ജിദ്ദ: 2024 ഹജ്ജി നായുള്ള കരാറിൽ ഒപ്പിടൽ ഞായറാഴ്ച. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ ജനുവരി ഏഴിന് ഇതിനായി ജിദ്ദയിലെത്തും.
ശേഷം ഇന്ത്യയില്‍ നിന്നുള്ള 1,75,000 ഹജ് തീര്‍ഥാടകരുടെ പാര്‍പ്പിടം, യാത്ര, മറ്റു ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ചും എംബസി / കോണ്‍സുലേറ്റ് അധികൃതരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഇന്ത്യന്‍ ഹാജിമാരുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ നാലിന് ആരംഭിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്കാണ് അനുമതിയെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നേരെത്തെ അറിയിച്ചിരുന്നു. സൗദിയിലെത്തുന്ന ഇന്ത്യൻ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മുസ്‌ലിം തീർഥാടകർക്ക് ഹജ് മന്ത്രാലയത്തിന് കീഴിലുള്ള നുസുക് പ്ലാറ്റ് ഫോം വഴി ഹജിനായി രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ ഇന്റർനാഷനൽ കമ്മ്യൂണിക്കേഷൻ (സിഐസി) വെളിപ്പെടുത്തി.




