മക്ക: ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് അവസാനഗഡു പണമടക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്തിട്ടുള്ള പാക്കേജിന്റെ 40 ശതമാനമാണ് അവസാനത്തെ ഗഡുവായി അടക്കേണ്ടത്.
ദുൽഹജ്ജ് ഏഴ് വരെ സീറ്റിന്റെ ലഭ്യതക്കനുസരിച്ച് രജിസ്‌ട്രേഷൻ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തെരഞ്ഞെടുക്കുന്ന പാക്കേജുകൾക്ക് പരമാവധി മൂന്ന് ഗഡുക്കളായി പണമടക്കാനായിരുന്നു മന്ത്രാലയം അനുവദിച്ചിരുന്നത്. ഇതനുസരിച്ച് ഹജ്ജ് കമ്പനികളിൽ സീറ്റ് റിസർവ് ചെയ്തവർ പാക്കേജിന്റെ ശേഷിക്കുന്ന 40 ശതമാനം തുകയാണ് മൂന്നാം ഗഡുവായി അടക്കേണ്ടത്.
പണം പൂർണമായും അടക്കുമ്പോൾ മാത്രമേ റിസർവേഷൻ ഉറപ്പാകുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.
റിസർവേഷൻ പോളിസിയനുസരിച്ച് ആഭ്യന്തര മന്ത്രാലയം ഏതെങ്കിലും തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നിഷേധിച്ചാൽ, ഇലക്ട്രോണിക് സേവന ഫീസ് ഇനത്തിൽ 67.85 റിയാൽ കുറച്ച് ബാക്കിയുള്ള മുഴുവൻ തുകയും തിരിച്ച് നൽകുന്നതാണ്.
എന്നാൽ ഹജ്ജ് പെർമിറ്റ് പ്രിന്റ് ചെയ്തതിന് ശേഷം ശവ്വാൽ 15 മുതൽ ദുൽഖഅദ അവസാനം വരെയുള്ള കാലയളവിൽ അപേക്ഷകൻ റിസർവേഷൻ റദ്ദാക്കിയാൽ പാക്കേജ് തുകയുടെ 10 ശതമാനം കഴിച്ചുള്ള തുക മാത്രമേ തിരികെ ലഭിക്കൂകയുള്ളൂ.
അതേ സമയം, ദുൽഹജ്ജ് മാസം തുടക്കം മുതൽ റിസർവേഷൻ നിർത്തലാക്കുന്നത് വരെയുള്ള കാലയളവിൽ ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും നഷ്ടമാകുമെന്നും മന്ത്രാലയം അറിയിച്ചു. ഹജജ് കമ്പനികളിലും സ്ഥാപനങ്ങളിലും സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ദുൽഹിജ്ജ ഏഴ് വരെ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.