Saturday, 27 July - 2024

പോലീസ് സുരക്ഷ വേണ്ടെന്ന പ്രഖ്യാപനത്തോടെ ഗവർണർ തെരുവിലേക്ക്; തിരക്കേറിയ സ്ഥലങ്ങളിലൊന്നായ കോഴിക്കോട് മിഠായിത്തെരുവിൽ

കോഴിക്കോട്: പോലീസ് സുരക്ഷ വേണ്ടെന്ന പ്രഖ്യാപനത്തോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തെരുവിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലാണ് പൊലീസിന്റെ പ്രവർത്തനം എന്നു കുറ്റപ്പെടുത്തി അവരുടെ സുരക്ഷ വേണ്ടെന്നു പ്രഖ്യാപിച്ച ഗവർണർ, കോഴിക്കോടു നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ മിഠായിത്തെരുവിലെത്തി.

വാഹനത്തിൽനിന്ന് പുറത്തിറങ്ങി മിഠായിത്തെരുവിലൂടെ നടന്ന ഗവർണർ, പൊതുജനങ്ങളുമായി സംവദിച്ചും കടയിൽ കയറി ഹൽവ കഴിച്ചും അവിടുള്ള ജീവനക്കാരുമൊത്ത് സെൽഫിയെടുത്തും തികച്ചും ജനകീയനായി.

പൊതുവേ തിരക്കേറിയ മിഠായിത്തെരുവിനെ ജനസമുദ്രമാക്കിയാണ് ഗവർണർ ഇറങ്ങിനടന്നത്. ഇടയ്ക്ക് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ഗവർണർക്ക് അഭിവാദ്യം അർപ്പിച്ച് രംഗത്തെത്തി. ഗവർണറെ കണ്ട് ആളു കൂടിയതോടെ ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.

ഇതിനിടെ പരീക്ഷ കഴിഞ്ഞുവന്ന കുട്ടികളുമൊത്ത് ഫോട്ടോയെടുത്തും കുഞ്ഞുങ്ങളെ കയ്യിലെടുത്ത് ലാളിച്ചും അദ്ദേഹം നടന്നുനീങ്ങി. കുട്ടികളെ ചേർത്തുപിടിച്ചാണ് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇടയ്ക്ക് സെൽഫിയെടുക്കാനായി വന്ന ആളുകളെയും അദ്ദേഹം നിരാശരാക്കിയില്ല.

ജനങ്ങൾ തനിക്ക് സുരക്ഷ ഒരുക്കുമെന്നു പ്രഖ്യാപിച്ചാണ് ഗവർണർ ഇവിടേക്ക് എത്തിയത്. ഗവർണർ തള്ളിപ്പറഞ്ഞെങ്കിലും വൻ സുരക്ഷയാണ് െപാലീസ് ഗവർണർക്കായി ഒരുക്കിയത്. നേരത്തേ, കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽനിന്ന് പുറത്തിറങ്ങിയ ഗവർണർ മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കുമെതിരെ വിമർശനം ആവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നു പ്രഖ്യാപിച്ച് കോഴിക്കോട്ടേക്കു യാത്ര തിരിക്കുകയായിരുന്നു. മാനാഞ്ചിറ സ്ക്വയറിലേക്കാണ് യാത്രയെന്നാണ് ഗവർണർ പറഞ്ഞത്.

Most Popular

error: