മനുഷ്യരായി വേഷം മാറി അന്യഗ്രഹജീവികൾ നമുക്കിടയിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? സിനിമാക്കഥയല്ലേ എന്ന് ചിരിച്ചുതള്ളേണ്ട കാര്യമില്ല. ഹാർവാഡ് സർവ്വകലാശാല തയ്യാറാക്കിയ ഗവേഷണപ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച പരാമർശമുള്ളത്.
അന്യഗ്രഹജീവികൾ അഗ്നിപർവ്വതമേഖലകളിലും ഭൗമാന്തർമേഖലകളിലും താമസിക്കുന്നുണ്ടെന്നാണ് ഫിലോസഫി ആൻഡ് കോസ്‌മോളജി എന്ന ശാസ്ത്രജേണലിന് നൽകിയിരിക്കുന്ന പ്രബന്ധം പറയുന്നത്. ഇത് ഉടൻ പ്രസിദ്ധീകരിക്കും. ഹാർവാഡിലെ ടിം ലോമസ്, ബ്രെൻഡൻ കേസ് എന്നീ ഗവേഷകരും മൊണ്ടാന സാങ്കേതിക സർവകലാശാലയിലെ മൈക്കൽ പോളുമാണ് ഈ പഠനത്തിനു പിന്നിലുള്ളത്.
ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ട്. അവ നമ്മളെ അനുകരിച്ച് നമ്മളുമായി ഇടകലർന്നു ജീവിക്കുന്നത് തിരിച്ചറിയാനാവില്ലെന്നും ഈ സങ്കൽപം പറയുന്നു.
അന്യഗ്രഹജീവികൾ ഭൂമിയുടെ ഗതിയും മനുഷ്യജീവിതവും തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി വിടുകയാണെന്നു കരുതുന്നവരുമുണ്ട്. ഈ സാധ്യത ഗവേഷണപ്രബന്ധം തള്ളിക്കളയുന്നില്ല. ഇങ്ങനെ വേഷം മാറി കഴിയുന്ന അന്യഗ്രഹജീവികളെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിലുള്ള, തിരിച്ചറിയാനാകാത്ത പേടകങ്ങളെന്ന് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദിമകാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചിരുന്നു. എന്നാൽ പ്രളയമടക്കമുള്ള പ്രകൃതിദുരന്തത്തിൽപെട്ട് അവരുടെ സംസ്‌കാരം നശിച്ചു. പക്ഷേ, ഈ ജീവിവർഗം പൂർണമായി നശിച്ചില്ല. ഇവർ അഗ്നിപർവതങ്ങളിലും സമുദ്രത്തിലുമൊക്കെയായി താമസം ഉറപ്പിച്ചു.
മനുഷ്യരുടെ രൂപം ഇല്ലാത്ത ക്രിപ്റ്റോകളുമുണ്ട്. ഇവർ ഉരഗങ്ങളോ അല്ലെങ്കിൽ ആൾക്കുരങ്ങുകളോട് സാമ്യമുള്ളവരോ ആണ്. മെക്‌സിക്കോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവ ഇവരുടെ താവളങ്ങളാണ്. ഇവിടങ്ങളിൽ അന്യഗ്രഹപേടകങ്ങളുടെ (യുഎഫ്ഒ) സാന്നിധ്യം കൂടുതൽ ദൃശ്യമാകുന്നതിന് കാരണവും ഇതാകാമെന്നും പ്രബന്ധത്തിൽ പറയുന്നു.
ഭൂമിയിൽ മാത്രമല്ല ചന്ദ്രനിലും അന്യഗ്രഹജീവികളുണ്ടെന്ന സംശയം പ്രബന്ധത്തിലൂടെ ഗവേഷകർ പ്രകടിപ്പിക്കുന്നു. സാധ്യതകൾ മാത്രമാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നും ഇതു സത്യമാകണമെന്ന് നിർബന്ധമില്ലെന്നും മുൻകൂർ പറഞ്ഞുകൊണ്ടാണ് പ്രബന്ധം ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള ക്രിപ്‌റ്റോ ടെറസ്ട്രിയൽസ് ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം മാത്രമാണെന്നും ഇവർ പറയുന്നു.