ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എമാരായ എ.പി. അനിൽകുമാർ, അഡ്വ.ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ റായ്ബറേലിയിൽ എത്തി.
മണ്ഡലത്തിലെ ലാൽഗഞ്ച്, ശരേണി, ഗുരുപക്ഷ്കെഞ്ച് തുടങ്ങിയ ഇടങ്ങളിൽ സന്ദർശിച്ച എം.എൽ.എമാർ വിവിധ പരിപാടികളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു.
ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള പ്രയാണത്തിൽ രാഹുൽ ഗാന്ധിയുടെ റായ്ബറേയിലെ സ്ഥാനാർഥിത്വം ഏറെ ശക്തിപകർന്ന ഒന്നാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു.
18 വരെ സംഘം റായ്ബറേലിയിൽ ഉണ്ടാകും. കോൺഗ്രസ് ഉരുക്കുകോട്ടയായ റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഹിന്ദി ഹൃദയമേഖലകളിൽ വലിയ സ്വാധീനം ഉണ്ടാക്കിയെന്നും രാഹുൽ ഗാന്ധിയുടെ വയനാട് ഇലക്ഷൻ കമ്മിറ്റി കൺവീനർ എ.പി. അനിൽകുമാർ പറഞ്ഞു.