Saturday, 27 July - 2024

ബി.ജെ.പിക്ക് മുന്നിൽ കൂടുതൽ ആവശ്യങ്ങളുമായി ജെ.ഡി.യുവും ടി.ഡി.പിയും; ‘അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കണം’: ജെ.ഡി.യു

ന്യൂഡൽഹി: ബി.ജെ.പിക്ക് മുന്നിൽ കൂടുതൽ ആവശ്യങ്ങളുമായി ജെ.ഡി.യുവും ടി.ഡി.പിയും. സൈന്യത്തിൽ നടപ്പാക്കിയ അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടതായാണ് വിവരം.

നാല് വർഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണിത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. അഗ്നിവീർ പദ്ധതി ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി ജെ.ഡി.യു അറിയിച്ചിട്ടുണ്ട്. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് തുടങ്ങിയവക്ക് പിന്തുണ അറിയിച്ചതായും വിവരമുണ്ട്.

ചർച്ചക്കായി ജെ.ഡി.യു നേതാക്കാൾ നിതീഷ് കുമാറിന്റെ വസതിയിലെത്തിയിട്ടുണ്ട്. എൻ.ഡി.എയുടെ യോഗം ചേരുന്നതിന് മുമ്പായിട്ടാണ് ജെ.ഡി.യു പ്രത്യേക യോഗം വിളിച്ചുചേർത്തത്. റെയിൽവേയടക്കമുള്ള സുപ്രധാന വകുപ്പുകൾ ജെ.ഡി.യു ലക്ഷ്യമിടുന്നുണ്ട്. കൂടാതെ പൊതു മിനിമം പരിപാടി വേണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു.

ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പിയും ബി.ജെ.പിക്ക് മുന്നിൽ ഉപാധികൾ വെച്ചിട്ടുണ്ട്. ലോക്സഭാ സ്പീക്കർ സ്ഥാനവും ഗതാഗത വകുപ്പ്, ഗ്രാമീണ വികസനം, ആരോഗ്യം, കൃഷി, ഇൻഫർമേഷൻ ടെക്നോളജി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ചന്ദ്രബാബു നായിഡുവും ടി.ഡി.പി എം.പിമാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

മന്ത്രിസ്ഥാനം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിൽ യോഗം ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി സംഘടന തലത്തിൽ ചർച്ചയായിട്ടുണ്ട്. മന്ത്രിസഭയിലേക്ക് ഇല്ലെങ്കിൽ പാർട്ടി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ മടങ്ങി എത്തുമെന്നാണ് സൂചന. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നിർമ്മല സീതാരാമൻ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്.

ആഭ്യന്തരമന്ത്രി സ്ഥാനത്തേക്ക് രാജ്നാഥ് സിംഗിന്റെ പേരാണുള്ളത്. തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിൽ സംഘടനാ തലത്തിലും പുനഃസംഘടന ഉണ്ടായേക്കും. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടുപോവുകയാണ് ബി.ജെ.പി.

Most Popular

error: