Saturday, 27 July - 2024

ബി ജെ പിയിൽ പോകാൻ താല്പര്യമുള്ളവർക്ക് സിപിഎമ്മിൽ തുടരാം; കെ.എൻ.എ ഖാദർ

ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറും ചർച്ച നടത്തിയതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും 2026 തെരഞ്ഞെടുപ്പിലും സി.പി.എമ്മിനെ അധികാരത്തിലേറ്റാൻ ബി.ജെ.പി സഹായിക്കുമെന്ന് ഉറപ്പാണെന്നും ലീഗ് നേതാവ് കെ.എൻ.എ ഖാദർ. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഖാദർ ഇക്കാര്യം പറഞ്ഞത്.

ജയരാജൻ-ജാവദേക്കർ ചർച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താവ് പിണറായി വിജയൻ തന്നെയാണെന്നും ഖാദർ പറഞ്ഞു. ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയ പാർട്ടി നേതാക്കളെ പുറത്താക്കി തുടങ്ങിയാൽ ആ പാർട്ടിയിൽ ദേശീയ സംസ്ഥാന തലങ്ങളിൽ എത്ര നേതാക്കൾ ബാക്കിയാകുമെന്നും ഖാദർ ചോദിച്ചു. ബിജെപിയുടെ ഉന്നതരായ നിരവധി നേതാക്കളെ സി.പി.എം നേതാക്കൾ കണ്ടിട്ടുണ്ട്.ജാവദേക്കർ അക്കൂട്ടത്തിൽ വെറും ശിശു.

ഈയടുത്ത് കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളെയും തങ്ങൾ കണ്ടു രഹസ്യമായി സംസാരിച്ചു വെന്ന് ആർഎസ്സ്എസ്സ് നേതാക്കൾ പരസ്യമായി പ്രസ്താവിച്ചിരുന്നു. അന്ന് ആർഎസ്സ് എസ്സ് നേതാക്കൾ പാർട്ടികളുടെ പേരുകൾ പറഞ്ഞിരുന്നു. മരണമടഞ്ഞു പോയ സിപിഎം ദേശീയ നേതാക്കൾ സുർജിത് ഇഎംഎസ്സ് തുടങ്ങി എത്രയോ പേർ ജനസംഘം മുന്നണിയുടെ കോഡിനേഷൻ കമ്മറ്റിയിൽ ചേർന്നു പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇൻഡ്യാ മുന്നണിയുടെ കോഡിനേഷൻ കമ്മറ്റിയിൽ നിന്നു വിട്ടു നിൽക്കുകയാണ്..

കേരളത്തിലെ തല മുതിർന്ന സിപിഎം നേതാക്കൾ അനേകം ബിജെപി ആർഎസ്സ്എസ്സ് ജനസംഘം ബന്ധങ്ങൾകൊണ്ട് നടന്നിരുന്നു തിരഞ്ഞെടുപ്പിൽ അവർ തമ്മിൽ തമ്മിൽ വോട്ടു കൊടുത്തും വാങ്ങിയും തന്നെയാണ് സിപിഎം ഇതു വരെ ജയിച്ചും ഭരിച്ചും പോന്നത്. 2021ൽ പോലും അനേകം മണ്ഡലങ്ങളിൽ ഈ കച്ചവടം നടന്നു.

ആ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ച ഗുരുവായൂരിലും ബിജെപി വോട്ടുകൾ സിപിഎം വാങ്ങി. ബിജെപിക്ക് 25000 വോട്ടുകൾ അസംബ്ലിയിലും 33000 വോട്ടുകൾ പാർലിമെന്റിലും കിട്ടിയിരുന്നു. അതിൽ 2021ൽ വെറും 6000 വോട്ടുകൾ ഒഴികെ ബാക്കിയെല്ലാം സിപിഎമ്മിനു കൊടുത്തു.ഉന്നതന്മാരുടെ ധാരണയനുസരിച്ച് ബിജെപിയുടെ പ്രഗത്ഭ സാഥാനാർഥിയുടെ നോമിനേഷൻ ഉദ്യോഗസ്ഥരെക്കൊണ്ട് തള്ളിച്ചാണ് പണി തുടങ്ങിയത്. മുഴുവൻ വോട്ടുകളും ബിജെപി പോൾ ചെയ്തിരുന്നു.

ബിജെപി നേതാക്കളും മുഖ്യമന്ത്രിയും ഉൾപ്പെടെ ഈ രണ്ടു പാർട്ടികളുടെയും നേതാക്കൾ ഒരുമിച്ചിരുന്നു ചർച്ചകൾ നടത്തിയിരിക്കാം. ചരിത്രം ചികഞ്ഞുപോയാൽ എല്ലാം വെളിച്ചത്തു വരും. ഇപ്പോഴും ഇതു തുടരുന്നു.

ടിപിചന്ദ്രശേഖരൻ പാർട്ടി വിട്ടു മറ്റൊരു കമ്മ്യൃണിസ്റ്റ് പാർട്ടിയുണ്ടാക്കി. അത് കൊണ്ട് അമ്പത്തി ഒന്നു വെട്ടു വെട്ടി ജീവൻ പോയിട്ടും വെട്ടി വെടിപ്പാക്കി പ്രതികാരം തീർത്തു. മരണ ശേഷവും ആക്ഷേപം തുടരുന്നു.അദ്ദേഹം ബിജെപിയിൽ പോയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ല.അൽഫോൻസ് കണ്ണന്താനം സിപിഎം വിട്ടു ബിജെപിയിൽ പോയി കേന്ദ്ര മന്ത്രിയായി. തിരിച്ചു വന്നു മുഖ്യമന്ത്രി അദ്ദേഹത്തിനു സമുചിതമായ സ്വീകരണം തലസ്ഥാന നഗരിയിൽ ഒരുക്കി. ഗഗൻ മുർമു സിപിഎം എംഎല്‍എ ബിജെപിയിൽ പോയി മത്സരിച്ചു എംപിയായി. ഇപ്പോൾ വീണ്ടും മൽസരിക്കുന്നു. ഒരെതിർപ്പും സിപിഎമ്മിനില്ല. പാർട്ടി വിടുന്നവർ പോകേണ്ടത് എവിടെയെന്നു മനസ്സിലായില്ലെ.

സിപിഎം അല്ലാതെ വേറെ ഒരു കമ്മ്യൂണിസറ്റ് പാർട്ടിയെ അവർ സഹിക്കില്ല.കൊലക്കത്തിക്കിരയായ സിപിഐ ക്കാർക്കും സിപിഎമ്മിന്റെ രീതി അനുഭവത്തിൽ നിന്ന് അറിയാം. സിപിഐ വിട്ടവർ 1964 ൽ രൂപീകരിച്ച പുതിയ പാർട്ടിയാണ് സിപിഎം. പക്ഷേ സിപിഐ കുലം കുത്തി എന്നു അവരെ വിളിച്ചില്ല. ഇതിനെല്ലാം ഉത്തരവാദി പിണറായി മാത്രം ആണെന്നു പറയുന്നത് അന്യായമാണ്. തങ്ങളുടെ മുൻഗാമികളെ അവരെല്ലാം കണ്ണടച്ചു പിന്തുടർന്നു അത്ര മാത്രം.

രാഷ്ട്രീയ പാർട്ടികളുടെ യാത്ര ചിലപ്പോൾ അജ്ഞാതവും അന്ധകാരനിർഭരവുമായ വഴികളിലൂടെയാവാം.നേർക്കു നേരെ നടക്കുന്നവർ കുറവാണ്. വഴിതെറ്റുന്നവരും തെറ്റിക്കുന്നവരും പിഴക്കുന്നവരും പിഴപ്പിക്കുന്നവരും കാണും. അന്യഗ്രഹങ്ങളിൽ പോയി രാപ്പാർക്കാൻ അരുണാ ചലിൽ പോയി ആത്മഹത്യ ചെയ്യാൻ താൽപര്യമുള്ളവർക്കും ഇവിടെ സംഘടനയുണ്ടല്ലോ.പാർട്ടിക്കാണോ തെറ്റിയത് അതോ ജയരാജനോ?

നേതാക്കളുടെയും പാർട്ടിയുടെയും ചരിത്രം പരിശോധിച്ചാൽ തെളിവുകൾ വേണ്ടത്ര കിട്ടും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ ജന്മനാ കോൺഗ്രസ്സ് വിരുദ്ധരാണ്.കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയായി അതിനകത്ത് തന്നെ മുട്ടയിട്ടു വിരിഞ്ഞു പുറത്തു വന്നതാണ്. പിളർപ്പിനു ശേഷം സിപിഎമ്മിന്റെ കോൺഗ്രസ്സു വിരുദ്ധത പത്തിരട്ടിയായി.

സ്വാതന്ത്ര്യ സമര കാലത്തും കോൺഗ്രസ്സിനോടു കലഹിച്ചും ദേശീയ ധാരയിൽനിന്നു മാറി നിന്നുമാണവർ ഇങ്ങനെ മെലിഞ്ഞത്. സിപിഐ നിലപാടു കോൺഗ്രസ്സിനെ ഉൾക്കൊള്ളുവാൻ പര്യപ്തവുമായി. പലപ്പോഴുംഅവർ കോൺഗ്രസ്സുമായി നന്നായി സഹകരിച്ചു. ഒരുമിച്ചു ഭരിച്ചു. സോവിയറ്റുയൂണിയൻ രണ്ടു കൂട്ടരെയും സഹായിച്ചു ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഒടുക്കം 1967ൽചൈനയുംസിപിഎമ്മിനെ തള്ളിപ്പറഞ്ഞപ്പോൾക്ഷുഭിതനായ നമ്പൂതിരിപ്പാട് ലോക കമ്മ്യൂണിസ്റ്റു പ്രസ്ഥാനം മരിച്ചു പോയെന്നും കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്നും പ്രഖ്യാപിച്ചു.തുടർന്ന് ആ ലക്ഷ്യം നേടാനുള്ള യാത്ര ഇന്നും അവർ തുടരുന്നു. പലപ്പോഴും ചെകുത്താന്മാരുമായി അവർ സഹകരിക്കുന്നുണ്ട്.ഈ കാലഹരണപ്പെട്ട കോൺഗ്രസ്സ് വിരുദ്ധത സിപിഎമ്മിനെയും അവരുടെ സ്വാധീന വലയത്തിൽ പെട്ട പാർട്ടികളെയും ബിജെപി പക്ഷത്തെത്തിച്ചു.

ഇന്ത്യിയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തി ദൗർബ്ബല്യങ്ങളെ യഥാ സമയം തിരിച്ചറിയുന്നതിൽ ഇന്ത്യയിലെ ഇടതു പക്ഷം പരാജയപ്പെട്ടു. കോൺഗ്രസ്സ് ഭരണം തകർത്തു കളയാനുംപകരം ആർഎസ്എസ് ജനസംഘം ജനതാ പാർട്ടി സ്വതന്ത്രാപാർട്ടി സോഷ്യലിസ്റ്റു പാർട്ടി തുടങ്ങിയ അതി തീവ്ര വലതു പക്ഷത്തെയും വിപ്ലവ വായാടികളെയും കേന്ദ്ര ഭരണത്തിലെത്തിക്കാനും സിപിഎം നടത്തിയ പരിശ്രമം അവിസ്മരണീയമാണ്. ഏകാധിപത്യവും ഫാഷിസവും വർഗ്ഗീയതയും വംശീയതയും ഇന്ത്യയെയും തങ്ങളെത്തന്നെയും തൊണ്ട തൊടാതെ വിഴുങ്ങുമെന്ന് ഇപ്പോൾ സംശയം തോന്നിയിട്ടുണ്ട്.

ഈ ഘട്ടത്തിൽ ഈ പാർട്ടിയിൽ തന്നെ നിക്കണോ അതോ പോണോ എന്ന് ചില നേതാക്കൾക്ക് സംശയം തോന്നിയേക്കാം. എന്തായാലും കോൺഗ്രസ്സിലോ വേറെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ പോകാതിരുന്നാൽ മതിയല്ലോ.1967ലെ കോൺഗ്രസ്സ് വിരുദ്ധതയിൽ ഭ്രമിച്ച് സിപിഐ വരെ ബീഹാറിൽ ജനസംഘത്തോടൊപ്പം ഭരിച്ചു.

മഹാമായപ്രസാദ് മുഖ്യമന്ത്രിയും കർപ്പൂരി ഠാക്കൂർ ഉപനും ആയിരുന്നുആ മന്ത്രിസഭയിൽ സിപിഐ ചേർന്നു. പണ്ടു സിപിഎം തന്നെ കുടം തുറന്നു വിട്ട രാഷ്ട്രീയ ഭൂതത്തെ വീണ്ടും കുടത്തിലടക്കാൻ രാഹുൽ ഗാന്ധിയും ഇന്ഡ്യാ മുന്നണിയും ശ്രമിക്കുമ്പോൾ പരിഹസിച്ചു ചിരിക്കുന്ന പക്ഷത്തെ ഇടതു പക്ഷം എന്നു വിളിക്കാമോ?

ഇപ്പോൾ ഇവിടെ ദല്ലാൾ നന്ദകുമാർ പറയുന്നത് മൂന്നു വിഷയങ്ങൾ ആണ് 1.ലാവലിൻ കേസു പിൻവലിക്കും 2 സ്വർണ്ണക്കടത്തു കേസു അവസാനിപ്പിക്കും 3.2026ലെ നിയമസഭാതിരഞ്ഞെടുപ്പിലും സിപിഎം സർക്കാരിനെ ജയിപ്പിക്കുംഇതു മൂന്നും ചെയ്തുകൊടുക്കാമെന്ന് ജാവദേക്കർ ഉറപ്പു കൊടുത്തുവെന്നാണ്. പകരം ഒരേ ഒരു സുരേഷ്ഗോപിയെ ജയിപ്പിക്കാനാണ് ഇപിജയരാജനോട് ആവശ്യപ്പെട്ടതത്രെ. ഇതു നടന്നിരുന്നെങ്കിൽ അതിന്റെ മുഴുവൻ ഗുണ ഭോക്താവ് ജയരാജന്‍ആകുമായിരുന്നില്ല. അതിന്റെയെല്ലാം ഗുണഫലം പിണറായിക്കാണു കിട്ടുമായിരുന്നത്.

അപ്പോൾ ചർച്ച ആർക്കുവേണ്ടിയായിരുന്നു.ഈ ഓഫർ സ്വീകരിക്കാതെ തള്ളിക്കളഞ്ഞ ജയരാജനെ പാർട്ടി പുറത്താക്കുന്നതെങ്ങിനെ.?വിവിധ പാർട്ടികളുടെ പ്രമുഖ നേതാക്കൾ തമ്മിൽ നല്ല ബന്ധവും അടുപ്പവും വളരെക്കാലമായി നിലനില്ക്കുന്നുണ്ട്.അവർ പരസ്പരം സാധാരണഗതിയിൽ ശത്രുത ഇല്ല.

സാധാരണ ജനങ്ങൾഅതൊന്നും അറിയാറില്ല. അവർ തമ്മിൽ തല്ലു തുടരും. സിപിഎം ബിജെപി നേതാക്കൾ തമ്മിൽ വളരെ അടുത്ത ബന്ധം കേരളത്തിൽ നിലനിൽക്കുന്നു.

അവരെല്ലാം പരസ്പരം നല്ല രീതിയിൽ സഹായിക്കുകയും ആപത്തുകളിൽ നിന്നു രക്ഷപ്പെടുത്തുകയും ചെയ്യുന്നതായി കേൾക്കാറുണ്ട്. അതു കൊണ്ട് അവർക്ക് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ചിലപ്പോൾ സാധാരണപ്രവർത്തകർക്കും നേട്ടങ്ങൾ ഉണ്ടായേക്കാം. എതിർ പക്ഷക്കാരുടെ അപ്രീതി ക്ക് ഇടയാകാത്ത വിധമാണ് വിവിധ പാർട്ടികൾ സ്ഥാനാർത്ഥി നിര്‍ണ്ണയം മന്ത്രി സഭാ രൂപീകരണം ഉന്നത ഉദ്യോഗസ്ഥ നിയമനം തുടങ്ങി എല്ലാ കാര്യ ങ്ങളും നടത്തുന്നത്.

ചില രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ ബന്ധം ഉലയാറുണ്ട്. ഇപ്പോൾ ജനപിന്തുണ നില നിർത്താൻ തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കടുപ്പിക്കേണ്ടതുണ്ട്. അതിന്റെ ഒരു ജഗപൊകയിൽ ചിലപ്പോൾ ജയരാജൻ അകപ്പെട്ടു പോയേക്കാം.

അദ്ദേഹത്തിന്റെ ശൈലി വേറൊന്നാണ്. ആ മനസ്സിൽ ചെറിയൊരംശം നിഷ്കളങ്കതയും പോഴത്തവും ബാക്കിയുണ്ട്. രാഷ്ട്രീയക്കാരന് അതൊന്നും ചേരുകയില്ല. ബിനോയ് വിശ്വം വനം മന്ത്രിയായിരുന്ന കാലത്ത് ഒരിക്കൽ നിയമ സഭയിൽ അറിയാതെ ചില സത്യങ്ങൾ പറയാനിടയായി

ഉടനെ മുഖ്യമന്ത്രിഅച്ചുതാനന്ദൻ ആ മന്ത്രിയെ പോഴൻ എന്നു വിളിച്ചതോർക്കുന്നു.കേരളത്തിലെ ഭരണം അഭംഗുരം തുടരാൻ പിണറായിയെ മോദി അനുവദിച്ചാൽ കേന്ദ്രം ബിജെപി ഭരിക്കുന്നതിൽ കേരള പാർട്ടിക്ക് കാര്യമായ എതിർപ്പൊന്നും ഉണ്ടാവില്ല. അവരുടെ ദേശീയ നേതൃത്വവും അതിനു മുമ്പ് രാജ്യം നന്നാക്കാൻ മെനക്കെടാതെ നോക്കണം.

പാർട്ടിയെ രക്ഷിക്കാൻ ഒരാളെ ഇടക്കു ബലി കൊടുക്കുന്ന ഒരു രീതിയനുസരിച്ച് ഗൗരിയമ്മ എംവി രാഘവൻ തുടങ്ങിയവരുടെ ഒരു പിൻഗാമിയെ ആവശ്യമുള്ള ഘട്ടമാണിത്. ഇത്രയൊക്കെ പറഞ്ഞത്.ഇപ്പോൾ പുകയുന്ന വിഷയം ഇത് ആയതുകൊണ്ടാണ് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാം പരമ പരിശുദ്ധമാണെന്നോ അബദ്ധങ്ങളൊ തെറ്റുകളൊ മറ്റാർക്കും സംഭവിച്ചിട്ടില്ല എന്നോ ഇതിനർഥം ഇല്ല.

ഇത്രയും എഴുതി രണ്ടുദിവസം കഴിഞ്ഞപ്പോൾ സിപിഎം സെക്രട്ടരിയേറ്റു ചേർന്നു.ജയരാജൻ വിഷയം ചർച്ച ചെയ്തു. വിവരം പാർട്ടി സിക്രട്ടരി ഗോവിന്ദൻ മാഷു വിശദീകരിച്ചു.

ജയരാജന്റെ നിഷ്കളങ്കത പാർട്ടി ശരിവെച്ചു.അദ്ദേഹം ഉൾപ്പെടെ ജാവേദേക്കറെയും മറ്റും കണ്ടിട്ടുണ്ട് ആകയാൽ പാർട്ടി നേതാക്കൾക്ക് ആശങ്കയില്ലാതെ ബിജെപി ആർഎസ്സ്എസ്സ് നേതാക്കളെ എവിടെ വെച്ചും കാണാമെന്ന് തീരുമാനിച്ചു.ഇടുക്കിയിലെ രാജേന്ദ്രൻ ഉൾപ്പെടെ ഇതേ ജാവദേക്കറെ ഡൽഹിയിൽ പോയി കണ്ടിരുന്നു.പാർട്ടി മാറ്റം ചർച്ചചെയ്തിരുന്നു.

മണിയാശാൻ പോലും അതു വിഷയമാക്കിയില്ല. വീണ്ടും അദ്ദേഹം സിപിഎമ്മിൽ തുടരുന്നു.ഇന്നലെപോലും സിപിഎമ്മിൽ തുടരവെ രാജേന്ദൻ ബിജെപിയിൽ ചേരാനുള്ള തന്റെ ഓപ്ഷൻ ഉയർത്തിപ്പിടിച്ചു.

ബിജെപിയെ ലക്ഷ്യമാക്കി പകുതി ദൂരം പിന്നിട്ടാലും ആർക്കും സിപിഎമ്മിൽ തുടരാമെന്ന് സംസ്ഥാന പാർട്ടിയും തീരുമാനിച്ചു. ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന നടപടിയെ അഭിനന്ദിക്കണം. കാലോചിതം പ്രായോഗികം

Most Popular

error: