Thursday, 10 October - 2024

ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ സിപിഐഎം വിരോധവും ലീഗ് പ്രേമവും: കെ ടി ജലീൽ

മലപ്പുറം: മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്കെതിരെ വിമർശനവുമായി കെടി ജലീൽ എംഎല്‍എ. ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ സിപിഐഎം വിരോധവും ലീഗ് പ്രേമവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

സുപ്രഭാതത്തിൽ വേലി തന്നെ വിള തിന്നുകയാണ്. യുഡിഎഫിലെ നിരീശ്വരവാദികളെ നദ്‌വി എന്തുകൊണ്ട് വിമർശിക്കുന്നില്ലെന്ന് ചോദിച്ച ജലീൽ യുഡിഎഫ് നേതാക്കളെ തക്ബീർ ചൊല്ലി പിന്തുണച്ചപ്പോൾ എതിർത്തില്ലെന്നും ആരോപിച്ചു.

‘സുപ്രഭാതത്തിന്റെ ചീഫ് എഡിറ്റർ സ്ഥാനത്തിരുന്ന് അതിനെ കൊല്ലാൻ ശ്രമിക്കുന്നത് ജൂതാസിനെപ്പോലും നാണിപ്പിക്കും. നദ്‌വി ചന്ദ്രികയുടെ ചീഫ് എഡിറ്റർ ആവുന്നതാണ് നല്ലത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നദ്‌വി കപ്പലിൽ വെള്ളമില്ലാതായപ്പോൾ താഴത്തെ നിലയിൽ ഓട്ടയുണ്ടാക്കി പ്രശ്നം പരിഹരിച്ച “തൊരപ്പന്റെ” പണിയാണ് എടുക്കുന്നത്’, കെടി ജലീൽ കുറിച്ചു.

അതേസമയം, നേതൃത്വത്തിനെ രൂക്ഷമായിവിമര്‍ശിച്ച ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് സമസ്ത കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സമസ്ത നേതാക്കൾക്കും, സുപ്രഭാതം പത്രത്തിനുമെതിരെയുള്ള പ്രസ്താവനയിലാണ് നടപടി. 48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നിർദ്ദേശം.

റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ബഹാഉദ്ദീന്‍ നദ്‌വി സമസ്ത നേതൃത്വത്തേയും സുപ്രഭാതത്തേയും വിമർശിച്ചത്. മത നിഷേധികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്ത. അടുത്ത കാലത്തായി അതിനു മാറ്റങ്ങള്‍ വന്നു.

സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങ് അതിന് തെളിവാണെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തത് ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം.

നിരീശ്വരവാദിയായ ഒരാള്‍ക്ക് തക്ബീര്‍ ചൊല്ലി പിന്തുണ നല്‍കുന്നത് ബുദ്ധിശൂന്യമാണെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞിരുന്നു. സുപ്രഭാതത്തിന് മാര്‍ഗഭ്രംശം സംഭവിച്ചതു കൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രഭാതത്തിനകത്ത് കുറച്ചുകാലമായി പ്രഖ്യാപിത രീതിയില്‍ നിന്നും ചെറിയ രീതിയില്‍ മാര്‍ഗഭ്രംശം സംഭവിച്ചിട്ടുണ്ട്. അത് ശരിയാക്കി എടുക്കേണ്ടതുണ്ട്. വ്യക്തത വരുത്തിയ ശേഷം സഹകരിക്കാമെന്ന നിലപാടിലാണ്. മനഃപൂര്‍വ്വം മാറി നിന്നതാണ്.

മുസ്ലിം ലീഗ് നേതാക്കള്‍ ചടങ്ങില്‍ നിന്നും പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ല. ജിഫ്രി തങ്ങള്‍ അടക്കം പങ്കെടുത്തവര്‍ നിലവിലെ നിലപാടുമായി യോജിച്ചുവരുന്നവരായിരിക്കാം. സമസ്തയിലെ പൂര്‍വികരുടെ നിലപാടുകള്‍ മറക്കരുത്. വ്യക്തിപരമായ കാഴ്ച്ചപ്പാടുകള്‍ക്കോ, താല്‍പ്പര്യങ്ങള്‍ക്കോ സമസ്തയില്‍ പ്രസക്തിയില്ല.

സമസ്ത നേതൃത്വം മാറേണ്ട, നയങ്ങള്‍ മാറ്റിയാല്‍ മതി. പരസ്പരം സമരസപ്പെട്ടായിരുന്നു മുസ്ലിം ലീഗും സമസ്തയും മുന്നോട്ട് പോയത് സംഘടിതനീക്കങ്ങളിലൂടെ മാത്രമേ അധികാരികളുമായി ഇടപെടാന്‍ സാധിക്കു. സഹസഞ്ചാരമാണ് സമൂഹത്തിന് ആവശ്യമെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.

Most Popular

error: