ചെന്നൈ: ഇനിയും തിരഞ്ഞെടുക്കപ്പെട്ടാല്‍ മോദിസര്‍ക്കാര്‍ ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റിക്കളയുമെന്ന് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് രാഹുല്‍ മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചത്.
സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ പകര്‍ന്നുതന്ന ആശയങ്ങളും മോദിയും ആര്‍.എസ്.എസും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആശയങ്ങളും തമ്മിലുള്ള സംഘട്ടനമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റുമെന്നാണ് ബി.ജെ.പിയുടെ എം.പിമാര്‍ പരസ്യമായി പറഞ്ഞിട്ടുള്ളത്. ലോകം ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമായി നോക്കിക്കണ്ടിരുന്നത് ഇന്ത്യയെയാണ്. എന്നാലിന്ന് ഇന്ത്യയിലെ ജനാധിപത്യം യഥാര്‍ത്ഥ ജനാധിപത്യം അല്ലാതായി മാറിയിരിക്കുന്നു, രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം ഇന്ന് ആശയപരമായ സംഘട്ടനത്തിനാണ് സാക്ഷ്യംവഹിക്കുന്നതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
ഒരുവശത്ത് പെരിയാര്‍ ഇ.വി. രാമസ്വാമിയെപ്പോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ നമുക്ക് പകര്‍ന്നുതന്ന സാമൂഹ്യനീതി, സ്വാതന്ത്യം, സമത്വം എന്നീ ആശയങ്ങള്‍. മറുവശത്ത് നരേന്ദ്രമോദിയും ആര്‍.എസ്.എസും ബി.ജെ.പി. സര്‍ക്കാരും മുന്നോട്ടുവയ്ക്കുന്ന വിഭജനത്തിന്റെ ആശയം. ഈ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്നത്, രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുകളിലും വാര്‍ത്താ മാധ്യമങ്ങള്‍ക്കുമുകളിലും കുത്തകയുണ്ടാക്കുന്നതില്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ. ഒരുരാജ്യം, ഒരു നേതാവ്, ഒരു ഭാഷ എന്ന ആശയം നടപ്പിലാക്കാനാണ് മോദിയും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
കേന്ദ്രത്തില്‍ ഇന്ത്യാ സഖ്യം ഭരണത്തിലെത്തിയാല്‍ തമിഴ്‌നാട്ടിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകളിലായി 30 ലക്ഷത്തിലധികം ഒഴിവുകളുണ്ട്. അത് അര്‍ഹതപ്പെട്ട യുവാക്കള്‍ക്ക് നല്‍കും. ഡിഗ്രി, ഡിപ്ലോമ സര്‍ട്ടിഫക്കറ്റ് ഉള്ളവര്‍ക്ക് അപ്രന്റിസ് ആയി ജോലിക്ക് കയറാന്‍ സഹായിക്കുന്ന നിയമം പാര്‍ലമെന്റില്‍ പാസാക്കും, രാഹുല്‍ പറഞ്ഞു.




