റിയാദ്: അബദ്ധത്തില്‍ സഊദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാന്‍ മലയാളി കൂട്ടായ്മകള്‍ രംഗത്ത്. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിന് ആവശ്യമായ 33 കോടി രൂപാ കണ്ടെത്താനാണ് ശ്രമം. വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിനായി കൈകോർത്ത് പ്രവാസി മലയാളികൾ റിയാദിൽ യോഗം ചേർന്നു. ആഗോള തലത്തില്‍ തന്നെ മലയാളി സമൂഹത്തെ പങ്കാളികളാക്കി ദിയ തുക സമാഹരിക്കാനുള്ള റഹീമിന്റെ കുടുംബത്തിന്റെയും നാട്ടിലെ റഹീം നിയമ സഹായ സമിതിയുടെയും തീരുമാനത്തിന് റിയാദിലെയും മറ്റും പ്രവാസികള്‍ പൂര്‍ണ പിന്തുണ നല്‍കും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇദ്ദേഹത്തിന്റെ മോചനത്തിനായി ഒറ്റക്കെട്ടായി ഇറങ്ങാനാണ് മലയാളികളുടെ തീരുമാനം. കഴിഞ്ഞ ദിവസം റിയാദിൽ ചേർന്ന മലയാളി സമൂഹമാണ് ഈ തീരുമാനം കൈകൊണ്ടത്. റിയാദ് ബത്ഹ അപ്പോളോ ഡി പാലസില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നജാത്തി (ദമാം)നിയമ വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. അഷ്‌റഫ് വേങ്ങാട്ട് കേസിന്റെയും നിയമ നടപടികളുടെയും വിശദാംശങ്ങള്‍ വിശദീകരിച്ചു. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, ലോക കേരള സഭ അംഗങ്ങളായ കെ പി എം സാദിക്ക് വാഴക്കാട്, ഇബ്രാഹിം സുബ്ഹാന്‍, സമിതി അംഗങ്ങളായ സിദ്ദീഖ് തുവ്വൂര്‍, നവാസ് വെള്ളിമാട്കുന്ന്, അര്‍ഷാദ് ഫറോക്ക്, മൊഹിയുദീന്‍, കുഞ്ഞോയി കോടമ്പുഴ, ഷമീം മുക്കം, പ്രവാസി കൂട്ടായ്മാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ നന്ദിയും പറഞ്ഞു
15 ദശലക്ഷം റിയാല്‍ (33 കോടി രൂപ) ദിയാധനം ലഭിച്ചാല്‍ മാപ്പ് നല്‍കുമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചിട്ടുണ്ടെന്ന് സഊദി വിദേശകാര്യമന്ത്രാലയം റിയാദ് ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. മാപ്പ് നല്‍കാന്‍ ദിയാപണം 33 കോടി രൂപ രണ്ടു മാസത്തിനകം വേണമെന്ന് സഊദി കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരണത്തിന് റഹീമിന്റെ കുടുംബത്തിന് പിന്തുണ നല്‍കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചത്. ഇന്ത്യന്‍ എംബസി ഇക്കാര്യം റഹീമിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം ഫണ്ട് കൈമാറണമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. റഹീം വധശിക്ഷ കാത്ത് അല്‍ഹായിര്‍ ജയിലിലാണ് കഴിയുന്നത്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സഊദി ഭരണാധികാരിക്ക് ദയാഹരജിയും നല്‍കിയിട്ടുണ്ട്.

നേരത്തെ കേസില്‍ കോടതി വിധിയില്‍ മാത്രം ഉറച്ചുനിന്നിരുന്ന സഊദി കുടുംബം ഇന്ത്യന്‍ എംബസ്സിയുടെയും നാട്ടിലും റിയാദിലും പ്രവര്‍ത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മര്‍ദത്തിന്റെ ഫലമായാണ് വന്‍ തുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നല്‍കാന്‍ മുന്നോട്ട് വന്നത്.
സഹായ ധനം സ്വീകരിക്കുന്നതിന്റെ ഭാഗമായി നാട്ടില്‍ നിയമ സഹായ സമിതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങും. ആവശ്യമെങ്കില്‍ വിവിധ ബാങ്കുകളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ആരംഭിക്കും. റിയാദില്‍ സഊദി കുടുംബത്തിന്റെ പേരില്‍ കോടതിയുടെ അനുമതിയോടെ അക്കൗണ്ട് ഉടന്‍ ആരംഭിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. വൻ തുകയായതിനാൽ വിവിധ കോണുകളിൽ നിന്നുള്ള സഹായം വേണ്ടി വരുമെന്നതിനാൽ വിവിധ രാജ്യങ്ങളില്‍ നാട്ടിലെ സമിതിയുടെ കീഴില്‍ പ്രത്യേക കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായി. കെ സുരേഷ് കുമാര്‍, കെ കെ ആലിക്കുട്ടി, എം ഗിരീഷ് എന്നിവർ ട്രസ്റ്റികളായി നാട്ടില്‍ റഹീം നിയമ സഹായ സമിതിയുടെ പേരില്‍ ഫണ്ട് സമാഹരണത്തിനായി പബ്ലിക് ട്രസ്റ്റ് രൂപകരിച്ചിട്ടുണ്ട്.
പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മണ്ഡലം എം എല്‍ എ കൂടിയായ മുഹമ്മദ് റിയാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായ നാട്ടിലെ ജനകീയ സമിതിയില്‍ എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുല്‍ സമദ് സമദാനി, എളമരം കരീം, പി.വി. അബ്ദുല്‍ വഹാബ്, എം എം.എല്‍.എമാരായ പി.കെ. കുഞ്ഞാലികുട്ടി, ഡോ. എം.കെ. മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, എം പി അബ്ദുള്ളകുട്ടി, എം.സി. മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല, വി.കെ.സി. മമ്മദ് കോയ, ബുഷ്‌റ റഫീഖ്, അഡ്വ. പി.എം. നിയാസ്, ശശി നാരങ്ങായില്‍, ഹുസൈന്‍ മടവൂര്‍, പി.സി. അഹമ്മദ്കുട്ടി ഹാജി, അഷ്‌റഫ് വേങ്ങാട്ട്, പ്രൊഫ്. എ കെ അബ്ദുല്‍ ഹമീദ്, ടി.രാധ ഗോപി, വി. മുഹമ്മദ് ഹസ്സന്‍, എ.അഹമ്മദ് കോയ, എന്‍.സി.ഹംസകോയ, മുരളി മുണ്ടെങ്ങാട്ട്, എം.എം. മുസ്തഫ, ബഷീര്‍ പാണ്ടികശാല,എം. പി അബ്ദുല്‍ ഹമീദ് എന്നിവര്‍ രക്ഷാധികാരികളാണ്. കെ. സുരേഷ് ചെയര്‍മാനും കെ.കെ. ആലിക്കുട്ടി ജനറല്‍ കണ്‍വീനറും എം. ഗിരീഷ് ട്രഷററുമാണ്.
2006 ഡിസംബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേ വർഷം നവംബറിലാണ് ഹൗസ്ഡ്രൈവർ ജോലിക്കായി റിയാദിലെ ത്തുന്നത്. സ്പോൺസറുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ അനസിനെ പരിചരിക്കുന്ന ജോലികൂടി റഹീമിനെ ഏൽപ്പിച്ചിരുന്നു.
കാറിൽ വീടിനുതൊട്ടടുത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് പോകവെ സിഗ്നൽ ലംഘിച്ചു വാഹനമോടിച്ചു പോകാൻ അനസ് ആവശ്യപ്പെട്ടു. ഇതിന് കൂട്ടാക്കാതിരുന്നതോടെ സഊദി ബാലൻ ആക്രോശിച്ചു റഹീമിന്റെ ശരീരത്തിലേക്ക് കാർക്കിച്ചു തുപ്പി. ഇതിൽ നിന്നു ഒഴിഞ്ഞു മാറുന്നതിനിടെ റഹീമിന്റെ കൈ അനസിന്റെ കഴുത്തിലെ പ്രത്യേക ഉപകരണത്തിൽ അബദ്ധത്തിൽ പതിച്ചു.
ഭക്ഷണം നൽകാൻ കഴുത്തിൽ ശസ്ത്രക്രിയ ചെയ്തു ഘടിപ്പിച്ചതായിരുന്നു ഉപകരണം. റഹീമിന്റെ കൈ പതിച്ചതോടെ ഉപകരണത്തിനു കേടുപറ്റുകയും ഇത് ബാലന്റെ മരണത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. ഭയപ്പെട്ട റഹീം എന്തുചെയ്യണമെന്നറിയാതെ ഉടൻ തന്നെ തന്റെ അടുത്ത ബന്ധു കോഴിക്കോട്, നല്ലളം ബസാർ, ചാലാട്ട് വീട്ടിൽ നസീർ അഹമ്മദിനെ വിളിച്ചുവരുത്തി. അപകടം മനസിലാക്കിയ നസീർ രക്ഷപ്പെടാനുള്ള പോംവഴിയെന്ന നിലയിൽ കവർച്ചക്കാരാൽ ഇരുവരും അക്രമിക്കപ്പെട്ട ഒരു കഥമെനയാൻ റഹീമിനോട് നിർദേശിച്ച് തിരിച്ചുപോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റഹീമിനെ അറസ്റ്റ് ചെയ്തു. അയാൾ അവസാനം വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെന്നനിലയിൽ മുഹമ്മദ് നസീറിനെയും പിന്തുടർന്ന് പിടികൂടി.
2012 ജനുവരി 26ന് ശരീഅഃ കോടതി റഹീമിന് വധശിക്ഷയും നസീറിന് രണ്ടുവർഷത്തെ തടവുശിക്ഷയും 300 അടിയും ശിക്ഷിച്ചു. അപ്പോഴേക്കും നാലുവർഷത്തെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരുന്നു. മലസ് സെൻട്രൽ ജയിലിൽ കഴിഞ്ഞ നസീർ 2016 ൽ മോചിതനായി.
റഹീമിന്റെ മോചനത്തിനായി കഴിഞ്ഞ 16 വർഷമായി റിയാദ് എംബസി വഴി കുടുംബം കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ രണ്ടു തവണ റഹീമിന്റെ അപ്പീൽ കോടതി തള്ളുകയും ചെയ്തു. റഹീമിന്റെ മോചനത്തിന് വേണ്ടി ഒരു ജനകീയ സഹായസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




