Tuesday, 21 May - 2024

മദീനയിൽ ശക്തമായ മഴ, വാഹനങ്ങൾ ഒലിച്ചു പോയി, ഉഹദ് മലയിൽ വെള്ളച്ചാട്ടം, മസ്ജിദുന്നബവിയിലും വെള്ളം | വീഡിയോ

ഉഹദ് മലയിൽ നയനമനോഹര ദൃശ്യം

മദീന: മദീനയുടെ വിവിധ ഭാഗങ്ങളിൽ അതി ശക്തമായ മഴ. ഇന്നലെ പെയ്ത ശക്തമായ മഴയിൽ തെരുവുകളെ കീറി മുറിച്ച് മലവെള്ളപ്പാച്ചിലുമുണ്ടായി. ആലിപ്പഴ വർഷവും കാറ്റും ശക്തമായിരുന്നു മദീനയുടെ പല ഭാഗങ്ങളിലും. വെള്ളത്തിൻ്റെ ശക്തമായ കുത്തൊഴുത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. പ്രവാചകന്റെയും അനുചരന്മാരുടെയും പാദസ്പര്‍ശമേറ്റ് പുളകിതയായ ഉഹദ് മലയില്‍ വെള്ളച്ചാട്ടം ഉണ്ടായത് ഏറെ ശ്രദ്ധേയമായി. സമീപ കാലത്ത് ആദ്യമായാണ് ഉഹദ് മലയില്‍ വെള്ളച്ചാട്ടം രൂപപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മദീനയിലും പരിസരപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ചരിത്രമുറങ്ങുന്ന ഉഹദ് മലയില്‍ മനോഹരമായ വെള്ളച്ചാട്ടം രൂപപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുന്നുണ്ട്.

അതിനിടെ, മദീന പ്രവിശ്യക്ക് വടക്കുപടിഞ്ഞാറ് അല്‍അയ്‌സില്‍ ജീപ്പ് ഒഴുക്കില്‍ പെട്ടു.  മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ തകരുകയും മറ്റു ചില റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങള്‍ ഒഴുക്കില്‍ പെടുകയും ചെയ്തു. അല്‍അയ്‌സില്‍ ജീപ്പ് ഒഴുക്കില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ അല്‍അയ്‌സില്‍ പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു. മക്ക പ്രവിശ്യയില്‍ പെട്ട അദമില്‍ നിരവധി ആടുകള്‍ ഒഴുക്കില്‍ പെട്ട് ചത്തു. ആടുകള്‍ ഒഴുക്കില്‍ പെട്ടതിന്റെ ദൃശ്യങ്ങളും അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Most Popular

error: