Saturday, 27 July - 2024

ഡയാലിസിസ് സെൻട്രലിന്റെ ഫ്യൂസ് ഊരി രോഗികളോട് ക്രൂരത കാണിച്ചു കെ എസ് ഇ ബി; പ്രതിഷേധം ഉയർന്നതോടെ കണക്‌ഷൻ പുനഃസ്ഥാപിച്ചു

ആലുവ: പെരുമ്പാവൂരിൽ ഡയാലിസിസ് സെൻട്രലിന്റെ ഫ്യൂസ് ഊരി രോഗികളോട് ക്രൂരത കാണിച്ചു കെ എസ് ഇ ബി. നാല്പതോളം രോഗികളെ ഡയാലീസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് കെഎസ്ഇബി ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരിയത്. വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ചു. എങ്കിലും രണ്ട് മണിക്കൂർ സെൻട്രലിന്റെ പ്രവർത്തനം നിശ്ചലമായി. അല്ലപ്ര കൊയ്‌നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണു സംഭവം. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ളതാണ് ഈ സെന്റർ.

ഇന്നലെ രാവിലെ രോഗികൾക്കു സൗജന്യ നിരക്കിൽ ഡയാലിസിസ് നടത്തുന്നതിനിടെയാണു കെഎസ്ഇബി. ലൈൻമാനെത്തി ഫ്യൂസ് ഊരിയത്. ഇൻവെർട്ടർ സംവിധാനം ഉപയോഗിച്ച് കൂടുതൽ സമയം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ജനറേറ്റർ തകരാറിലുമായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെഎസ്ഇബി ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും ബിൽ തുക അടചാൽ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.

എംഎൽഎ അടക്കമുള്ളവർ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, വാർഡ് മെമ്പർ പി.പി.എൽദോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഉൾപ്പെടെ വെങ്ങോല കെഎസ്ഇബി ഓഫിസിലെത്തി ഉപരോധം ആരംഭിച്ചതോടെയാണ് 11 മണിയോടെ ഓവർസിയറെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

Most Popular

error: