ഇന്ത്യക്കാരന്റെ മൃതദേഹം സഊദിയിലെ മരുഭൂമിയില്‍ ഉറുമ്പ് തിന്ന നിലയില്‍ കണ്ടെത്തി

0
2983

റിയാദ്: ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ഉറുമ്പ് തിന്ന നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ഗാസി പൂര്‍ സ്വദേശി ജുനൈദ് ആലമി (22) ന്റെ മൃതദേഹമാണ് വാദി ദവാസിര്‍ അതിര്‍ത്തിയില്‍ മരുഭൂമിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒട്ടകത്തെ നോക്കുന്നതിന് തൊഴിലാളിയെ ആവശ്യമുണ്ടെന്ന അഭ്യര്‍ഥനയുമായി സ്‌പോണ്‍സര്‍ അയച്ച വീസയില്‍ മുംബൈയിലെ ഏജന്റ് ആണ് സൂപര്‍മാര്‍ക്കറ്റില്‍ ജോലിക്കെന്ന് പറഞ്ഞ് ജുനൈദിനെ റിയാദിലേക്ക് അയച്ചത്. റിയാദിലെത്തിയ ഉടനെ സ്‌പോണ്‍സര്‍ ഇദ്ദേഹത്തെ 300 കിലോമീറ്റര്‍ അപ്പുറത്തുള്ള മരുഭൂമിയിലെ തന്റെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി. അവിടെ ഒട്ടകങ്ങളെ മേക്കലായിരുന്നു ജോലി.

രണ്ട് മാസത്തിന് ശേഷം ജോലി ഉപേക്ഷിച്ച് അവിടെ നിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലൂടെ നടന്നുപോയതയാണ് അറിവ്.
പിന്നീട് വാദി ദവാസിര്‍ അതിര്‍ത്തിയിലാണിദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തിയത്. ഉറുമ്പ് തിന്ന് ഉണങ്ങിയ മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. മരുഭൂമിയില്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ മരിച്ചതാകാനാണ് സാധ്യത.

അതുവഴി മരുഭൂമിയിലേക്ക് പോയ സൗദി പൗരന്മാരാണ് മൃതദേഹം കണ്ടെത്തിയത്. അവര്‍ പൊലീസിനെ വിവരമറിയിച്ചു. മൃതദേഹത്തിന്നരികെയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് ലഭിച്ച പാസ്‌പോര്‍ട്ട് കോപ്പി വഴിയാണ് ഇന്ത്യക്കാരനാണെന്ന് മനസ്സിലായത്.

പൊലീസ് മൃതദേഹം വാദി ദവാസിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. ജുനൈദ് എന്ന ഇന്ത്യക്കാരന്റെ മൃതദേഹമുണ്ടെന്നും എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ആശുപത്രി അധികൃതര്‍ കെഎംസിസി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് പാസ്‌പോര്‍ട്ട് കോപ്പി വഴി സ്‌പോണ്‍സറുടെ വിവരം ശേഖരിച്ചു. ഒരു മാസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായതെന്നും അതുകാരണം ഹുറൂബാക്കിയെന്നുമാണ് സ്‌പോണ്‍സര്‍ പറഞ്ഞതെന്ന് കെഎംസിസി പ്രവര്‍ത്തകര്‍ പറഞ്ഞു.