ന്യൂഡൽഹി: പാർലമെന്റിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്ന് മാത്രം 15 എംപിമാർക്ക് സസ്‌പെൻഷൻ ഇന്ന് മാത്രം സസ്‌പെൻഡ് ചെയ്തത് 15 എംപിമാരെ. കേരളത്തിൽ നിന്നുള്ള 6 എംപിമാരെയടക്കമാണ് സസ്‌പെൻഡ് ചെയ്തത്.
രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠൻ, ബെന്നി ബെഹ്നാൻ, കനിമൊഴി, മാണിക്കം ടാഗോർ, ജ്യോതിമണി, ഡെറിക് ഒബ്രിയാൻ, മുഹമ്മദ് ജാവേദ്, പി.ആർ നടരാജൻ, കെ.സുബ്രഹ്മണ്യം, എം.ആർ പാർഥിബൻ, എസ് വെങ്കിടേശ്വരൻ എന്നിവർക്കാണ് സമ്മേളന കാലയളവ് തീരുന്നത് വരെ സസ്‌പെൻഷൻ.
പ്രധാനമന്ത്രി സഭയിൽ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ബഹളത്തിനിടെ തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. അന്തസ്സിന് ചേരാത്ത വിധം പ്രവർത്തിച്ചു എന്നതാണ് അംഗങ്ങൾക്കെതിരായ കുറ്റം. സഭാനടപടികൾ തടസ്സപ്പെടുത്തിയതിനാണ് സസ്‌പെൻഷൻ.
എംപിമാരുടെ പ്രതിഷേധം അതിരുവിടുന്നു എന്നതായിരുന്നു സ്പീക്കറുടെയും കേന്ദ്രസർക്കാരിന്റെയും ആരോപണം. ഈ നിലപാടാണിപ്പോൾ എംപിമാരുടെ സസ്‌പെൻഷനിലേക്ക് നയിച്ചിരിക്കുന്നത്. രണ്ട് തവണയായി പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ അഞ്ച് എംപിമാരെയും പിന്നാലെ ഒമ്പത് പേരെയും സസ്‌പെൻഡ് ചെയ്തത്.
സുരക്ഷാ വീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് പാർലമെന്റിൽ ഇരു സഭകളിലും ഉണ്ടായത്. പുറത്താക്കപ്പെട്ട എംമാരിൽ 14 പേരും ലോക്‌സഭാ എംപിമാരാണ്. രാജ്യസഭയിലും സമാന രീതിയിൽ പ്രതിഷേധമുണ്ടായെങ്കിലും ഡെറിക് ഒബ്രെയ്‌നെതിരെ മാത്രമാണ് നടപടിയുണ്ടായത്. പുറത്താക്കിയെങ്കിലും എംപി പുറത്തു പോകാതിരുന്നതിനെ തുടർന്ന് സഭ രണ്ടു തവണ നിർത്തിവച്ചു.