സിദ്ധാര്‍ത്ഥന്‍റെ മരണം; കെഎസ്‍യു മാര്‍ച്ചിൽ വൻ സംഘര്‍ഷം, ലാത്തിചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും നിരവധി പേർക്ക് പരിക്ക്: സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

0
1330

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. ക്യാമ്പസ് കവാടത്തിൽ സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിൻമാറാതെ പ്രതിഷേധം തുടർന്നവർ പൊലീസിന് നേരെ കല്ലും വടികളും എറിഞ്ഞു. പിന്നാലെ പൊലീസ് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറ് തുടർന്നതോടെ പൊലീസ് ലാത്തിചാർജ് നടത്തി. നിരവധി കെ.എസ്.യു പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പരിക്കേറ്റവരെ ആശുപത്രിലേക്ക് മാറ്റാൻ പൊലീസ് ഇടപെടൽ ഉണ്ടാകാത്തതും പ്രകോപനത്തിന് കാരണമായി. ടി.സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ എത്തിയാണ് കെ.എസ്.യു പ്രവർത്തകരെ ശാന്തരാക്കിയത്. എംഎസ്എഫ് നടത്തിയ സർവകലാശാല മാർച്ചിലും നേരിയ സംഘർഷമുണ്ടായി. അതേസമയം, പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ  ഡീൻ ഡോ എം കെ നാരായണനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല കമ്മിറ്റി നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ ഡീൻ നാരായണനും പങ്കുണ്ടെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ആരോപിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് കൊക്കാല ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്‍റ് ഹരീഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു KSU പ്രതിഷേധ മാര്‍ച്ച്.

സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് KSU വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എംപി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

SFI അരും കൊല ചെയ്ത സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദിയായ ഡീൻ എം.കെ നാരായണനെ പുറത്താക്കി പ്രതി ചേർക്കുക, കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരമെന്ന് KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക