രാജ്യം പ്രതിസന്ധിയിലാകുമ്പോൾ എന്നും ജനം ആശ്രയത്തിനായി നോക്കുന്നത് കോൺഗ്രസ്സിനെ: വിഎസ് ജോയ്

0
523

ദമാം: രാജ്യം പ്രതിസന്ധിയിലാകുമ്പോൾ എന്നും ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസ്സിലാണ് ആശ്രയം കണ്ടിട്ടുള്ളത് എന്നത് ചരിത്രമാണെന്നും ഇന്ദിരാഗാന്ധി അധികാരത്തില്‍ നിന്നും പുറത്തായി രാജ്യം പ്രതിസന്ധി നേരിട്ടപ്പോള്‍ ജനങ്ങള്‍ ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കോണ്‍ഗ്രസിനെ തിരികെ അധികാരത്തില്‍ കൊണ്ടുവന്ന ചരിത്രമാണുള്ളതെന്നും എന്ന് മലപ്പുറം ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ വി. എസ്. ജോയ് പറഞ്ഞു. ഓഐസിസി ദമാം മലപ്പുറം ജില്ലാ കമ്മിറ്റി ബദർ അൽ റാബി ഹാളിൽ സംഘടിപ്പിച്ച മതേതരത്വ ജാഗ്രതാ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളികളെ നേരിടുന്ന സമയത്ത് രാഹുലിനെ വിളിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. ഇനി ഒരു തിരഞ്ഞെടുപ്പ് ഉണ്ടാവുമോ എന്ന്  ഉറപ്പിച്ച്‌ പറയാന്‍ ആവാത്തവിധം ഫാസിസ്റ്റുകള്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമയത്താണ് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് കടന്ന് വരുന്നത് എന്നും കോൺഗ്രസ്സ് രാജ്യത്ത് നടപ്പാക്കിയ ജനാതിപത്യവും മതേതരത്വവും അതേ പോലെ നില നിന്ന് കാണണമെങ്കിൽ മറ്റെല്ലാ ഭിന്നിപ്പുകളും മാറ്റിവെച്ച് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കരങ്ങൾക്ക് ശക്തി പകരുകയാണ് ഇന്ന് ഓരോ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്‌ നാടിന് നല്‍കിയ നന്മകള്‍ ഓരോന്നോരോന്നായി തകര്‍ക്കുന്നവരെ ശക്തമായി ചെറുക്കേണ്ടത് കോൺഗ്രസ്സിന്റെ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും  ഉത്തരവാദിത്തമാണ്. ഇന്ത്യക്കൊരു ലിഖിത ഭരണ ഘടന നൽകി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ  രാജ്യമായി ഇന്ത്യയെ കെട്ടിപ്പടുത്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടികൊടുത്ത കോൺഗ്രസ്സിനാണ് ബ്രിട്ടീഷുകാർ രാജ്യത്തിന്റെ ഭരണം കൈമാറിയത്. അന്ന് കോൺഗ്രസ്സ് നരേന്ദ്രമോഡിയെ പോലെ ചിന്തിച്ചിരുന്നുവെങ്കിൽ കോൺഗ്രസ്സ് മുക്ത ഭാരതമല്ല കോൺഗ്രസ്സ് മാത്രമുള്ള ഭാരതമാക്കി മാറ്റമായിരുന്നു. പക്ഷേ അതിന് മുതിരാതെ എല്ലാവരെയും ഒരുമിച്ച കൊണ്ട് പോകണം എന്ന് ചിന്തിച്ചത് കൊണ്ടാണ് ഗാന്ധി ഘാതകരായ ആർ എസ് എസിന്റെ പോലും നിരോധനം നീക്കി ബജെപിക്കും മൽസരിക്കാനുള്ള അവകാശം അന്ന് കോൺഗ്രസ്സ് നൽകിയത്.

കോണ്‍ഗ്രസ്‌ പരാജയപ്പെട്ടപ്പോളൊക്കെയും രാജ്യം പരാജയപ്പെട്ടിട്ടുണ്ട്. അത് സാമ്പത്തികമായ പ്രതിസന്ധിയാവാം, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ആവാം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകരുന്ന സാഹചര്യമാവാം. അപ്പോഴെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ തിരികെ വിളിച്ചിട്ടുണ്ട്. ഈ രാജ്യത്തിന് മതേതരത്വ ആശയം സമ്മാനിച്ചത്, അത് സംരക്ഷിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അത്കൊണ്ടാണ് ഈ രാജ്യം ഇങ്ങനെ തകരാതെ നില്‍ക്കുന്നത്.

മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍നിന്ന് കുത്തിയവരായ ബിജെപി. ഇന്ത്യയുടെ പൈതൃകങ്ങളും, ധിഷണാശാലികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഉണ്ടാക്കിയെടുത്ത പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലച്ചുകൊണ്ട് മനുഷ്യരുടെ സ്വൈര്യ ജീവിതം താറുമാറാക്കി കേന്ദ്രം ഭരിക്കുമ്പോൾ,  സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത, ഓഗസ്റ്റ് പതിനഞ്ചിനെ ആപത്ത് പതിനഞ്ച് എന്ന് വിളിച്ച് അപഹസിച്ച, ത്രിവർണ്ണപതാകക്ക് പകരം കരിംകൊടി ഉയർത്തിയ, ക്വിറ്റ്ഇന്ത്യ സമരത്തെ പരിഹസിച്ച കമ്യൂണിസ്റ്റ് പാർട്ടി അഴിമതിയില്‍ മുക്കികൊണ്ട് കേരളവും ഭരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ രണ്ട് ഗവർമെന്റുകൾക്കും എതിരെയുള്ള വിധിയെഴുത്തായിരിക്കണം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് എന്നും വി. എസ്. ജോയ് പറഞ്ഞു.

ലോകത്ത് പിറന്നു വീണ എല്ലാ മതങ്ങളും, ജാതികളും, സംസ്ക്കാരങ്ങളും കൈനീട്ടി സ്വീകരിച്ച ഇന്ത്യന്‍ പാരമ്പര്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. അത് കൊണ്ടാണ്, ഇന്ത്യാരാജ്യം ജീവിക്കുന്ന ഒരു ജൈവ മ്യൂസിയമായി നിലനില്‍ക്കുന്നത്. എഴുമുഖ്യമതങ്ങളും ആറായിരത്തിഇരുന്നൂറില്‍ അധികം ജാതികള്‍, ആറുമുഖ്യ വംശങ്ങള്‍, അൻപത്തിരണ്ട് വര്‍ഗ്ഗങ്ങള്‍, പതിനെട്ട് പ്രധാന ഭാഷകളും പാതിനാറായിരം ഉപഭാഷകളുമുള്ളതാണ് ഈ ഇന്ത്യ. താടിവെച്ചവരും വെക്കാത്തവരും, തലപ്പാവ് ധരിച്ചവരും അല്ലാത്തവരും, മതമുള്ളവരും ഇല്ലാത്തവരും അങ്ങനെ വൈജാത്യത്തിന്റെ മറ്റൊരു ഉദാഹരണവും മുന്നില്‍ വെക്കാന്‍ ഇല്ലാത്ത മഹത്തായ സംസ്കൃതിയാണ് ഇന്ത്യ. ഓരോ ഇന്ത്യക്കാരനും അവന്റെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും, ഇച്ഛയും, ഇഷ്ടവും അനുസരിച്ച് ജീവിക്കാന്‍ നിയമം നിര്‍മ്മിച്ച പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

ഇന്ത്യയില്‍ ഒരുപാട് പാർട്ടികളുണ്ട്. അതെല്ലാം പല വിഭാഗങ്ങളുടെ പാര്‍ട്ടിയാണ്, പലതരം ജാതിയുടെതും, വിവിധങ്ങളായ മതത്തിന്റേതും , വിവിധവര്‍ഗ്ഗങ്ങളുടേതുമാണ്‌. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എല്ലാവരുടെയുമാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ, കത്തിയവാര്‍മുതല്‍ കാമരൂപംവരെ, നാഗാലാ‌‍ന്‍ഡ് മുതല്‍ നാഗര്‍കോവില്‍വരെ, അസ്സാം മുതല്‍ ആന്‍ഡമാന്‍വരെ ലഡാക്ക് മുതല്‍ ലക്ഷദീപ് വരെ വ്യാപിച്ചുകിടക്കുന്ന എല്ലാവര്‍ക്കും എല്ലാവരുടേതും എന്ന് അവകാശപ്പെടാനുള്ള ഏക പാർട്ടി കോണ്‍ഗ്രസ്സ് മാത്രമാണ്.

ഈ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെല്ലാം കോണ്‍ഗ്രസിന്റെ നേതാക്കളാണ്. മറ്റൊരു പാര്‍ട്ടിയുടെ നേതാവും ഈ രാജ്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ല, നമ്മുടെ രാജ്യം ഭീതിദായകമായ അവസ്ഥയിലൂടെയാണ് പോയി കൊണ്ടിരിക്കുന്നത്, ആദിവാസികളെ, ന്യൂനപക്ഷങ്ങളെ പുഴുക്കളെ പോലെ ചവിട്ടിയരക്കുന്ന കാഴ്ചകളാണ് കാണുന്നത്. കശ്മീര്‍മുതല്‍ കന്യാകുമാരിവരെ ഉയരുന്ന നിലവിളികൾക്കിടയിലാണ് ഒരു ഇലക്ഷന്‍ വരുന്നത്. ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിധിയെഴുത്താണ് എന്ന് തിരിച്ചറിഞു കൊണ്ട് ഓരോ ഇന്ത്യക്കാരനും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു. പ്രവാസലോകത്തുള്ളവരും തങ്ങളുടെ കടമ തങ്ങളാൽ കഴിയും വിധം ശക്തമായി നിറവേറ്റേണ്ടതുണ്ട് എന്നും വി എസ് ജോയ് ഉണർത്തി. ഓഐസിസി ദമാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രവാസലോകത്തും നാട്ടിലും ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും പ്രശംസിച്ച ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ഓഐസിസി പ്രവർത്തകരെ കൂടി നാട്ടിലെ കോൺഗ്രസ്സ് കമ്മിറ്റികളിൽ ഉൾപ്പെടുത്തുന്ന കാര്യം സജീവമായ പരിഗണനയിൽ ഉണ്ടെന്നും പറഞ്ഞു.

ഓഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂർ വണ്ടൂർ അദ്ധ്യക്ഷത വഹിച്ച മതേതരത്വ ജാഗ്രതാ സംഗമം ദമാം റീജണൽ കമ്മിറ്റി പ്രസിഡണ്ട് ഇ. കെ. സലീം ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ ഡിസിസി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ മതേതരത്വ ഭാരതം – കോൺഗ്രസ്സ് വഴികളിലൂടെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം പാർട്ടി പതാക ജില്ലാ പ്രസിഡണ്ട് ഗഫൂർ വണ്ടൂരിനും ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരിക്കും നൽകി ഡിസിസി പ്രസിഡണ്ട് വി. എസ് ജോയ് നിർവഹിച്ചു.

ഓഐസിസി നാഷണൽ പ്രസിഡണ്ട് ബിജു കല്ലുമല, സി അബ്ദുൽ ഹമീദ്, കെപിസിസി ന്യൂനപക്ഷ സെൽ മലപ്പുറം ജില്ലാ വൈസ് ചെയർമാൻ സക്കീർ ഹുസ്സൈൻ കണ്ണേത്ത്, റഫീക്ക് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, കരീം പരുത്തികുന്നൻ, ഷിജിലാ ഹമീദ് എന്നിവർ സംസാരിച്ചു. സംഘടനാ ചുമതലയുള്ള മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജില്ലാ ട്രഷറർ ഷൌക്കത്ത് വെള്ളില നന്ദിയും പറഞ്ഞു. അബ്ദുൽ സലാം അവതാരകനായിരുന്നു. ജില്ലാ കമ്മിറ്റി നേതാക്കളായ അബ്ബാസ് തറയിൽ, അഷ്റഫ് കൊണ്ടോട്ടി, ഷാഹിദ് കൊടിയേങ്ങൽ, സിദ്ധീക്ക്, നഫീർ, ആസിഫ് താനൂർ, അൻവർ വണ്ടൂർ, നാദിർ, നിജാസ്, അബ്ദുള്ള തൊടിക, ഇക്ബാൽ മങ്കട, മുസ്തഫ ചേലക്കോടൻ, ഹാരിസ്, മുസ്തഫ സി. തുടങ്ങിയവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ വിവിധ ഏരിയ ജില്ലാ പ്രസിഡണ്ട്മാരും നേതാക്കളും പങ്കെടുത്തു. പ്രവിശ്യയിലെ പ്രമുഖ കലാപ്രതിഭകൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഗാനങ്ങളും പരിപാടിക്ക് വർണ്ണപ്പകിട്ട് നൽകി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക