ലണ്ടൻ: ജോർജ് മാർട്ടിൻ കരേനോയെ (30) കൊലപ്പെടുത്തിയ സംഭവത്തിൽ ട്രാൻസ്‌ജെൻഡറായ സ്കാർലറ്റ് ബ്ലേക്കിന് 24 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പൂച്ചകളെ കൊല്ലുന്നതിനെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഷോ സ്കാർലറ്റിനെ കൃത്യത്തിന് പ്രേരിപ്പിച്ചതായിട്ടാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
യുവാവിനെ കൊലപ്പെടുത്തുന്നതിന് മാസങ്ങൾ മുൻപ് പ്രതി പൂച്ചയെ കൊല്ലുന്നത് സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം ചെയ്തിട്ടുണ്ട്. പൂച്ചയെ കൊന്ന സംഭവത്തിൽ പ്രതി നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.ട്രാൻസ്‌ജെൻഡറായ സ്കാർലറ്റിനെ പുരുഷൻമാരുടെ ജയിലിലാണ് പാർപ്പിക്കുകയെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.
ഒൻപതാം വയസ്സിൽ ചൈനയിൽ നിന്ന് യുകെയിലെത്തിയ സ്കാർലറ്റ് 12-ാം വയസ്സിൽ ട്രാൻസ്‌ജെൻഡറാണെന്ന് വെളിപ്പെടുത്തി. ഇത് സ്കാർലറ്റിന്‍റെ മാതാപിതാക്കളെ അസന്തുഷ്ടരാക്കി. മുമ്പ് ആലീസ് വാങ് എന്നാണ് പ്രതി അറിയപ്പെട്ടിരുന്നത്. അക്രമണം, കൊലപാതക ചിന്ത എന്നിവയിൽ നിന്നും പ്രതി ലൈംഗിക സംതൃപ്തി കണ്ടെത്തിയതായി പ്രോസിക്യൂട്ടർ അലിസൺ മോർഗൻ കെസി കോടതിയിൽ വാദിച്ചു.
ജോർജ് മാർട്ടിൻ കരേനോ. കുടുംബം പുറത്ത് വിട്ട ചിത്രം
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ഗരത്തിലെ മിനി പ്ലാന്‍റൽ ജോലി ചെയ്തിരുന്ന കരേനോ സഹപ്രവർത്തകരുമായി ചേർന്ന് മദ്യപിച്ചു. മദ്യപാനത്തിന് ശേഷം തനിച്ച് നടന്ന് പോയ കരേനോയെ പ്രതി കണ്ടുമുട്ടി. ഇരുവരും ആളൊഴിഞ്ഞ നദീതീരത്തേക്ക് പോയി. അവിടെവച്ച് വോഡ്ക കുപ്പി കൊണ്ട് കരേനോയുടെ തലയ്ക്ക് അടിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഇതു സാധ്യമാകാതെ വന്നതോടെ നദിയിൽ തള്ളിയിട്ടു. നദിയിൽ മുങ്ങിയാണ് കരോനോ മരിച്ചത്.
യുഎസിലെ മറ്റൊരു ട്രാൻസ് വനിതയായ ആഷ്‌ലിൻ ബെല്ലുമായുള്ള ഓൺലൈൻ ബന്ധത്തെക്കുറിച്ച് പ്രതി മുമ്പ് ജൂറിയോട് വെളിപ്പെടുത്തിയിരുന്നു. പൂച്ചയെ കൊല്ലുന്നത് താൻ ആഗ്രഹിക്കാത്ത കാര്യമാണെന്നും ബെല്ലിനെ സന്തോഷിപ്പിക്കാനാണ് പൂച്ചയെ കൊന്നതെന്നും അത് ആസ്വദിക്കുന്നതായി നടിക്കുകയാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. അതേസമയം ഈ വാദം കോടതി തള്ളി കളഞ്ഞു. പ്രതിയുടെ പ്രവൃത്തികൾ അവർക്ക് ഇതിൽ നിന്ന് ‘വിചിത്രമായ ആനന്ദം’ ലഭിച്ചതായിട്ടാണ് കാണിക്കുന്നതെന്നാണ് കോടതി വിലയിരുത്തിയത്.