Saturday, 27 July - 2024

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അപകടത്തില്‍പ്പെട്ട അവശിഷിട്ങ്ങള്‍ രാവിലെ കണ്ടെത്തിയിരുന്നു.

കൂടതെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തി. വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു.

മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു. അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്.

കടുത്ത തണുപ്പുള്ള പ്രദേശത്താണ് അപകടം നടന്നത്. അണക്കെട്ട് ഉദ്ഘാടനത്തിനായാണ് ഇറാന്‍ പ്രസിഡന്റ് അസര്‍ബൈജാനിലെത്തിയത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവിനൊപ്പമാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. അസര്‍ബൈജാനും ഇറാനും ചേര്‍ന്ന് അരാസ് നദിയില്‍ നിര്‍മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടനമായിരുന്നു നടന്നത്.

മെയ് 19നായിരുന്നു റെയ്‌സി അസര്‍ബൈജാനിലെത്തിയത്. നേരത്തെ 2023 ടെഹ്റാനിലെ അസര്‍ബൈജാന്‍ എംബസിക്ക് നേരെയുണ്ടായ വെടിവെയ്പ്പും ഇറാന്റെ ഷിയാനേതൃത്വം പ്രധാന ശത്രുവായി കാണുന്ന ഇസ്രായേലുമായുള്ള അസര്‍ബൈജാനിന്റെ നയതന്ത്ര ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്‌സിയുടെ അസര്‍ബൈജാന്‍ സന്ദര്‍ശനം.

Most Popular

error: