാടിയാണ്.

രാവിലെ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ഭാര്യ വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ എന്നു പറഞ്ഞ്. കല്യാണം ആയിട്ട് എന്താടാ എന്നെ വിളിക്കാത്തതെന്ന് ചോദിച്ച് രാവിലെ വിളിച്ചത് സംവിധായകൻ ബോബൻ സാമുവൽ ആണ്. പരാതികളുണ്ടാകും, പക്ഷേ ഇതൊരു പബ്ലിസിറ്റിക്കു വേണ്ടി ചെയ്ത കാര്യമല്ല. പിഷാരടി എന്നെ വിളിച്ച് ചീത്ത പറഞ്ഞു, ‘‘നീ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ലേ, ചത്തുപോയാൽ അവൾക്ക് ഇൻഷുറൻസ് പോലും കിട്ടില്ലെന്നു പറഞ്ഞു. അതൊക്കെ ഇതിൽ ബാധകമാണ്.

ഇങ്ങനെയുള്ള രേഖ വയ്ക്കുന്നത് നല്ലതാണ്. ഈ വിവാഹം മറ്റുള്ളവർക്കും പ്രചോദനമാകണമെന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും എല്ലാവരും വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യണം. എന്റെ ചില കൂട്ടുകാരൊക്കെ ഇപ്പോഴും ചെയ്തിട്ടില്ല. അവരോടൊക്കെ പറയാനുള്ളത്, എത്രയും വേഗം ചെയ്യണം എന്നതാണ്.’’–ധർമജന്റെ വാക്കുകൾ.

തമാശ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധര്‍മജൻ ബോള്‍ഗാട്ടി. രണ്ട് പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധര്‍മജന്റെ  മക്കള്‍. നിരവധി ആരാധകരാണ് ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്. നടൻ ധര്‍മജൻ ബോള്‍ഗാട്ടി മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്.

പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് ധര്‍മജൻ ബോള്‍ഗാട്ടി നടനായി അരങ്ങേറുന്നത്. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്റ്റേഴ്‍സ് തുടങ്ങിയവയ്‍ക്ക് പുറമേ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, കുരുത്തും കെട്ടവന, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, കാട്ടുമാക്കാൻ, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ്  എന്നിവയിലും ധര്‍മ്മജൻ ബോള്‍ഗാട്ടി വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധര്‍മജൻ ബോള്‍ഗാട്ടി ചിരി വേഷങ്ങളിലെത്തി.

ധര്‍മജൻ ബോള്‍ഗാട്ടി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പവി കെയര്‍ടേക്കറായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ദിലീപാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് വിനീത് കുമാറാണ്. ധര്‍മജൻ ബോള്‍ഗാട്ടി രതീഷ് എന്ന കഥാപാത്രമായിട്ടായി വേഷമിട്ടപ്പോള്‍ ദീപു ജി പണിക്കര്‍, ജോണി ആന്റണി, റോസ്‍മി, ജിനു ബെൻ, സ്‍ഫടികം ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.

Most Popular

error: