Saturday, 27 July - 2024

VIDEO | പള്ളിയിൽ നിന്ന് ചെരുപ്പ് മോഷ്ടിച്ച കേസിൽ പ്രവാസി പിടിയിൽ, നാട് കടത്തും

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ പ്രദേശത്തെ പള്ളിയിൽ നിന്ന് പാദരക്ഷകൾ മോഷ്ടിച്ച കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റുമായി ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തന്റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷാ സ്റ്റാന്‍ഡില്‍ നിന്ന് പുതിയ ഷൂസെടുത്ത് ധരിച്ച് യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ മസ്ജിദിലെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയാണ് പ്രതിയെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞത്. പ്രതി ഷൂസ് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളും അറസ്റ്റിലായ പ്രതിയുടെ ദൃശ്യങ്ങളും അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഇയാൾ നേരത്തെ ഒന്നിലേറെ മോഷണം, വിശ്വാസവഞ്ചനക്കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോട്ടോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ശിക്ഷ അനുഭവിച്ചശേഷം പ്രതിയെ കുവൈത്തിൽ നിന്ന് നാടുകടത്തും. പള്ളിയിലെ ഷൂ റാക്കിൽ നിന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. സംഭവം വ്യാപകമായ ജനരോഷത്തിന് കാരണമായി.

പള്ളിയിൽ നിന്ന് ചെരുപ്പ് മോഷ്ടിച്ച കേസിൽ പ്രവാസി പിടിയിൽ, മന്ത്രാലയം പുറത്ത് വിട്ട വീഡിയോ കാണാം 👇

ഫോട്ടോ: പള്ളിയിലെ ഷൂസ് റാക്കറ്റിൽ നിന്ന് ഷൂസുകൾ മോഷ്ടിക്കുന്ന പ്രതി.

Most Popular

error: