റിയാദ്: ഏറ്റവും വലിയ സാങ്കേതിക വിദ്യാമേളയായ ‘ലീപ് 2024’ ന് റിയാദിൽ തുടക്കമായി. റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന മേള നാലുദിവസം നീണ്ടുനിൽക്കും. എല്ലാദിവസവും രാവിലെ 10.30 മുതൽ വൈകീട്ട് ഏഴ് വരെയാണ് പരിപാടികൾ.
മേള സന്ദർശിക്കാൻ https:// register.visitcloud.com രജിസ്റ്റർ ചെയ്തത് ബാഡ്‌ജ് നേടണം. ബാഡ്‌ജ് സ്ക്‌കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക. റിയാദ് നഗരത്തിലെ രണ്ടിടങ്ങളിൽനിന്ന് മേള നടക്കുന്ന മൽഹമിലേക്കും തിരികെയും ഷട്ടിൽ ബസ് സർവിസുണ്ട്. ഇതിന് പുറമെ കരീം ടാക്സി ബുക്ക് ചെയ്‌താൽ ആകെ ടാക് സി ചാർജിൽ 50 റിയാൽ ഇളവുണ്ടാവും.
മേളയിൽ സംഘാടകർ 1,72,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 1800 കമ്പനികൾ മേളയിൽ പ്രദർശനത്തിനുണ്ട്. പ്രദർശനത്തിനുണ്ട്.
ഇതിന് പുറമെ 600 ഓളം സ്റ്റാർട്ടപ്പ് കമ്പനികളുടെയും സാന്നിദ്ധ്യം മേളയിലുണ്ടാകും. ലോകത്തി ന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ടെക്നോ മേഖലയിലെ 1100 പ്രഭാഷകർ ലീപിന്റെ പല വേദികളിലായി സംസാരിക്കും.
രാജ്യത്തിനകത്തുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും വലിയ അവസരമായി ലീപ് മാറും. സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗദി അറേബ്യ കുതിക്കുന്നതിൻ്റെ ചുവട് വെപ്പുകളിൽ ഒന്നാണ് ലീപ്.





