അവഗണന തുടർന്നാൽ കേരളം വിഭജിക്കണമെന്ന് ആവശ്യപ്പെടേണ്ടി വരുമെന്ന് മുസ്തഫ മുണ്ടുപാറ,  നീക്കമുണ്ടായാല്‍ ബിജെപി ചെറുക്കുമെന്ന് കെ.സുരേന്ദ്രന്‍

0
2430

മലപ്പുറം: കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റുപറയാൻ കഴിയില്ലെന്ന് സുന്നി യുവജന സംഘം നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് പരാമർശം. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണനയുണ്ടായാൽ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തെക്കൻ കേരളത്തിലുള്ളവർ നികുതി കൊടുക്കുന്നത് പോലെയാണ് മലബാറിലുള്ളവരും നികുതി കൊടുക്കുന്നത്. അവഗണനയുണ്ടാകുമ്പോൾ പലതരത്തിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. അവഗണന തുടരുമ്പോഴാണ് വിഭജന വാദങ്ങളിലേക്ക് ചിലർ ഇറങ്ങുന്നത്. മലബാർ സംസ്ഥാനം വന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത്. വിഭവങ്ങൾ വീതം വെക്കുന്നതിൽ സർക്കാർ നീതി കാണിക്കുന്നില്ല. മോഡി കേരളത്തോട് ചെയ്യുന്നതാണ് കേരള സർക്കാർ മലബാറിനോട് ചെയ്യുന്നത്. പ്ലസ് വൺ വിഷയത്തിൽ വിജയം കണ്ടേ പിൻമാറൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്ത് വില കൊടുത്തും ബിജെപി ചെറുത്ത് നിൽക്കും. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്‌ലിം പ്രീണനത്തിന്‍റെ  അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ  ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നു. ഇനി സിപിഎമ്മിന്‍റേയും കോൺഗ്രസിന്‍റേയും നിലപാട് കൂടി അറിഞ്ഞാൽ മതി. മതത്തിന്‍റെ  പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നൽകിയിരുന്നു.

മുസ്‌ലിം ലീഗാണ് കേരളത്തെ വെട്ടിമുറിക്കാനുള്ള നീക്കങ്ങൾക്ക് അണിയറയിൽ ചരട് വലിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായവരുടെ പാരമ്പര്യമാണ് മുസ്‌ലിം ലീഗ് ഇപ്പോഴും പേറുന്നത്. കേരളത്തിന് ഒരു മുസ്ലിം മുഖ്യമന്ത്രിയെ ലഭിക്കാനുള്ള സമ്മർദ്ദതന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മലബാറിനോടുള്ള മാറി മാറി ഭരിച്ച സർക്കാരുകളുടെ അവഗണനയ്ക്ക് മുസ്‌ലിം ലീഗും ഉത്തരവാദികളാണ്.

യുഡിഎഫ് മന്ത്രിസഭയിൽ എല്ലാ കാലത്തും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ലീഗായിരിന്നിട്ടും പ്ലസ് വൺ സീറ്റിലെ കുറവ് പരിഹരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മലബാറിനെതിരെയുള്ള അവഗണനയ്ക്കെതിരെയുള്ള സമരത്തിന്‍റെ  പേരിൽ മത അജണ്ട തിരുകി കയറ്റാൻ അനുവദിക്കില്ല.  മതമൗലികവാദികളുടെ നീക്കങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.