തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ആശങ്കയുയര്‍ത്തി ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്. കൊവിഡിന്റെ ഉപവകഭേദമായ ജെ.എന്‍1 തിരുവനന്തപുരം സ്വദേശിക്ക് സ്ഥിരീകരിച്ചതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കിയിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് 79 കാനരന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18ന് കൊവിഡ് സ്ഥിരീകരിച്ച സാംപിളില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ജെ.എന്‍1 കണ്ടെത്തിയത്. പരിശോധന ഫലം 13നാണ് ലഭ്യമായത്. നേരത്തെ സിംഗപ്പൂരില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിക്ക് നേരത്തെ ജെ.എന്‍1 കണ്ടെത്തിയിരുന്നു.
പുതിയ വകഭേദം കണ്ടെത്തിയതോടെ കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വിദേശികള്‍ കൂടുതലായെത്തുന്ന സംസ്ഥാനമെന്ന നിലയില്‍ പ്രത്യേക നിരീക്ഷണം നടത്താനാണ് തീരുമാനം.
കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കയിലാണ് ആദ്യമായി കൊവിഡിന്റെ പുതിയ വകഭേദമായ ജെ.എന്‍1 കണ്ടെത്തിയത്. തുടര്‍ന്ന് ചൈനയില്‍ ഇത് വ്യാപകമാവുകയായിരുന്നു. അമേരിക്കയടക്കമുള്ള പതിനൊന്ന് രാജ്യങ്ങളില്‍ ഇതിനോടകം വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി കേരളത്തില്‍ കൊവിഡ് കേസുകളുടെ വര്‍ധന തുടരുകയാണ്. നിലവില്‍ 1324 ആക്ടീവ് കേസുകളാണ് ഉള്ളത്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പരിശോധന നടക്കുന്നതും കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാരണമായിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക