മലപ്പുറം: തിരഞ്ഞെടുപ്പ് അടുത്തതോടെ തിരുത്തലുമായി മുസ്‌ലിം ലീഗ്. പുറത്താക്കിയ ഹരിത നേതാക്കളെ തിരിച്ചെടുത്ത് നില ഭദ്രമാക്കാനാണ് നീക്കം. പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസക്കുവേണ്ടി മുസ്‌ലിം ലീഗ് മുന്‍ എംഎസ്എഫ് നേതാക്കള്‍ പ്രചാരണത്തിനിറങ്ങാന്‍ സാധ്യത മുന്നില്‍ കണ്ടാണ് തിരുത്തല്‍ നടപടിയുമായി മുസ്‌ലിം ലീഗ് നേതൃത്വം രംഗത്തെത്തുന്നത്. തങ്ങളുടെ രണ്ട് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിൽ വിയർക്കുമെന്ന വിലയിരുത്തലും നിലപാട് പിൻവലിക്കാൻ കാരണമായിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിന്റെ ഭാഗമായി എം.എസ്.എഫ്, ഹരിത നേതാക്കൾക്കെതിരായ അച്ചടക്ക നടപടി മുസ്‍ലിംലീഗ് പിൻവലിച്ചു. എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ് ലിയ, ഹരിത മുൻ പ്രസിഡന്‍റ് മുഫീദ തസ്നി, മുൻ ജനറൽ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ, എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ലത്തീഫ് തുറയൂർ, കെ.എം. ഫവാസ് എന്നിവർക്കെതിരായ നടപടിയാണ് അവസാനിപ്പിച്ചത്. മുൻ ഹരിത നേതാക്കൾ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ ഫയൽ ചെയ്ത കേസ് പിൻവലിക്കാനും ധാരണയായിട്ടുണ്ട്.
മുസ്‌ലിം ലീഗിനെ സംഘടനാപരമായും ആശയപരമായും പിടിച്ചുകുലുക്കി ഹരിത വിവാദവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട എം.എസ്.എഫ്. നേതാക്കളായിരുന്നവരെയാണ് തിരിച്ചെടുക്കുന്നത്. ലത്തീഫ് തുറയൂര്‍, ഫവാസ് എന്നിവരെ തിരിച്ചെടുക്കാനാണ് പാര്‍ട്ടി ധാരണ. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഖേദം പ്രകടിപ്പിച്ച് ഇരുവരും നേതൃത്വത്തിന് കത്തയച്ചിരുന്നു. ഹംസയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ലീഗിലെ അസംതൃപ്തരുടെ രഹസ്യ പിന്‍തുണ ലഭിക്കുന്നതായി ലീഗ് നേതൃത്വത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടികള്‍ പിന്‍വലിച്ച് യുവ നേതാക്കളെ തിരിച്ചെടുക്കുന്നത്. തിരിച്ചെടുക്കുന്നവര്‍ക്ക് ഏതുഘടകത്തില്‍ ഏതു പദവികള്‍ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ എം എസ് എഫ് ഭാരവാഹികളുടെ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ഭാരവാഹിത്വം ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പു ലഭിക്കണമെന്ന ആവശ്യം തിരിച്ചെടുത്തവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുസ്‌ലിം ലീഗിനെ പിടിച്ചുലച്ച ഹരിത വിവാദ സമയത്ത് അന്നത്തെ എം.എസ്.എഫ്. ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സെക്രട്ടറി ഫവാസ് ഏറനാട് ഉള്‍പ്പെടെയുള്ളവര്‍ വനിതാ നേതാക്കളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ലീഗ് നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ലത്തീഫിനേയും ഫവാസിനേയും തിരിച്ചെടുക്കാനുള്ള ധാരണയാണ് ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥി കെ.എസ്. ഹംസയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ലത്തീഫും ഫവാസും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള നീക്കവും ഇവര്‍ക്കിടയില്‍ നടക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഒപ്പം തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നാണ് റിപ്പോർട്ട്.
ഇതൊക്കെ കണക്കിലെടുത്താണ് അടിയന്തരമായി ഇവരെ തിരികെ പാര്‍ട്ടിയില്‍ എടുക്കാന്‍ ധാരണ ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഇവരെ തിരിച്ചെടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ഇരുവരെയും പെട്ടെന്ന് പാർട്ടിയിൽ തിരിച്ചെടുക്കുന്നതിൽ എംഎസ്എഫിലെ നിലവിലെ ഭാരവാഹികള്‍ക്കും കടുത്ത വിയോജിപ്പുണ്ട്. ഇവരെ തിരിച്ചെടുക്കുന്നതിന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നിരുന്നു.
പുറത്താക്കപ്പെട്ടവർ ഇടതുമുന്നണിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ സമുദായത്തിലെ യുവാക്കള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ഉണ്ടാകുമെന്ന കണക്കുകൂട്ടിലിലാണ് തെരഞ്ഞെടുപ്പ് കാലത്തെ പാര്‍ട്ടി നടപടികള്‍.
2021 ജൂൺ 22ന് എം.എസ്.എഫിന്‍റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസായ വെള്ളയിൽ ഹബീബ് സെൻററിൽ നടന്ന യോഗത്തിൽ ലൈംഗികമായി അധിക്ഷേപിച്ച് സംസാരിച്ചതായി ചൂണ്ടിക്കാട്ടി പി.കെ. നവാസിനെതിരെയാണ് ഹരിത നേതാക്കൾ സംസ്ഥാന വനിത കമീഷന് പരാതി നൽകിയത്.
കമീഷന് ലഭിച്ച പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് ചെമ്മങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനിടയിൽ മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ട് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല.
തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിക്കുകയും ഹരിതയെ പിന്തുണച്ച ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. നടപടി വകവെക്കാതെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഹരിത ഭാരവാഹികൾ അന്ന് ചെയ്തത്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടപടികളും കേസുകളിൽ പിൻവലിച്ച് ഏവരെയും തിരിച്ചെടുത്തത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





