റിയാദ്: വേൾഡ് എക്‌സ്‌പോ 2030 സഊദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ്. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനത്തിൽ നിന്ന് പത്തു ശതമാനയമായി ഉയർത്താൻ ദേശീയ തന്ത്രം ലക്ഷ്യമിടുന്നതായും, ഇതിന് 2030 ഓടെ ടൂറിസം മേഖലയിൽ പത്തു ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിയാദിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിക്കുന്ന ദ്വിദിന ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ തൊഴിൽ വിപണിയിലെ അതിവേഗ പുരോഗതികൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി.
2030 ൽ ലോക ജനസംഖ്യ 850 കോടിയായി ഉയരും. തൊഴിൽ വിപണിയിൽ അടക്കം നിരവധി സേവനങ്ങൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. വാണിജ്യ, വ്യവസായ മേഖലയിൽ ദീർഘകാലമായി നിരവധി പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇത് തൊഴിൽ വിപണിയെ പ്രതിലൂലമായി ബാധിച്ചു. ലോകത്തെ ആകെ തൊഴിൽ വിപണിയുടെ പത്തു ശതമാനം ട്രാവൽ, ടൂറിസം മേഖലയിലാണ്. കോവിഡ് മഹാമാരിക്കു മുമ്പ് ട്രാവൽ, ടൂറിസം മേഖല ലോകത്ത് 33 കോടി തൊഴിലവസരങ്ങൾ ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി വിമാന കമ്പനികളെയും ഹോട്ടലുകളെയുമാണ് ഏറ്റവുമധികം ബാധിച്ചത്. ഈ മേഖലകളിൽ ആറു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു.
ടൂറിസം മേഖലയിൽ മാനവശേഷി നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നു. ചില ലോക രാജ്യങ്ങൾ ഡിജിറ്റൽ ഹോട്ടലുകൾ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം ഹോട്ടലുകളിൽ റിസപ്ഷനുകൾ കാണേണ്ട ആവശ്യമുണ്ടാകില്ല. ഇത്തരം പദ്ധതികളെ തങ്ങൾ ഒരിക്കലും പിന്തുണക്കില്ല. ആവശ്യമുള്ളിടത്തെല്ലാം മനുഷ്യരെ നാം നിലനിർത്തണമെന്നും ടൂറിസം മന്ത്രി പറഞ്ഞു.