മുംബൈയില്‍ നിന്നും ഒരു ഇരുപതുകാരന്‍ 30,000 രൂപയ്ക്ക് വേണ്ടി സ്വയം തട്ടിക്കൊണ്ട് പോയ വാര്‍ത്തയാണിപ്പോൾ.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നുള്ള 20 വയസ്സുകാരനാണ് പിതാവില്‍ നിന്നും 30,000 രൂപ തട്ടിയെടുക്കാനായി സ്വയം തട്ടിക്കൊണ്ട് പോകല്‍ കഥയുണ്ടാക്കിയത്.
ഡിസംബര്‍ 7 നായിരുന്നു സംഭവം. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മകനെ രാത്രിയായിട്ടും കാണാനില്ലെന്ന പരാതിയുമായി വസായ് ഫാറ്റ സ്വദേശി വലിവ്, ഏഴാം തിയതി രാത്രിയാണ് പോലീസ് സ്റ്റേഷനിലെത്തിയത്. പിറ്റേന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ അച്ഛന് ഫോണ്‍ സന്ദേശമെത്തി.
വിളിച്ചത് കാണാതായ മകന്‍ തന്നെയായിരുന്നു. തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയിരിക്കുകയാണെന്നും മോചനദ്രവ്യമായി 30,000 രൂപ വേണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മകന്‍ അച്ഛനോട് പറഞ്ഞു. പിന്നാലെ പണം കൈമാറുന്നതിനുള്ള ക്യു ആര്‍ കോഡും മകന്‍ അച്ഛന് അയച്ച് കൊടുത്തു.
ഇതിന് പിന്നാലെ പോലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. വസായ് ഫാറ്റ, വിരാർ, നല്ലസോപാര തുടങ്ങിയ പ്രദേശങ്ങളില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ഒടുവില്‍ ഒരു ഇരുപത് വയസ് പ്രായം തോന്നിക്കുന്ന ഒരാളെ വസായി ഫാറ്റയില്‍ വച്ച് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കാണാതായെന്ന പരാതിയിലുള്ളയാളാണെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍, പിതാവില്‍ നിന്നും പണം ലഭിക്കാതായപ്പോള്‍ താന്‍ സ്വയം മെനഞ്ഞ നാടകമാണ് തട്ടിക്കൊണ്ട് പോകലെന്ന് അയാള്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് പോലീസ് ഇരുപതുകാരനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് കൂടതല്‍ ചോദ്യം ചെയ്തു വരികയാണ്.




