Thursday, 12 December - 2024

സഊദിയിൽ ചില സാഹചര്യങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കും

ജിദ്ദ: ചില സാഹചര്യങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം.

സ്വദേശികളും വിദേശികളും അടക്കം ഒമ്പതും അതില്‍ കുറവും ആകെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കും. ഇത്തരം സ്ഥാപനങ്ങളിലെ ഫുള്‍ടൈം ജീവനക്കാരന്‍ എന്നോണം ഉടമയെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

തൊഴിലുടമക്കു പുറമെ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു സൗദി ജീവനക്കാരനെ കൂടി ഫുള്‍ടൈം അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ നിയമിക്കുന്ന പക്ഷം സ്ഥാപനത്തിലെ നാലു വിദേശ തൊഴിലാളികളെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലെവിയില്‍ നിന്ന് ഒഴിവാക്കും.

സ്വദേശികളും വിദേശികളും അടക്കം ആകെ ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള, ഫുള്‍ടൈം ജീവനക്കാരന്‍ എന്നോണം ഉടമയെ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ രണ്ടു വിദേശ തൊഴിലാളികളെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലെവിയില്‍ നിന്ന് ഒഴിവാക്കും.

വ്യവസായ മന്ത്രാലയം വഴി ലെവി ഇളവ് നേടിയ വ്യവസായ സ്ഥാപനങ്ങളെയും ലെവിയില്‍ നിന്ന് ഒഴിവാക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഓരോ വ്യവസായ സ്ഥാപനത്തിലെയും എത്ര തൊഴിലാളികളെ വീതമാണ് ലെവിയില്‍ നിന്ന് ഒഴിവാക്കുക എന്ന കാര്യം വ്യവസായ മന്ത്രാലയമാണ് കൃത്യമായി നിര്‍ണയിക്കുകയെന്നും ഖിവാ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.

സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ഇവരുടെ ആശ്രിതര്‍ക്കും ലെവി ബാധകമാണ്. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് മാസത്തില്‍ 800 റിയാല്‍ തോതിലും ആശ്രിതര്‍ക്ക് 400 റിയാല്‍ തോതിലുമാണ് ലെവിയായി അടക്കേണ്ടത്. നേരത്തെ ഒരു വര്‍ഷത്തെ ലെവി മുന്‍കൂട്ടി ഒന്നിച്ച് അടക്കുകയായിരുന്നു വേണ്ടത്. നിലവില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ ലെവി അടക്കാന്‍ സൗകര്യമുണ്ട്.

Most Popular

error: