അറഫ: കൊടും ചൂടിനെ ലഘൂകരിക്കാൻ, ഏറ്റവും പുതിയ ഗ്രൗണ്ട്-കൂളിങ് സാങ്കേതികവിദ്യകളാണ് ഹജ് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയിരുന്നത്.
അഗ്നി പ്രതിരോധശേഷിയുള്ളതും ചൂട് പ്രതിരോധിക്കുന്നതുമായ ടെൻ്റ് മെറ്റീരിയലുകൾ, ആധുനിക എയർ കണ്ടീഷനിങ് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് സമഗ്രമായ ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ തീർത്ഥാടകർക്ക് ആശ്വാസം നൽകുന്നതിനായി വിവിധ പ്രദേശങ്ങളിൽ സ്പ്രേ നോസിലുകളും വിന്യസിച്ചിട്ടുണ്ട്. തീർഥാടകർ ഉപയോഗിക്കുന്ന പാതകൾ താപനില കുറയ്ക്കുന്നതിനും തണുപ്പിക്കൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള സംഘാടകരുടെ സംരംഭമാണിത്.
പ്രതലങ്ങളിലെ വൈറ്റ് കോട്ടിങ് സാങ്കേതികത അവയുടെ താപനില ഏകദേശം 20 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുന്നു. 600,000-ത്തിലധികം വരുന്ന പച്ച “വേപ്പ്” മരങ്ങൾക്ക് പേരുകേട്ടതാണ് അറഫാത്ത് സമതലം. ഈ മരങ്ങൾ, എയർകണ്ടീഷൻ ചെയ്ത കൂടാരങ്ങളുമായി ചേർന്ന്, ദുൽ ഹിജ 9-ന് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ തങ്ങുന്ന തീർത്ഥാടകർക്ക് താപനില കുറയ്ക്കാനും തണുത്ത അന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചു.
കഴിഞ്ഞ വർഷം ജമറാത്തിലേക്കുള്ള കാൽനട പാതകളിലെ താപനില 12 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കുന്നതിൽ വിജയം കണ്ടിരുന്നതായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് അതിൻ്റെ ഔദ്യോഗിക വക്താവ് അബ്ദുൽ അസീസ് അൽ ഒതൈബി പ്രസ്താവിച്ചു
തീർഥാടകർ അനുഭവിക്കുന്ന ചൂട് നിയന്ത്രിക്കാൻ സൗദി അറേബ്യ ഹജിൻ്റെ എല്ലാ ഘട്ടങ്ങളും സൂക്ഷ്മമായി പഠിക്കുന്നു. ടെൻ്റുകളുടെ അകത്തും പുറത്തുമുള്ള താപനില അളക്കുന്നതും കാറ്റിൻ്റെ വേഗതയും ഈർപ്പത്തിൻ്റെ അളവും വർഷം തോറും നിരീക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നാഷനൽ സെൻ്റർ ഫോർ മെറ്റീരിയോളജിയുടെ നേതൃത്വത്തിലുള്ള ഈ ശ്രമങ്ങൾ ആശുപത്രിയിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും പോകുന്നത് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.