ഇസ്റാഈൽ – ഇറാൻ സംഘർഷം രൂക്ഷം, യുദ്ധഭീതി; വ്യോമമേഖല അടച്ച് ഇസ്റാഈൽ, ജോർദാൻ, ഇറാഖ്

0
3057

ടെഹ്റാൻ: ഇസ്റാഈൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്റാഈൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു. 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ.

ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തുടങ്ങിയ ഡ്രോൺ ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇറാൻ തൊടുത്ത ഇരുന്നൂറോളം ഡ്രോണുകളും 10 മിസൈലുകളും തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 

സംഘർഷം കനത്തതോടെ ഇസ്രയേലും ജോർദാനും ഇറാഖും വ്യോമമേഖല അടച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ വിമാനത്താവളവും അടച്ചു. ഇറാനിൽനിന്നുള്ള ആക്രമണത്തെ നേരിടാൻ എല്ലാ പിന്തുണയും ഇസ്രയേലിനു നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു.

അതേസമയം, സംഘർഷം മൂർച്ഛിക്കുന്നതിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഏതു വിധേനയും യുദ്ധം ഒഴിവാക്കണമെന്ന് സൗദി ഇരു രാജ്യങ്ങളോടും അഭ്യർഥിച്ചു.