സോളാർ വെച്ചവർക്ക് ‘പണി’യുമായി സർക്കാർ: സൗരോർജത്തിൽ ‘വിലയിടിവ്’

0
3237

കൊച്ചി: വീട്ടിൽ ഉത്‌പാദിപ്പിക്കുന്ന സൗരോർജത്തിന് ഇതുവരെ കിട്ടിയ ‘വില’ ഇനി ലഭിക്കില്ല. പുരപ്പുറ സോളാർ ഉൾപ്പെടെ വീടുകളിലും സ്ഥാപനങ്ങളിലും ഉത്‌പാദിപ്പിക്കുന്ന സൗരോർജവൈദ്യുതിക്ക് ‘വിലയിടിക്കുന്ന’ ശുപാർശയുമായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വീടുകളിൽ ഉത്‌പാദിപ്പിച്ച് ഉപഭോഗശേഷംവരുന്ന സൗരോർജം കെ.എസ്.ഇ.ബി.യുടെ ഗ്രിഡുകളിലേക്ക് നൽകുമ്പോൾ സോളാർ വൈദ്യുതിനിരക്കായിരിക്കും ഇനി ലഭിക്കുക. സോളാർ പാനലുകൾ സ്ഥാപിച്ചവർ കെ.എസ്.ഇ.ബി.യിൽനിന്നും നേരിട്ടുള്ള വൈദ്യുതി ഉപയോഗിക്കുമ്പോൾ കെ.എസ്.ഇ.ബി. താരിഫും നൽകേണ്ടിവരും. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം.

നിലവിൽ ഒരു വീട്ടിലെ/സ്ഥാപനത്തിലെ ആകെ വൈദ്യുതി ഉപഭോഗത്തിൽനിന്നും സൗരോർജ ഉത്‌പാദനം എത്ര യൂണിറ്റ് ആണോ അത് കുറവുചെയ്തു കിട്ടുന്ന യൂണിറ്റിന് മാത്രം കെ.എസ്.ഇ.ബി. താരിഫ് നൽകിയാൽ മതിയായിരുന്നു. ഉദാഹരണത്തിന് ആകെ 500 യൂണിറ്റ് ഉപഭോഗംവരുന്ന ഒരാൾ, സോളാറിൽനിന്ന്‌ 300 യൂണിറ്റ് ഉത്പാദിപ്പിച്ചാൽ 500-ൽനിന്ന്‌ 300 യൂണിറ്റ് കിഴിവുചെയ്ത് 200 യൂണിറ്റിന് മാത്രം കെ.എസ്.ഇ.ബി. താരിഫ് നൽകിയാൽ മതിയായിരുന്നു.

പുതിയ ശുപാർശയനുസരിച്ച് 500 യൂണിറ്റിനുള്ള കെ.എസ്.ഇ.ബി. താരിഫ് പ്രകാരം, യൂണിറ്റിന് അഞ്ചുരൂപ എന്നനിലയിൽ 2500 രൂപ ഉപഭോഗത്തിനാകും. സൗരോർജ ഉത്പാദനത്തിന് നിലവിലെ യൂണിറ്റ് നിരക്കായ 2.69 രൂപയായിരിക്കും കണക്കാക്കുക. ഇതുപ്രകാരം 300 യൂണിറ്റിന് 807 രൂപലഭിക്കും. 2500-ൽനിന്ന്‌ 807 രൂപ കുറവുചെയ്ത് 1693 രൂപ ഉപഭോക്താവ് അടയ്ക്കണം. ഇപ്പോഴുള്ള രീതിയാണെങ്കിൽ 200 യൂണിറ്റിനുള്ള കെ.എസ്.ഇ.ബി. താരിഫ് നിരക്കുപ്രകാരം 950 രൂപ അടച്ചാൽ മതിയായിരുന്നു.

വീടുകളിൽ സൗരോർജപാനലുകൾ സ്ഥാപിച്ചവർ നിലവിൽ പകൽസമയങ്ങളിൽ സൗരോർജവൈദ്യുതിയും രാത്രിസമയങ്ങളിൽ കെ.എസ്.ഇ.ബി.യിൽനിന്നുള്ള വൈദ്യുതിയുമാണ് ഉപയോഗിക്കുന്നത്. സൗരോർജത്തിന് കാര്യമായ വിലകിട്ടില്ലെന്നതിനാൽ പലരും രാത്രികാലങ്ങളിൽ എ.സി.യുൾപ്പെടെയുള്ള ഉപകരണങ്ങൾ നിർബാധം ഉപയോഗിക്കാറാണ് പതിവ്. പകൽ ഉത്പാദനത്തിന്റെ അത്രതന്നെ വൈദ്യുതിയാണ് രാത്രി ഉപയോഗിക്കുന്നതെങ്കിൽ അടയ്ക്കേണ്ടിവരുന്ന വൈദ്യുതിനിരക്ക് പൂജ്യമാകും എന്നതിനാലാണ് ഈ രീതി അവലംബിക്കുന്നത്.

പുതിയരീതിയിൽ താരിഫ് നിശ്ചയിക്കുന്ന ശുപാർശയിൽ ഉപഭോക്താക്കളുടെ അഭിപ്രായമറിയാനുള്ള പബ്ലിക് ഹിയറിങ്ങിന് ഒരുങ്ങുകയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക