റഹ്‌മത്ത് ആലുങ്ങല്‍;  മാപ്പിളകലകളെ ഉപാസിക്കുന്ന വീട്ടമ്മ…

0
948

ജിദ്ദയിലെ മാധ്യമപ്രവർത്തകൻ ഹസൻ ചെറൂപ ഫേസ്ബുക്കിൽ കുറിച്ചത്👇

മാപ്പിള കലകളെ നെഞ്ചേറ്റിയ ഒരു വീട്ടമ്മയുണ്ട് ജിദ്ദയില്‍ – മലപ്പുറം കണ്ണമംഗലത്തുകാരി റഹ്‌മത്ത് ആലുങ്ങല്‍. അടുക്കളയില്‍ കലത്തോട് കിന്നാരം പറയുന്നതിനിടയില്‍ അണിയറയില്‍ കലയെ ഉപാസിക്കുകയും കൗമാരപ്രതിഭകളിലൂടെ അരങ്ങില്‍ അതൊരാഘോഷമാക്കി ആസ്വാദകരെ ഹര്‍ഷപുളകിതരാക്കുകയും ചെയ്യുന്ന അതുല്യകലാകാരി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദൈവിക വരദാനമായ സര്‍ഗവൈഭവം ജ്വലിച്ചുയര്‍ന്ന് ചുറ്റിലും പ്രകാശം ചുരത്താന്‍ ഒരൊറ്റ സ്പാര്‍ക്ക്‌ളിംഗ് മതിയെന്ന് പറയാറുണ്ട്. സര്‍ഗവൈഭവത്തോടൊപ്പം നിത്യാഭ്യാസവുമുണ്ടെങ്കില്‍, കലയുടെ ഔപചാരിക അധ്യയനമില്ലെങ്കില്‍പോലും അദ്ഭുതങ്ങള്‍ കാട്ടാനാവുമെന്ന് ഈ വീട്ടമ്മ തെളിയിച്ചുകൊണ്ടിരിക്കുന്നു. നൈതികമൂല്യങ്ങള്‍ കലകളുടെ ജീവാത്മാവും പരമാത്മാവുമായി നിലനിര്‍ത്തുന്നതിലും അവര്‍ ബദ്ധശ്രദ്ധയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ മാസം ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവും സംയുക്തമായി സംഘടിപ്പിച്ച സൗദി ഇന്ത്യ ഫെസ്റ്റിവലിലെ അവിസ്മരണീയ കലാവിരുന്ന്.

ഒരു പരിശീലനക്കളരിയിലും ചേരാതെ അടുക്കളയില്‍നിന്ന് നേരെ അണിയറയിലേക്കിറങ്ങിത്തിരിച്ച റഹ്‌മത്ത്, കലാകളരിയില്‍നിന്ന് കലയുടെ ലാസ്യഭാവങ്ങളും ശാസ്ത്രീയപാഠങ്ങളും അഭ്യസിച്ചശേഷം കൗമാരപ്രതിഭകളെ അഭ്യസിപ്പിക്കാനിറങ്ങിയവര്‍ക്ക് നടുവില്‍ തികഞ്ഞ മെയ്‌വഴക്കത്തോടെ ലക്ഷണമൊത്ത കൊറിയോഗ്രഫറായി അപാര ഫോമിലാണ്.

മേമ്പൊടിക്കുപോലും കലാമൂല്യമില്ലാത്ത അടിപൊളിപരിപാടികള്‍ അരങ്ങ് വാഴുന്നതിനിടയില്‍ മൗലികതയും നൈതികതകയും ചോര്‍ന്നുപോവാതെ, ഒട്ടും വെള്ളം ചേര്‍ക്കാതെ മാപ്പിളക്കലകള്‍ അഭ്യസിക്കുന്നതിന്  കുരുന്നുപ്രതിഭകളെ പൂര്‍ണസജ്ജരാക്കുന്നതിനൊപ്പം, കോസ്റ്റിയൂമിലെ സൂക്ഷ്മ നൈതികവശങ്ങള്‍പോലും കിറുകൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതില്‍ ജാഗരൂകരാണവര്‍.

മാപ്പിളകലകളില്‍ ഒപ്പനയാണ് ഏറെ പഥ്യം. തനത് ഒപ്പന ചിട്ടപ്പെടുത്തുന്നതില്‍ റഹ്‌മത്ത് ആലുങ്ങലിനെ വെല്ലാന്‍ മുത്തശ്ശി നഗരത്തില്‍ മറ്റാരുമില്ലെന്ന് അനവധി തവണ അവര്‍ തെളിയിച്ചതാണ്. ജിദ്ദയിലെ ഒപ്പന മത്സരങ്ങളില്‍ അവര്‍ ചിട്ടപ്പെടുത്തിയ ഇനത്തിന് ഒന്നിലേറെ ട്രൂപ്പുകള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. മാപ്പിള കലാഅക്കാദമി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായി. ലാലു സൗണ്ട്‌സ് മൂന്ന് തവണ സംഘടിപ്പിച്ച മത്സരങ്ങളിലും മികവുറ്റ പ്രകടനങ്ങളാണ് റഹ്‌മത്തിന്റെ കുട്ടികള്‍ കാഴ്ചവെച്ചത്. “ആദ്യതവണ, ഞാന്‍ ചിട്ടപ്പെടുത്തിയ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. രണ്ടാമത്തെ തവണ രണ്ടും മൂന്നും സ്ഥാനങ്ങള്‍ . മൂന്നാം തവണ ഒന്നും മൂന്നും കിട്ടി. രണ്ട് തവണ ബെസ്റ്റ് മണവാട്ടി പട്ടവും നമ്മുടെ കുട്ടികള്‍ക്കുതന്നെ…”

മാപ്പിളകലകളില്‍ റഹ്‌മത്തിന് വഴങ്ങാത്തതായി ഒന്നുമില്ലെന്നുതന്നെ പറയാം. സൗദി ഇന്ത്യ ഫെസ്റ്റിവലില്‍ ആസ്വാദകരുടെ മനംകുളിര്‍പ്പിച്ച  ഒപ്പന, ഫ്യൂഷന്‍ ഒപ്പന, ഫ്യൂഷന്‍ ഡാന്‍സ്, വെല്‍ക്കം സോംഗ്,  സൂഫി ഡാന്‍സ്, ഖവാലി ഡാന്‍സ് എന്നിവക്കൊപ്പം ഗുജറാത്തി ഡാന്‍സിന്റെ കൊറിയോഗ്രഫിയും നിര്‍വഹിച്ചു. പെണ്‍കുട്ടികളുടെ കോല്‍ക്കളി, സംഗീതനാടകം, സംഗീതശില്‍പം, ദഫ് മുട്ട് എന്നിവ ചിട്ടപ്പെടുത്തുന്നതിലും ഈ കലാകാരിക്ക് അതുല്യവൈഭവമാണ്. 2019 ല്‍ കോണ്‍സുലേറ്റില്‍ വെച്ച് നടന്ന ജിജിഐയുടെ ഗ്രൗണ്ട്‌ബ്രേക്കിംഗ് ഇവെന്റായിരുന്ന മുസ്‌രിസ് ടു മക്ക ഫെസ്റ്റിവലിലും കലാപരിപാടികള്‍ ചിട്ടപ്പെടുത്തിയത് ജിജിഐയുടെ ലേഡീസ് വിംഗ് കണ്‍വീനര്‍ കൂടിയായ റഹ്‌മത്താണ്.

ജിദ്ദയിലായാലും നാട്ടിലായാലും കണ്ണമംഗലം കൂട്ടായ്മയുടെ ആഘോഷപരിപാടികള്‍ വരുമ്പോള്‍, കൊറിയോഗ്രഫി മൊത്തം റഹ്‌മത്തിന്റെ ചുമലിലാണ്. നൂറ്റമ്പതോളം കുട്ടികളെ പതിനഞ്ചിലേറെ പരിപാടികള്‍ക്ക് ഒറ്റക്ക് ചിട്ടപ്പെടുത്തിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. നാലഞ്ച് മണിക്കൂറിലേറെ നീണ്ട കലാപരിപാടികള്‍. ഒട്ടും ലാഗില്ലാതെ, വൈവിധ്യമാര്‍ന്ന നാനാതരം നൃത്തനര്‍ത്യങ്ങള്‍. അവയ്‌ക്കൊക്കെയും വെറൈറ്റി കോസ്റ്റിയൂംസ്. പല പ്രായക്കാരും അഭിരുചിക്കാരുമായ കുട്ടികളെ മുത്തുമാലയില്‍ കോര്‍ത്തെടുത്തപോലെ ഒരേ താളലയങ്ങളില്‍ ചിട്ടപ്പെടുത്തുക ഈ കലാകാരിക്ക് ക്ഷിപ്രസാധ്യമാണ്.

കലയോടുള്ള അതീവ പ്രതിപത്തിയും അര്‍പ്പണബോധവും അടുക്കളജോലിക്കൊപ്പം എങ്ങനെ സമാസമം ചേര്‍ത്ത് അനിതരസാധാരണ വൈഭവത്തോടെ, തികഞ്ഞ അച്ചടക്കത്തോടെ ആസ്വാദന മികവിന്റെ പൊന്നേടുകള്‍ രചിക്കാമെന്ന് കാട്ടിത്തരുന്ന റഹ്‌മത്ത്, തന്റെ വിജയഗാഥയ്ക്കുപിന്നിലെ ചാലകശക്തിയും താങ്ങും തണലും പ്രിയതമന്‍ ആലുങ്ങല്‍ ചെറിയ മുഹമ്മദാണെന്ന് ആണയിടുന്നു. സൗദി ഇന്ത്യ ഫെസ്റ്റിവലില്‍ ഒരു മാസത്തിലേറെക്കാലം കൗമാരപ്രതിഭകളെ സജ്ജരാക്കുന്നതിന് ദിനേന മണിക്കൂറുകള്‍ ചെലവിട്ടശേഷം, മിതമായ നിരക്കില്‍ കോസ്റ്റിയൂം ഉടയാടകള്‍ തെരഞ്ഞ് ജിദ്ദാ നഗരത്തില്‍ അര്‍ധരാത്രി വരെയും അലഞ്ഞ് നടന്ന എത്രയും ദിവസങ്ങള്‍ റഹ്‌മത്തിനും മുഹമ്മദ് സാഹിബിനും ഓര്‍ത്തെടുക്കാനുണ്ട്.

22 വര്‍ഷം മുമ്പ് കൗമാപ്രായത്തില്‍ മലര്‍വാടി കുട്ടികളെ പ്രാക്ടീസ് ചെയ്തുകൊണ്ടായിരുന്നു കലാസപര്യക്ക് തുടക്കം. ഇന്നിപ്പോള്‍, വര്‍ണശബളമായ കലാസൗകുമാര്യതയുടെ പരിമളം പരത്തുന്ന മലര്‍വാടി തന്നെ തീര്‍ത്തിരിക്കുന്നു അവര്‍. പേര് അന്വര്‍ഥമാക്കുംവിധം ഈ അനുഗ്രഹീത കലാകാരിക്ക് കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ നേരുകയാണ്
— ഹസന്‍ ചെറൂപ്പ

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക