ഹൈദരാബാദിൽ നിന്നുള്ള ശ്രീറാം അംബാർല എന്ന യുവാവിനെയാണ് യുകെ കോടതി ശിക്ഷിച്ചത്
ലണ്ടൻ: പ്രണയ നൈരാശ്യത്തെ തുടർന്ന് മുൻ കാമുകിയായ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഇരുപത്തഞ്ചുകാരന് യുകെയിൽ 16 വർഷം തടവുശിക്ഷ. ഹൈദരാബാദിൽ നിന്നുള്ള ശ്രീറാം അംബാർല എന്ന യുവാവിനെയാണ് യുകെ കോടതി ശിക്ഷിച്ചത്. പൊതുസ്ഥലത്ത് നിയമവിരുദ്ധമായി ആയുധം കൊണ്ടുവന്നതിന് 12 മാസം തടവുശിക്ഷ വേറെയുമുണ്ട്. യുകെയിലെ ഒരു റസ്റ്ററന്റിൽ വച്ചായിരുന്നു കൊലപാതക ശ്രമം. തടവുശിക്ഷയ്ക്കു പുറമേ, ഇനി യുവതിയുമായി നേരിൽ കാണുന്നതിനും കോടതി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2022 മാർച്ച് 25നാണ് ഈസ്റ്റ്ഹാമിലെ ഹൈദരാബാദ് വാലാ റസ്റ്ററന്റിനകത്തു വച്ച് ഇയാൾ യുവതിയെ ആക്രമിച്ചത്. ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിൽ ‘ഒരാളെ കത്തി ഉപയോഗിച്ച് എങ്ങനെ പെട്ടെന്നു കൊലപ്പെടുത്താം’ എന്നും, ‘യുകെയിൽ വച്ച് കൊലപാതകം നടത്തുന്ന വിദേശിക്ക് എന്തു സംഭവിക്കും’ എന്നും ഇയാൾ ഗൂഗിളിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. 2017ൽ ഹൈദരാബാദിലെ ഒരു കോളജിൽ പഠിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലായത്.
പിന്നീട് 2022ൽ ഇരുവരും പഠനത്തിന്റെ ഭാഗമായി യുകെയിൽ എത്തി.
യുകെയിൽ വച്ചാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീണത്. ബന്ധത്തിൽ ഉലച്ചിൽ വന്നതിനു ശേഷം രണ്ടു വർഷത്തോളമായി ശ്രീറാമുമായി പതിവായി വഴക്കിട്ടിരുന്നതായി യുവതി പൊലീസിനു മൊഴി നൽകിയിരുന്നു. ശ്രീറാം ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും െചയ്തിരുന്നതായും യുവതി മൊഴി നൽകി. ഇതേത്തുടർന്നാണ് യുവതി ശ്രീറാമുമായുള്ള ബന്ധം വിച്ഛേദിച്ചത്. പിന്നീട് ശ്രീറാം പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യുവതി അവഗണിച്ചു. ഇതിനു പിന്നാലെയായിരുന്നു റസ്റ്ററന്റിൽ വച്ചുള്ള ആക്രമണം.
ആക്രമണം നടക്കുന്നതിന്റെ തലേന്ന്, യുവതി ജോലി ചെയ്യുന്ന സ്ഥലത്ത് ശ്രീറാം എത്തിയിരുന്നു. അന്നു രാത്രി യുവതിയുടെ താമസ സ്ഥലത്തും ഇയാൾ എത്തി. തുടർന്ന് പൊലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ശ്രീറാമിനെ വീട്ടിൽനിന്ന് പറഞ്ഞുവിട്ടത്. പിറ്റേന്ന് ഇയാൾ വീണ്ടും ഇവിടെയെത്തി ജനാലകളിൽ അടിച്ചു. ഇതോടെ യുവതി താമസിക്കുന്ന ഫ്ലാറ്റിലെ താമസക്കാരിലൊരാൾ പ്രശ്നത്തിൽ ഇടപെട്ടു. ശ്രീറാമിനെ തല്ലി പുറത്താക്കിയ ഇയാൾ, സ്ഥലം വിടാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇതോടെ, ഈസ്റ്റ്ഹാമിൽ യുവതി പാർട് ടൈമായി ജോലി ചെയ്തിരുന്ന ഹൈദരാബാദ് വാല റസ്റ്ററന്റിൽ ഇയാൾ എത്തി. ശ്രീറാമിനെ വിവാഹം ചെയ്യാൻ താൽപര്യമില്ലെന്ന് അവിടെവച്ച് യുവതി ആവർത്തിച്ചു. അങ്ങനെയെങ്കിൽ എന്നും ഒറ്റയ്ക്കു ജീവിക്കണമെന്ന് ശ്രീറാം യുവതിയോട് ആവശ്യപ്പെട്ടു. അവർ നിരസിച്ചതോടെ, ഒളിച്ചുവച്ചിരുന്ന കത്തിയെടുത്ത് റസ്റ്ററന്റിലുണ്ടായിരുന്ന ആളുകളുടെ മുന്നിൽവച്ച് ഒൻപതു തവണ കുത്തുകയായിരുന്നു. കുത്തേറ്റ് യുവതി നിലത്തു വീണിട്ടും ഇയാൾ ആക്രമണം തുടർന്നു. തടയാനെത്തിയ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി അകറ്റി നിർത്തി. പിന്നീട് കത്തി അവിടെ ഉപേക്ഷിച്ച് തന്റെ ഫോണുമെടുത്ത് സ്ഥലം കാലിയാക്കി.
ഗുരുതരമായി പരുക്കേറ്റ യുവതി ആറു ശസ്ത്രക്രിയകൾക്ക് വിധേയയായി. കഴുത്തിലേറ്റ ഒരു കുത്തിന് പത്ത് ഇഞ്ച് ആഴമുണ്ടായിരുന്നുവെന്ന് ചികിത്സാ രേഖകൾ വ്യക്തമാക്കുന്നു. കഴുത്തിനു പുറമെ നെഞ്ചിലും കയ്യിലും അടിവയറ്റിലും പിന്നിലും കുത്തേറ്റു.
വിചാരണയ്ക്കിടെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണമെന്ന് ശ്രീറാം അഭ്യർഥിച്ചിരുന്നു. റസ്റ്ററന്റിൽ വച്ച് യുവതിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ വച്ച് കാണിച്ചപ്പോൾ, അതു കാണാൻ തനിക്കു കരുത്തില്ലെന്ന് പറഞ്ഞ് ശ്രീറാം വിതുമ്പിക്കരഞ്ഞു. ഈ ദൃശ്യങ്ങൾ തന്നെ എക്കാലവും വേട്ടയാടുമെന്നും ഏറ്റുപറഞ്ഞു. സംഭവം നടന്ന് രണ്ടു വർഷം പിന്നിടുമ്പോഴാണ് ശ്രീറാമിനെ കോടതി 16 വർഷം തടവിനു ശിക്ഷിച്ചിരിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക