Saturday, 14 December - 2024

ഉപദേശിക്കാൻ വന്നയാളെ മൂക്കിനിടിച്ച് പരുക്കേൽപിച്ച് സഹയാത്രികൻ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം

നെടുമ്പാശേരി: ഉപദേശിക്കാൻ വന്നയാളെ മൂക്കിനിടിച്ച് പരുക്കേൽപിച്ച് സഹയാത്രികൻ. ഇന്നലെ പുലർച്ചെ 2ന് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. 

വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്യുകയാണെന്ന് അനൗൺസ്മെന്റ് വന്നതോടെ കോട്ടയം സ്വദേശി വിശാൽ സമീപത്തിരുന്ന യാത്രക്കാരനോട് സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ചെങ്കിലും അനുസരിച്ചില്ല.

പുറത്ത് ശക്തമായ മഴയുണ്ടെന്നും സീറ്റ് ബെൽറ്റിടുന്നതാണ് ലാൻഡിങ് സമയത്ത് സുരക്ഷിതമെന്നും ഒരിക്കൽക്കൂടി ഉപദേശിച്ചത് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സ്വദേശിയായ സഹയാത്രികൻ അനിൽ തോമസിന് പിടിച്ചില്ല. പ്രകോപിതനായ ഇയാൾ വിശാലിന്റെ മൂക്കിന് ഇടിച്ചു. വിശാലിന് സാരമായി പരുക്കേറ്റു.

ഇതു കണ്ട കാബിൻ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്തപ്പോൾ വിമാനത്താവള സുരക്ഷാ വിഭാഗമായ സിഐഎസ്എഫ് എത്തി അനിലിനെ വിമാനത്തിൽ നിന്ന് പിടികൂടി. തുടർന്ന് നെടുമ്പാശേരി പൊലീസിന് കൈമാറി. ഇരുവരെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പരാതി ഇല്ലെന്ന് വിശാൽ എഴുതി നൽകിയതോടെ പൊലീസ് അനിൽ തോമസിനെ വിട്ടയച്ചു.

Most Popular

error: