Saturday, 27 July - 2024

ഡൽഹിയിലെയും നോയിഡയിലെയും അമ്പതിലധികം സ്കൂളുകളില്‍ ബോംബ് ഭീഷണി

ന്യൂ‍ഡൽഹി: ഡൽഹിയിലെയും നോയിഡയിലെയും അമ്പതിലധികം സ്കൂളുകളില്‍ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ നാലു മണിയോടെ ആദ്യം ഭീഷണി സന്ദേശമെത്തിയത്. അതിനുശേഷം അമ്പതോളം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചിട്ടുണ്ട്. സ്കൂളുകളില്‍നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു.

ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തിരച്ചിലിൽ സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. മദർ മേരി സ്കൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ബോബ് ഭീഷണി എത്തിയത്. ഇതിനെത്തുടർന്നു പരീക്ഷ പാതിവഴിയിൽ നിർത്തേണ്ടിവന്നു. മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു. ഭീഷണികൾക്കെല്ലാം കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ആർകെ പുരത്തെ ഒരു സ്കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു.

‘‘ബോംബ് ഭീഷണിയുള്ള സ്‌കൂളുകളിൽ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. രക്ഷിതാക്കൾ പരിഭ്രാന്തരാകരുത്.’’– ഡൽഹി പൊലീസ് വക്താവ് സുമൻ നാൽവ പറഞ്ഞു. ഭീഷണി സന്ദേശമടങ്ങിയ ഇമെയിലിന്റെ ഐപി വിലാസം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ആരാണ് ഇമെയിൽ അയച്ചതെന്നും എവിടെ നിന്നാണ് അയച്ചതെന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു. വ്യാജ ഭീഷണിയാണെന്നാണ് പ്രാഥമിക നിഗമനം.

Most Popular

error: