കോഴിക്കോട്: ഇന്ത്യയിലേയും വിദേശത്തെയും നക്ഷത്ര ഹോട്ടലുകളിൽ ദീർഘകാലം ഷെഫായി സേവനമനുഷ്ഠിക്കുകയും ടിവി ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത യുവ ഷെഫ് സജിത്രൻ കെ ബാലൻ (44) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് സജിത്രൻ മരണത്തിന് കീഴടങ്ങിയത്. 12 വർഷത്തോളം ജി സി സി രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന സജിത്രൻ പ്രവാസികളുടെ പ്രിയങ്കരനായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പാചക കലയിലെ നൈപുണ്യം കൊണ്ട് ശ്രദ്ധേയനാകുമ്പോൾ തന്നെ കലാ – സാംസ്കാരിക മേഖലകളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. ഡോക്യുമെന്‍ററികൾ ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ മുതലായ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏഷ്യനെറ്റ് ന്യൂസിൽ പ്രക്ഷേപണം ചെയ്ത മൈ സൂപ്പർ ഷെഫ്, മീഡിയ വണിൽ പ്രക്ഷേപണം ചെയ്ത പച്ചമുളക്, ട്രീറ്റ് കുക്കറി ഷോ തുടങ്ങിയ പരിപാടികളിലൂടെ സജിത്രൻ ജനശ്രദ്ധയാകർഷിച്ചിരുന്നു.
ബേസിക് നോളജ് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ്, ദി വോയ്സ് ഓഫ് വയനാട് തുടങ്ങിയ ഡോക്യുമെന്‍ററികൾ സജിത്രൻ സംവിധാനം ചെയ്തിട്ടുണ്ട്. ഷോർട്ട് ഫിലിമുകളായ സ്വർഗ്ഗം ഭൂമിയിൽ തന്നെ, ഔട്ട് ഓഫ് റേഞ്ച്, ദി ലോസ്റ്റ് ചൈൽഡ് തുടങ്ങിയവയുടെയും സംവിധായകൻ ആയിരുന്നു.
ഇന്ത്യയിലെ മുൻനിര നക്ഷത്ര ഹോട്ടലുകളായ മയൂര റസിഡൻസി, വൈശാഖ് ഇന്‍റർനാഷണൽ, പാരമൗണ്ട് ടവർ, മലബാർ ഗേറ്റ്, ബലബാർ റസിഡൻസി, റീജിയൺ ലെയ്ക്ക് പാലസ്, ഹോട്ടൽ ഹിൽ പാലസ് വയനാട് റീജൻസി, ജി സി സി രാജ്യങ്ങളിലെ നെല്ലറ ഗ്രൂപ്പ് ഓഫ് റസ്റ്റോറന്‍റ്, റാമി ഇൻറർനാഷണൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, തുടങ്ങിയ ഹോട്ടലുകളിൽ കോർപറേറ്റ് ഷെഫ് ആയും എക്സിക്യൂട്ടീവ് ഷെഫ് ആയും പദവികൾ വഹിച്ചിട്ടുണ്ട്.
കോഴിക്കോട് കെ പി എം ട്രൈപെന്‍റെ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫായിരിക്കേയാണ് മരണം കീഴടക്കിയത്. കുണ്ടുതോട് തോട്ടക്കാട് മിച്ചഭൂമി സമരയോദ്ധാവും സി പി എം മുൻകാല ബ്രാഞ്ച് സെക്രട്ടറിയുമായ പരേതനായ കുട്ടിക്കുന്നുമ്മൽ ബാലനാണ് സജിത്രന്‍റെ പിതാവ്. ഭാര്യ വിനീത സജിത്രൻ. മകൻ ഫിദൽ വി സജിത്രൻ, സഹോദരൻ സജി കുട്ടിക്കുന്നുമ്മൽ മഹാരാഷ്ട്രയിൽ അധ്യപകനാണ്. പരേതയായ കുട്ടിക്കുന്നുമ്മൽ കല്യാണിയാണ് മാതാവ്.
ഏഷ്യനെറ്റ് ന്യൂസിൽ സജിത്രൻ അവതരിപ്പിച്ച ‘മൈ സൂപ്പർ ഷെഫ്’ കാണാം👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക