എഴുത്തുകാരനായ രിള് വാൻ അബുബക്കർ ആക്കോടിന്റെ ഒരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കുറിപ്പ് താഴെ വായിക്കാം.
“വൈകീട്ട് ചായ കുടിക്കുമ്പോഴാണ് അഷ്കര്‍ സഅദി സംഭവമെന്നോട് പറയുന്നത്. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലെ അസിസ്റ്റന്റ് ഇമാമാണദ്ദേഹം. ഇന്നലെ രാത്രി അദ്ദേഹം ഓമശ്ശേരി പുത്തൂരില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലുള്ള കൊയിലാട്ടിലേക്ക് ഒരു യാത്ര പോയി. ഭാര്യയും കൂടെയുണ്ട്. മകന്‍ അവിടെ പള്ളി ദര്‍സിലാണ് പഠിക്കുന്നത്. മകനെ കണ്ട് തിരിക്കുമ്പോള്‍ സമയം രാത്രി ഒമ്പതിനോടടുത്തിട്ടുണ്ട്. കൂടാതെ, രാത്രിയുടെ ഇരുട്ടിന് മഴയുടെ അകമ്പടിയും. പെട്ടെന്ന് വണ്ടി ചെറിയൊരു ഗട്ടറില്‍ ചാടി, ടയര്‍ പഞ്ചറായി.
രാത്രി, മഴ, ഒറ്റപ്പെട്ടതും പരിചയമില്ലാത്തതുമായ ദേശം സഅദിയുടെ ഉള്ളില്‍ ഭയം പതിയെ നാമ്പെടുത്തു. ഒറ്റക്കാണെങ്കില്‍ വല്ല മാര്‍ഗവും കാണാമായിരുന്നു. കൂടെ ഭാര്യയുണ്ട്. അവരാണെങ്കില്‍ ഗര്‍ഭിണിയും. അല്‍പ്പ സമയത്തെ ആലോചനക്ക് ശേഷം രണ്ടു പേരും കുറച്ച് ദൂരം നടക്കാന്‍ തീരുമാനിച്ചു. വണ്ടിയിലുള്ള കുടയും പിടിച്ച് ഭാര്യ മുന്നിലും സഅദി പിറകിലും. ഏകദേശം ഒരു കിലോമീറ്ററിനടുത്തായി ആ സഞ്ചാരം നീണ്ടു.
പുത്തൂരെത്തിയപ്പോള്‍ അവിടെ ചെറിയ വെളിച്ചവും ആള്‍ക്കൂട്ടവുമെല്ലാം കണ്ടു. ആശ്വാസത്തില്‍ പഞ്ചര്‍ വര്‍ക്ക് ചെയ്യുന്ന കടയന്വേഷിച്ചു. പക്ഷെ, നിരാശയായിരുന്നു മറുപടി. വാച്ചിലേക്ക് നോക്കി
‘സമയം ഇത്രയായീലേ…എല്ലാരും പൂട്ടിയിരിക്കും’ ചോദിച്ചവരുടെയെല്ലാം മറുപടിയിതായിരുന്നു.
‘നിങ്ങള്‍ ഓമശ്ശേരിയൊന്ന് പോയി നോക്കൂ, അവിടെ ഒരു കടയുണ്ട്. സാധാരണ അവര് നേരം വൈകിയാണ് അടക്കാറ്. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ തുറന്നിട്ടുണ്ടാവും…’ ഒരോട്ടൊ ഡ്രൈവര്‍ പറഞ്ഞു.
സാഹചര്യങ്ങളാണ് നമ്മുടെ മുന്‍ഗണനകളും ആവശ്യങ്ങളും നിര്‍ണയിക്കുക. ഭാര്യയോട് ‘നീ ഇവിടെ നില്‍ക്ക് ഞാന്‍ ഓമശ്ശേരി പോയിട്ട് പെട്ടെന്ന് വരാം’ എന്നും പറഞ്ഞ് അവരെ പുത്തൂരാക്കി, പഞ്ചറായ ബൈക്കില്‍ സഅദി പതുക്കെ ഓമശ്ശേരിയിലേക്ക് വിട്ടു. പ്രതീക്ഷയോടെയാണ് ഓമശ്ശേരിയിലെത്തിയെതെങ്കിലും ഭാഗ്യം കൂടെയുണ്ടായിരുന്നില്ല. കടയടച്ചിരുന്നു.
ഇനിയെന്ത് ചെയ്യുമെന്ന് ആശങ്ക കൂടുതല്‍ ശക്തിപ്പെട്ടു. ഭാര്യ പുത്തൂര് തനിച്ചാണ്. രാത്രിയാണ്, മഴ ശക്തിപ്പെടുന്നുണ്ട്. എന്താണ് പ്രശ്നമെന്നന്വേഷിച്ചു വന്ന ഒന്നു രണ്ട് പേരോട് കാര്യം പറഞ്ഞെങ്കിലും ‘ ഈ കടയാണ് ഇവിടെ അവസാനം അടക്കാറ്, ഇനിയിപ്പൊ എന്തു ചെയ്യും’ എന്നു പറഞ്ഞ് കൈ മലര്‍ത്തി അവര്‍ അവരുടെ ലക്ഷ്യം പിടിച്ചു.
‘ എന്താ പ്രശ്നം…?’
നിസഹായനായി നില്‍ക്കുന്ന സഅദിയുടെ പുറകില്‍ സ്കൂട്ടിയില്‍ ഒരു ചെറുപ്പക്കാരന്‍ വന്നു നിര്‍ത്തി ചോദിച്ചു. സഅദി വീണ്ടും കാര്യങ്ങള്‍ വിശദീകരിച്ചു. അയാള്‍ ഒരു നിമിഷം ആലോചിച്ചു. കൂടെ ഭാര്യയുള്ള വിവരവും അവരെ പുത്തൂരിറക്കിയതും അപ്പോഴാണദ്ദേഹം പറഞ്ഞത്.
‘ കൂടെ ഭാര്യയുണ്ടോ…’ ചെറിയൊരു ഭാവമാറ്റത്തോടെ സ്കൂട്ടിയില്‍ നിന്നുമിറങ്ങിക്കൊണ്ടയാള്‍ ചോദിച്ചു. ‘അതെ’ സഅദി തലയാട്ടി.
‘ഇതാ ചാവി, നിങ്ങള് വേഗം അവരെ കൂട്ടി വരൂ… അവരെയവിടെ തനിച്ചാക്കണ്ട…’
അദ്ദേഹം തന്റെ വണ്ടിയുടെ ചാവി സഅദിക്ക് നേരെ നീട്ടി. ‘വേണ്ട, അവരവിടെ നിന്നോളും. ഇത് നന്നാക്കിയാല്‍ ഞാനവരെ കൂട്ടിക്കോളാം…’ സഅദി മറുപടി പറഞ്ഞു. പക്ഷെ, ആ ചെറുപ്പക്കാരന്‍ വീണ്ടും നിര്‍ബന്ധിച്ചു. നിര്‍ബന്ധത്തിന് വഴങ്ങി സഅദി അദ്ദേഹത്തിന്റെ സ്കൂട്ടിയുമായി ഭാര്യയെ കൂട്ടിവന്നു.
അപ്പോഴേക്കും ഈ ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരനെ വിളിച്ചിരുന്നു. തൊട്ടടുത്ത പമ്പിലേക്ക് വന്നാല്‍, പഞ്ചറൊട്ടിക്കുന്നതിന് പകരം ടയറുമാറ്റമെന്നവന്‍ ഏറ്റിട്ടുണ്ട്. അങ്ങനെ തീരുമാനിച്ചു. സഅദിയോടും ഭാര്യയോടും തന്റെ വാഹനത്തില്‍ കയറി പമ്പിലേക്ക് വരാന്‍ പറഞ്ഞു കൊണ്ട് ആ ചെറുപ്പകാരന്‍ സഅദിയുടെ വാഹനവുമായി പതുക്കെ മുമ്പില്‍ സഞ്ചരിച്ചു.
അയാള്‍ പമ്പില്‍ കൂട്ടുകാരനെ കാത്തിരിക്കുന്നതിനിടെ സഅദിയോട് അദ്ദേഹത്തിന്റെ നാടും ജോലിയുമെല്ലാം അന്വേഷിച്ചു. വീട് തിരൂരാണെന്നറിഞ്ഞപ്പോള്‍ ദൂരമാലോചിച്ച് വ്യാകുലപ്പെട്ടു. ‘ നിങ്ങളുടെ പേരെന്ത..?’ സഅദി തിരിച്ചു ചോദിച്ചു.
‘ഗോകുല്‍…’ അയാള്‍ മറുപടി പറഞ്ഞു. വീട്ടില്‍ അമ്മയും അച്ചനും മുണ്ട്. ഭാര്യ നഴ്സാണ്. അവള്‍ ഒരു ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. അവര്‍ക്ക് ഒരു കുട്ടിയുണ്ട് തുടങ്ങിയ വീട്ടു കാര്യങ്ങളെല്ലാം പരസ്പരം പങ്കുവെച്ചു.
‘നിങ്ങള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടോ…’ ഇടക്ക് ഗോകുലന്വേഷിച്ചു.
‘ ഇല്ല , ഞങ്ങള്‍ പോകും വഴി കഴിക്കാം..’ സഅദി പറഞ്ഞു. ‘ അതു പറ്റില്ല, ഇപ്പൊ തന്നെ സമയം, രാത്രി പത്തുമണി കഴിഞ്ഞു. അതാ അവിടെ ഒരു ഹോട്ടലുണ്ട്…അവിടെ പോയി ഭക്ഷണം കഴിക്കൂ..അപ്പോഴേക്കും ഞങ്ങളിത് റെഡിയാക്കാം..’ രാത്രി അടക്കാന്‍ സാധ്യതയില്ലാത്ത ഒന്നുരണ്ട് ഹോട്ടലുകളുടെ പേരും ലൊക്കേഷനും കണിച്ചു കൊണ്ട് തന്റെ സ്കൂട്ടിയും കൊടുത്ത് അദ്ദേഹം സഅദിയേയും ഭാര്യയേയും ഭക്ഷണം കഴിക്കാന്‍ പറഞ്ഞു വിട്ടു.
‘ അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ എന്നെ വിളിക്കണം…’ എന്നും പറഞ്ഞ് ഗോകുല്‍ തന്റെ നമ്പറും സഅദിക്ക് കൈമാറി.
ഭക്ഷണം കഴിച്ച് തിരിച്ചു വരുമ്പോള്‍ അവര്‍ അവസാന പണിയിലാണ്. ‘ബ്രേക്ക് ഇതു പോരെ ഗോകുലേ…’ ന്ന് മെക്കാനിക്കായ കൂട്ടുകാരന്‍ ചോദിക്കുന്നതും ‘ അത് പോരടാ, കുറച്ചൂടെ കൂട്ട്, അവര്‍ക്ക് തിരൂര് വരെ ഓടിക്കണ്ടേ..കുറെ ദൂരം പോവാനുള്ളതല്ലേ…’ യെന്ന് ഗോകുല് മറുപടി പറയുന്നതെനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. കൂടാതെ യാത്ര പറയാന്‍ നേരം ഗോകുല്‍ പറഞ്ഞു: സമയം വൈകി എന്നു കരുതി ധൃതി കൂട്ടി പോകരുത്. മഴയുള്ളതാണ്, പതുക്കെ ശ്രദ്ധിച്ചേ വാഹനമോടിക്കാവൂ.’ ഗോകുലിനെ ഉദ്ധരിച്ചു കൊണ്ടെ് അതെന്നോട് പറഞ്ഞപ്പോള്‍ സഅദിയുടെ ശബ്ദത്തിലെ ഇടര്‍ച്ച എനിക്ക് വ്യക്തമായി മനസിലാക്കമായിരുന്നു.
ഒരുപാട് സമയം അദ്ദേഹത്തിന്റെ വാഹനമോടിച്ചതിന് പ്രത്യുപകാരത്തിന്റെ സന്തോഷമായി ചെറിയൊരു തുക നല്‍കാന്‍ സഅദി തുനിഞ്ഞപ്പോള്‍ ഗോഗുല്‍ പറഞ്ഞു: ഹേയ്,ഇതൊന്നും വേണ്ട, ഇതൊക്കെ നമ്മള്‍ എല്ലാവര്‍ക്കും വരാവുന്ന സാഹചര്യമല്ലേ. ഇത്തരം സന്ദര്‍ഭങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം സാഹായിക്കുക’
രാത്രി ഒന്നര കഴിഞ്ഞിട്ടുണ്ട് സഅദി തിരികെ തിരൂരിലെ വീട്ടിലെത്തുമ്പോള്‍. വീട്ടിലെത്തിയ ഉടനെ അദ്ദേഹം സന്തോഷം പറഞ്ഞു ഗോഗുലിന് മെസ്സേജയച്ചു. ‘സുരക്ഷിതരായി എത്തിയില്ലേ’യെന്ന് അവന്‍ തിരികെ റിപ്ലെ ചെയ്തു. ചുറ്റിലും മതവും ജാതിയും വര്‍ഗീയതയും തിരക്കുമെല്ലാം നമ്മള്‍ മനുഷ്യരെ നമ്മളല്ലാതാക്കി കൊണ്ടിരിക്കുന്ന കാലമാണിത്. അതുകൊണ്ടാണ് ഇതെവിടെങ്കിലും കുറിക്കണമെന്നും നിങ്ങളത് ചെയ്യണമെന്നും ഞാന്‍ പറയുന്നത്. അങ്ങനെ പറഞ്ഞു കൊണ്ടാണ് സഅദി ഞാനുമായുള്ള സംസാരമവസാനിപ്പിച്ചത്.
തൊപ്പിയും കന്തൂറയുമിട്ട് നില്‍ക്കുന്ന മുസ്ലിയാരെ ഒരു മുന്‍പരിചയവുമില്ലാതെ, പാതിരാവില്‍ ഒരു ചെറുപ്പക്കാരന്‍ വന്ന് എന്തിനാണ് ഇത്രയും സാഹസപ്പെട്ട് സഹായിച്ചത്…? മനുഷ്യത്വം എന്നല്ലാതെ മറ്റെന്തു വാക്കുപയോഗിച്ചാണ് നാമതിനെ അഭിസംബോധന ചെയ്യേണ്ടത്?. നന്മയാണ് മനുഷ്യരുടെ സഹച സ്വഭാവം. എത്രയൊക്കെ നമ്മളെ പരസ്പരം തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാലും നമ്മിലെ നന്മയുടെ ഭാവം തന്നെ അവസാനം മികച്ചു നില്‍ക്കും.
ഗോകുല്‍, പ്രിയപ്പെട്ട സ്നേഹിതാ…നിങ്ങളുടെ കഥ കേട്ടിരുന്നപ്പോള്‍ വല്ലാത്ത അനുഭൂതിയുണ്ടായി. പ്രചോദനമുള്‍ക്കൊണ്ടു, ഈ സൗഹൃദം തകര്‍ക്കപ്പെടാതെ നമ്മളിനിയുമൊരുപാട് കാലം കൊച്ചു കേരളത്തിന്റെ ഈ സുന്ദര ഭൂമികയില്‍ അതിജയിച്ചു കൊണ്ടേയിരിക്കുമെന്നുറപ്പിച്ചു. സന്തോഷം, നാഥന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.”
അദേഹത്തിന്റെ ഫേസ്ബുക്ക് ലിങ്ക് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.