Saturday, 27 July - 2024

ഗസ്സയിൽ ആശുപത്രി മുറ്റത്ത് 20 പേരെ ബുൾഡോസർ കയറ്റി കൊന്നു; കാത്തലിക് ചർച്ചിൽ അമ്മയെയും മകളെയും വെടിവെച്ചുകൊന്നു

ഗസ്സ: വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി മുറ്റത്ത് തമ്പടിച്ചിരുന്ന രോഗികളടക്കം 20 പേരെ ഇസ്രായേൽ സേന ബുൾഡോസർ കയറ്റി കൊലപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാർഥികൾ ബുൾഡോസറിനടിയിൽ ഞെരിഞ്ഞമർന്നു. ആശുപത്രിയുടെ വലിയൊരു ഭാഗവും തകർത്തു. ഇതേ തുടർന്ന് 12 നവജാത ശിശുക്കൾ ഇൻകുബേറ്ററിൽ ജീവനോട് മല്ലിടുകയാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രി മായ് അൽ കൈല പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും കുറ്റവാളികളെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യുദ്ധത്തിൽ വീട് നഷ്ടപ്പെട്ട് അഭയാർഥികളായവരാണ് ആശുപത്രിമുറ്റത്തെ താൽക്കാലിക തമ്പുകളിൽ കഴിഞ്ഞിരുന്നത്. പരിക്കേറ്റ് ചികിത്സയിലുള്ളവരും ആശുപത്രിയിൽ സ്ഥലമില്ലാത്തതിനാൽ തമ്പുകളിലുണ്ടായിരുന്നു. ഇവർക്കിടയിലേക്കാണ് ഇസ്രായേൽ സൈനികർ ബുൾഡോസർ ഓടിച്ചുകയറ്റിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആശുപത്രിയിൽനിന്ന് 70 ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗസ്സയിൽ ആകെയുണ്ടായിരുന്ന 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് ഇപ്പോൾ ഭാഗികമായി പ്രവർത്തിക്കുന്നത്.

അതിനിടെ, ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രാഈല്‍ സേന ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണം തുടരുന്നു. ഗസ്സയിലെ ഹോളി ഫാമിലി ഇടവകയിലെ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ 2 സ്ത്രീകളെ ഇസ്രാഈല്‍ സേന വെടിവച്ചു കൊന്നതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടവകയുടെ കോമ്പൗണ്ടില്‍ അതിക്രമിച്ചുകയറിയ ഇസ്രാഈല്‍ സൈന്യം പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നഹിദ, മകള്‍ സമര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ആക്രമണത്തിന് ഇരയായ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മകള്‍ക്ക് വെടിയേറ്റത്. ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പള്ളി കോമ്പൗണ്ടിനുള്ളില്‍ ഉള്ളവരെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് 7 പേര്‍ക്ക് കൂടി വെടിയേറ്റത്. അതേസമയം, ഇടവകയില്‍ മിസൈല്‍ ലോഞ്ചറിന്റെ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെട്ട് ആക്രമണത്തെ ഇസ്രാഈല്‍ ന്യായീകരിച്ചു.

‘യുദ്ധത്തിന്റെ തുടക്കം മുതല്‍ ഭൂരിപക്ഷം ക്രിസ്ത്യന്‍ കുടുംബങ്ങളും അഭയം പ്രാപിച്ച ഇടമാണ് ഹോളി ഫാമിലി ചര്‍ച്ച്. നഹിദയും മകള്‍ സമറും ഇവിടുത്തെ സിസ്റ്റേഴ്‌സ് കോണ്‍വെന്റിലേക്ക് നടക്കുമ്പോള്‍ ഇസ്രാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ മാതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സമര്‍ കൊല്ലപ്പെട്ടത്’- പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ പറയുന്നു. ‘യാതൊരു മുന്നറിയിപ്പും നിര്‍ദേശവും സേന നല്‍കിയിരുന്നില്ല. അവരുടെ എതിരാളികള്‍ ആരും ഇടവകയുടെ പരിസരത്ത് ഇല്ലാതിരുന്നിട്ടും വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതുകൂടാതെ, രാവിലെ മദര്‍ തെരേസാ കോണ്‍വെന്റ് ലക്ഷ്യമാക്കിയും ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ മിസൈല്‍ ആക്രമണം ഉണ്ടായി. ഇതില്‍ കെട്ടിടത്തിന്റെ ജനറേറ്റര്‍ തകര്‍ന്നു. കോണ്‍വെന്റിലേക്ക് ഏക വൈദ്യുതി ലഭ്യമാക്കാനുള്ള ഏക മാര്‍ഗമാണ് നശിച്ചത്- പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ’54ലധികം അംഗപരിമിതര്‍ താമസിക്കുന്ന കോണ്‍വെന്റ് ചര്‍ച്ച് കോമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം പിന്നീട് രണ്ട് മിസൈലുകള്‍ കൂടി തൊടുത്തുവിട്ട് തകര്‍ത്തു. ഇതോടെ അവിടെയുണ്ടായിരുന്ന അന്തേവാസികളെല്ലാവരും പലായനം ചെയ്തിരിക്കുകയാണ്. അവരില്‍ ചിലര്‍ക്ക് അതിജീവിക്കാന്‍ ആവശ്യമായ ശ്വസന ഉപകരണങ്ങള്‍ പോലും ലഭ്യമല്ല.

പ്രദേശത്ത് രാത്രി നടത്തിയ ബോംബാക്രമണത്തില്‍ പള്ളി വളപ്പിനുള്ളില്‍ മറ്റ് 3 പേര്‍ക്കും പരിക്കേറ്റു. കൂടാതെ സോളാര്‍ പാനലുകളും വാട്ടര്‍ ടാങ്കുകളും നശിപ്പിക്കപ്പെട്ടു’- പ്രസ്താവന വിശദമാക്കുന്നു.കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച പാത്രിയാര്‍ക്കേറ്റ്, ക്രിസ്മസ് ആഘോഷത്തിനായി ചര്‍ച്ച് ഒരുങ്ങിയിരിക്കെയാണ് ആക്രമണം നടന്നതെന്നും ഇതില്‍ ഏറെ ഏറെ ഉത്കണ്ഠയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: