ഇന്ത്യയിലോ ഒമാനിലോ യുഎഇയിലോ? ഗൾഫിൽ കാണാതായ മലയാളിയെ കുറിച്ച് മാസങ്ങളായിട്ടും വിവരമൊന്നുമില്ല

0
1776

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പോയ ജംഷീര്‍ എങ്ങനെ ഹൈദരാബാദിലെത്തി? മകനെ തേടി കുടുംബം

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ജോലിചെയ്യവെ വിസ ശരിയാക്കുന്നതിനായി ഒമാനിലേക്ക് പോകുന്നതായി വീട്ടുകാരെ അറിയിച്ച ശേഷം കാണാതായ മലയാളിയെ കുറിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. പോലീസിന്റെ അന്വേഷണത്തില്‍ ഹൈദരാബാദിലും കരിപ്പൂരിലും എത്തിയിരുന്നതായി കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴും എവിടെയാണെന്ന് വ്യക്തമല്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മലപ്പുറം എടപ്പാള്‍ നെല്ലിശേരി മുക്കടേക്കാട്ട് ജംഷീറിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് സമര്‍പ്പിച്ച ഹരജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ജനുവരി 10നകം മറുപടി നല്‍കാനാണ് നിര്‍ദേശം.

ജംഷീര്‍ ഇപ്പോള്‍ ഗള്‍ഫിലുണ്ടോ അതോ നാട്ടിലേക്ക് മടങ്ങിയോ എന്നു പോലും വ്യക്തമല്ല. നാട്ടിലെ ബന്ധുക്കളും യുഎഇയിലെ പരിചയക്കാരും അന്വേഷണം തുടരുകയാണ്. ഒരു വര്‍ഷം മുമ്പാണ് ജംഷീര്‍ യുഎഇയിലേക്ക് പോകുന്നത്. എറണാകുളത്തായിരുന്നു അതുവരെ ജോലി. അജ്മാനില്‍ താല്‍കാലികമായി സെയില്‍സ്മാനായി ജോലി ലഭിച്ചതോടെയാണ് വിമാനം കയറിയത്. കുറച്ചുകാലം ജോലി ചെയ്ത ശേഷം കമ്പനി വിസ അനുവദിച്ചിട്ടുണ്ടെന്നും വിസ മാറ്റാനായി ഒമാനിലേക്ക് പോകുകയാണെന്നും വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നാണ് ജംഷീറിനെ കാണാതായത്.

രണ്ട് തവണ വിസിറ്റിങ് വിസ പുതുക്കാന്‍ ഒമാനില്‍ പോയി എന്നാണ് കുടുംബത്തിന് ജംഷീറില്‍ നിന്ന് ലഭിച്ച വിവരം. ജനുവരിയില്‍ മൂത്ത സഹോദരന്‍ നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് യുഎഇയിലെത്തിയപ്പോള്‍ ജംഷീറിനെ കണ്ടിരുന്നു. രണ്ടാം തവണ വിസ പുതുക്കാന്‍ പോകുന്ന വേളയില്‍ ഒരു കമ്പനി ജോലി ശരിയായിട്ടുണ്ടെന്നു ജംഷീര്‍ കുടുംബത്തെ ടെക്‌സ്റ്റ് മെസ്സേജായി അറിയിച്ചിരുന്നു.

ഒമാനില്‍ രണ്ടാഴ്ച നില്‍ക്കേണ്ടി വരുമെന്നും അതിന് ശേഷമേ ഇനി വിളിക്കൂ എന്നും ജംഷീര്‍ പറഞ്ഞിരുന്നു. പിന്നീട് വിളിച്ചില്ല. മെസ്സേജും വന്നില്ല. റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ അജ്മാനില്‍ ജംഷീര്‍ താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷിച്ചിരുന്നു. ജംഷീര്‍ പറഞ്ഞ കമ്പനിയിലും അന്വേഷിച്ചു. യുഎഇയില്‍ എമിഗ്രഷന്‍ ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് മാര്‍ച്ച് 22ന് ജംഷീര്‍ ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയി എന്ന വിവരം ലഭിച്ചത്.

മാര്‍ച്ച് അവസാന വാരം ജംഷീര്‍ ഹൈദരാബാദില്‍ എത്തി എന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന വിശദമായ അന്വേഷണത്തില്‍ പോലീസിന് ലഭിച്ച വിവരം. പോലീസ് ഹൈദരാബാദിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആദ്യതവണ വിസിറ്റിങ് വിസ കഴിഞ്ഞ ജനുവരിയില്‍ ജംഷീര്‍ കരിപ്പൂരിലെത്തി ഒരാഴ്ച താമസിച്ചുവെന്ന വിവരവും പോലീസിന് ലഭിച്ചു. എന്നാല്‍ ജംഷീര്‍ എവിടെ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

യുഎഇയില്‍ എമിഗ്രേഷനില്‍ അന്വേഷിച്ചപ്പോള്‍ മാര്‍ച്ചിന് ശേഷം ജംഷീര്‍ തിരിച്ചുവന്നിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്. പോലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം തേടി അബ്ദുല്‍ ലത്തീഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍ക്കാരിനോടും സിബിഐയോടും വരുന്ന ജനുവരി 10നകം പ്രതികരണം അറിയിക്കണം എന്നാണ് കോടതി നിര്‍ദേശം”. മകനെ കുറിച്ചുള്ള വിവരം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ലത്തീഫും ഭാര്യ ബുഷ്‌റയും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക