‘ഹോസ്റ്റലിൽ വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി; ക്രൂരമർദനത്തിന് 2 ബെൽറ്റ്, ഇരുമ്പുകമ്പി, വയറുകൾ’

0
2067

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സിദ്ധാർഥൻ

ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഇൗ വിദ്യാർഥി പറയുന്നു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നു.

ക്രൂരതയുടെ നാൾവഴി

∙ ഫെബ്രുവരി 14: തലേന്ന് കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുന്നു. തുടർന്ന് മർദനം. (ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല).

∙ ഫെബ്രുവരി 15: രാവിലെ സിദ്ധാർഥൻ അമ്മയെ വിളിച്ച് സ്പോർട്സ് ഡേ ആയതിനാൽ വീട്ടിലേക്കു വരികയാണെന്ന് അറിയിക്കുന്നു.

ഉച്ചയ്ക്ക് 2.20: ചുരത്തിൽ ഗതാഗതക്കുരുക്കാണെന്നും വൈകിട്ടത്തെ ട്രെയിനിലാകും വരികയെന്നും സിദ്ധാർഥൻ ഫോണിൽ അറിയിക്കുന്നു.

വൈകിട്ട് 6.30: വീട്ടിൽനിന്നു വിളിച്ചപ്പോൾ ട്രെയിനിൽ കയറിയെന്ന് പറയുന്നു. പിന്നീട് വിളിച്ചെങ്കിലും കിട്ടിയില്ല.

∙ ഫെബ്രുവരി 16 പുലർച്ചെ 4.00: കോളജിൽ അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് സഹപാഠി വിളിച്ചതിനാൽ എറണാകുളത്തിറങ്ങി മടങ്ങിപ്പോകുകയാണെന്നു സിദ്ധാർഥൻ അറിയിക്കുന്നു.

അന്നു രാവിലെ ക്യാംപസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിനു സമീപവും സിദ്ധാർഥനെ പ്രതികൾ സംഘം ചേർന്നു മർദിക്കുന്നു. സിദ്ധാർഥൻ പെൺകുട്ടിയോടു അപമര്യാദയായി പെരുമാറിയെന്ന് വൈകിട്ട് പ്രതികളുടെ നേതൃത്വത്തിൽ പ്രചാരണം. സിദ്ധാർഥനെ കോളജിലെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽനിന്നു പുറത്താക്കുന്നു. (സിദ്ധാർഥനെതിരെ പെൺകുട്ടിയെക്കൊണ്ടു പരാതി കൊടുപ്പിച്ചിരുന്നതായും അക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ക്യാംപസിലേക്കു തിരികെയെത്തിച്ചതെന്നും പറയപ്പെടുന്നു. അറസ്റ്റിലായവരിലൊരാളായ രെഹാനാണ് വിളിച്ചതെന്നും വിവരം).

∙ ഫെബ്രുവരി 17: ഹോസ്റ്റലിന്റെ നടുമുറ്റത്തു പരസ്യവിചാരണ. നഗ്നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ട മർദനം.

∙ ഫെബ്രുവരി 18: രാവിലെയും മർദനം. ഇതിനിടെ ഫോണിൽ വിളിച്ച അമ്മയോട് 24നു നാട്ടിലെത്താമെന്ന് സിദ്ധാർഥൻ അറിയിക്കുന്നു

ഉച്ചയ്ക്ക് 1.30: സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സഹപാഠികൾ കാണുന്നു.

ജെ.എസ്.സിദ്ധാർഥന്റെ മരണം: പ്രധാനപ്രതി അഖിൽ പാലക്കാട്ട് പിടിയിൽ

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്. 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാർഥൻ (20) ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്.

അഖിൽ

സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗമടക്കം 6 പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്.അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി.ആകാശ് (22), ആർ.ഡി.ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണു പിടിയിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്നു 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. ഇവരിൽ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 12 പേർ ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒളിവിൽപോയ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളായ 4 എസ്എഫ്ഐക്കാരെ സംഘടനയിൽനിന്നു പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞു.

ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. സിദ്ധാർഥനെ മർദിച്ചതടക്കമുള്ള കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നെന്നും ആരോപണമുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മനോരമ പ്രസിദ്ധീകരിച്ചത്