Friday, 19 April - 2024

ഗൾഫിൽ ഹിറ്റായി മലയാളിയുടെ അറബ് സംഗീതം; പാലക്കാട് സ്വദേശിയുടെ പാട്ട് ജീവിതം ബലൂൺ കച്ചവടത്തിനിടെ

ദുബൈ: 27 രാജ്യങ്ങളുടെ  പവിലിയനുകൾ സാന്നിധ്യമറിയിക്കുന്ന ദുബൈയിലെ ഗ്ലോബൽ വില്ലേജിന്‍റെ ‘അനൗദ്യോഗിക ആസ്ഥാനഗായകനാ’ണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഉണ്ണീൻ എന്ന മലയാളി യുവാവ്. ആഗോള ഗ്രാമത്തിൽ ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്ന ഇദ്ദേഹം ആരവങ്ങളിൽ താളവും സംഗീതവും കണ്ടെത്തി പാടിത്തകർക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘സിമിൽ അംജാദ് ബി മുഹമ്മദ്…’ എന്ന് തുടങ്ങുന്ന, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും പ്രസിഡഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും മറ്റു ഭരണാധികാരികളെയും കുറിച്ച് പ്രശസ്ത സ്വദേശി ഗായകൻ ഹുസൈൻ അൽ ജാസ്മിയും ഹാമി അൽ ദാറും ചേർന്ന് പാടിയ ദേശഭക്തി ഗാനമാണ് മുഹമ്മദ് ഉണ്ണീന്‍റെ ഹിറ്റ് പാട്ടുകളിൽ ഒന്ന്. 

ഈ പാട്ടുകേൾക്കാൻ ഇദ്ദേഹത്തിന് ചുറ്റും ആളുകൾ തടിച്ചുകൂടുന്നു. ആറ് വർഷത്തോളമായി ഗ്ലോബൽ വില്ലേജിൽ ബലൂണുകളും,പോപ് കോണുകളും, കളിക്കോപ്പുകളും വിൽക്കുന്ന മുഹമ്മദ് ഉണ്ണീൻ സന്ദർശകരായ അറബി കുടുംബത്തിലെ കുട്ടി കരഞ്ഞപ്പോൾ അവനെ രസിപ്പിക്കാനാണ് ആദ്യമായി അറബിക് പാട്ട് മൂളിയത്. ചെറുപ്പത്തിലേ അറബിപ്പാട്ടുകൾ ഇഷ്ടമായിരുന്നതിനാലും പാടി നടന്നിരുന്നതിനാലും കുറച്ചൊക്കെ അറിയാവുന്നത് വച്ച് പാടി നോക്കിയതാണെന്നാണ് മുഹമ്മദ് ഉണ്ണീൻ പറയുക. പക്ഷേ, സംഗതി ഏറ്റു. കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ മുഖത്ത് പാട്ടുപോലെ പുഞ്ചിരിവിടർന്നു. തുടർന്ന് ഇത് പതിവാക്കി.

പശ്ചാത്തലസംഗീതമാക്കി പാടിത്തകർത്തപ്പോള്‍ അത് ഗ്ലോബൽ വില്ലേജിലെ പൊലീസ് അടക്കമുള്ള സെക്യുരിറ്റി ഉദ്യോഗസ്ഥരും മറ്റു അധികൃതരും ശ്രദ്ധിക്കാൻ തുടങ്ങി. എല്ലാവരും മുഹമ്മദ് ഉണ്ണീനെ കൊണ്ട് തുടരെത്തുടരെ പാടിച്ചു. പലരും സമൂഹമാധ്യമങ്ങളിൽ അറബികിൽ ഇദ്ദേഹത്തെ പരിചയപ്പെടുത്തി. ഇതാ നോക്കൂ, നമ്മുടെ ദേശ ഭക്തിഗാനമടക്കമുള്ള അറബിക് പാട്ടുകൾ ഗ്ലോബൽ വില്ലേജിലെ ഒരു ഇന്ത്യൻ സെയിൽസ് മാൻ പാടുന്നു എന്ന പോസ്റ്റുകൾ കണ്ട് കൂടുതൽ ആളുകൾ ഈ യുവ ഗായകനെ തേടിയെത്തി. കച്ചവടത്തിരക്കിനിടയിലും എല്ലാവർക്കും വേണ്ടി പാടാൻ ഇദ്ദേഹം സമയം കണ്ടെത്തി.

ഔപചാരികമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സ്കൂളിൽ പഠിക്കുമ്പോഴേ പാട്ടുകൾ മൂളി നടക്കുമായിരുന്നു. മലയാളത്തോടൊപ്പം, ഹിന്ദി, അറബിക് പാട്ടുകളായിരുന്നു ഇഷ്ടം. നാട്ടിൽ അരി–പലചരക്ക് മൊത്തക്കച്ചവടനക്കാരനായിരുന്നപ്പോഴും പിന്നീട് യുഎഇയിലെത്തിയപ്പോഴും പാട്ടിനെ അതിന്‍റെ പാട്ടിന് വിടാതെ കൂടെക്കൊണ്ട് നടന്നു. എങ്കിലും സ്റ്റേജിലോ ഗാനമേളകളിലോ മറ്റോ ഇതുവരെ പാടിയിട്ടില്ല. എന്നാൽ, ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പാട്ടുകൾ പോസ്റ്റ് ചെയ്തപ്പോൾ കാണാനും കേൾക്കാനും എത്തിയത് ലക്ഷങ്ങൾ.

മലയാളികളുടേതിനേക്കാൾ അറബികൾക്കിടയിലാണ് തന്‍റെ പാട്ടുകൾ പാട്ടായതെന്ന് മുഹമ്മദ് ഉണ്ണീൻ പറയുന്നു. ചില ഗാനങ്ങൾക്കിടയിൽ സംഗീതം അനിവാര്യമായതിനാൽ കൈ കൊണ്ടും എടിഎം, നോൽ കാർഡുകൾ ഉപയോഗിച്ചും ഇദ്ദേഹം സംഗീതം നൽകി ശ്രോതാക്കളെ അമ്പരിപ്പിക്കുന്നു.

അറബ് ലോകത്തെ ഏറ്റവും പ്രശസ്തനായ പിയാനിസ്റ്റും സംഗീത സംവിധായകനും ഗായകനുമാണ് യുഎഇയിലെ ഖോർഫക്കാൻ സ്വദേശിയായ ഹുസൈൻ അൽ ജാസ്മി. പാട്ടുകളിലും ആലാപനത്തിലും ഏറെ വ്യത്യസ്തതകൾ കൊണ്ടുവരുന്ന, പ്രതിഭാധനനായ ഗായകനാണ് ഇദ്ദേഹമെന്ന് മുഹമ്മദ് ഉണ്ണീൻ പറയുന്നു.  യു ട്യൂബിൽ 10 ലക്ഷത്തോളം  വരിക്കാറുള്ള അദ്ദേഹത്തിന്‍റെ യുഎഇ ദേശഭക്തിഗാനം ഇതിനകം കണ്ടത് എട്ട് ലക്ഷത്തോളം പേർ.

ആ ഗാനമാണ് മുഹമ്മദ് ഉണ്ണീന് ഏറ്റവുമിഷ്ടവും എപ്പോഴും പാടുന്നതും. ഗ്ലോബൽ വില്ലേജ് സന്ദർശകരില്‍ മിക്കവരും ആവശ്യപ്പെടുക ആ ഗാനം പാടാൻ തന്നെയാണ്. ഹല തുർക്കി, നാൻസി അജ്റാം, മറിയം ഫാരിസ്, ഹമി അൽദാർ എന്നിവരും പ്രിയ ഗായകർ തന്നെ. ഹിന്ദിയിൽ സോനു നിഗം, ഉദിത് നാരായണൻ എന്നിവരെയാണ് ഏറ്റവുമിഷ്ടം.

വർഷങ്ങൾക്ക് മുൻപാണ് ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ആ സംഭവം അരങ്ങേറിയത്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള പാക്ക് സൂപ്പർ ഗായകൻ ആതിഫ് അസ്ലമിന്‍റെ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോയിൽ മുഹമ്മദ് ഉണ്ണീനും പാടാൻ അവസരം ലഭിച്ചു. ഇത് തന്‍റെ പാട്ടു ജീവിതത്തിൽ ഏറെ ആത്മവിശ്വാസം തന്ന സുവർണ നിമിഷങ്ങളായിരുന്നുവെന്ന് ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു. പാടിക്കഴിഞ്ഞ് ആതിഫ് അസ് ലത്തെ പരിചയപ്പെട്ടു. പാട്ട് നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. വോ ലംഹെ..  തുടങ്ങിയ ഹിറ്റ് ഹിന്ദി പാട്ടുകളിലൂടെ ഇന്ത്യക്കാർക്കും സുപരിചിതനാണ് ആതിഫ് അസ് ലം.

അല്ലെങ്കിൽ സംഗീതം സൈഡായി കൊണ്ടുപോവുക–എന്തുകൊണ്ട് സംഗീതത്തിൽ കൂടുതൽ ശ്രദ്ധ ചേലുത്തുന്നില്ല എന്ന ചോദ്യത്തിന് മുഹമ്മദ് ഉണ്ണീന് പറയാനുള്ളത് ഈ മറുപടിയാണ്. ഏറ്റവും തിരക്കുള്ള, പ്രശസ്തനായ സംഗീതജ്ഞരായാലേ അതൊരു തൊഴിൽ എന്ന നിലയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ളൂ. മാതാപിതാക്കളും ഭാര്യയും കുഞ്ഞുമുള്ള, ബാധ്യതകളുള്ള തന്നെ പോലുള്ള ചെറിയ ഗായകർക്ക് പാഷനായി കൊണ്ടു നടക്കാമെന്നല്ലാതെ ഉപജീവനമായി സ്വീകരിക്കാനാവില്ല.  നല്ലൊരു സ്റ്റേജ് കിട്ടാൻ, അല്ലെങ്കിൽ സിനിമയിൽ എന്തിന്, ആൽബത്തിൽ പാടാൻ പോലും അങ്ങോട്ട് പണം നൽകേണ്ട ഗതികേടാണ് ഇന്ന് പല യുവ ഗായകർക്കുമുള്ളത്. അതുകൊണ്ട് ഞാൻ സംഗീതത്തെ പ്രിയപ്പെട്ട പാഷനായി കൊണ്ടുനടന്ന് വേറെ തൊഴിലെടുത്ത് ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്.മികച്ച മത്സ്യ മിശ്ര കർഷകനുള്ള മണ്ണാർക്കാട് മുനിസിപാലിറ്റിയുടെ അവാർഡ് 2022ൽ നേടിയിട്ടുള്ള മുഹമ്മദ് ഉണ്ണീൻ വീടിനോട് ചേർന്ന് വലിയൊരു ഫാമും നടത്തിവരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്

Most Popular

error: