ജിദ്ദ: റിയാദിൽ നടന്ന കിങ്‌സ് കപ്പ് ഫൈനലിൽ അൽ നസ് റിനെ തോൽപ്പിച്ച് അൽ ഹിലാൽ കപ്പിൽ മുത്തമിട്ടു.ഏഴാം മിനുട്ടിൽ മിട്രോവിച്ച് ഹിലാലിനു വേണ്ടി ഗോൾ നേടിയപ്പോൾ 88 ആം മിനുട്ടിൽ അയ്മൻ യഹ്യയിലൂടെ അൽ നസ്ർ ഗോൾ മടക്കിയതോടെ കളി എക്‌സ്ട്രാ ടൈമിലേക്കും തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കേ ക്രിസ്റ്റ്യാനോക്ക് ലഭിച്ച അവസരം പാഴാക്കി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ സാന്നിദ്ധ്യത്തിൽ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ഹിലാൽ കിരീടം ഉയർത്തിയത്.
അൽ നസ്ർ ഗോൾ കീപ്പറും രണ്ട് ഹിലാൽ കളിക്കാരും ചുവപ്പ് കാർഡ് കണ്ട മത്സരത്തിന്റെ അവസാനം ഫൈനലിൽ പരാജയപ്പെട്ടതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ കരഞ്ഞുകൊണ്ട് മൈതാനം വിട്ടത് ആരാധകരെയും കണ്ണീരിലാഴ്ത്തി.
2023 ജനുവരിയിൽ അൽ നസർ എഫ്സിയിൽ ചേർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കിരീടമാണ് ടീമിനൊപ്പം നേടിയത്. കഴിഞ്ഞ വർഷം നടന്ന അറബ് ക്ലബ്ബ് ചാംപ്യൻസ് കപ്പിലായിരുന്നു ഇത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ അടിച്ച് തിളങ്ങിയ ഫൈനലിൽ അൽ ഹിലാലിനെയായിരുന്നു അൽ അലാമി എന്നറിയപ്പെടുന്ന അൽ നസർ വീഴ്ത്തിയത്.





