ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കപ്പൽ യാത്ര യാഥാർഥ്യമാകുന്നു; ടെന്‍ഡര്‍ വിളിക്കാനൊരുങ്ങി കേന്ദ്രം

0
3154

ന്യൂഡൽഹി: കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്‌സഭയില്‍ പറഞ്ഞു. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തി.

കഴിഞ്ഞ മാസം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്‌സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരളത്തിനും ഗള്‍ഫിനും ഇടയില്‍ സര്‍വീസ് തുടങ്ങുന്നതിനായി ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവരും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവരും ഇങ്ങനെ സര്‍വീസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക.

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെ സംബന്ധിച്ച് ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നല്കുകകയായിരുന്നു മന്ത്രി.ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, കേരള ഗവൺമെന്റിന്റെ നോർക്ക റൂട്ട്‌സ് എന്നിവയുമായി, കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രയ്ക്കായി കപ്പൽ സർവ്വീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

യുഎഇ-കൊച്ചി- ബേപ്പൂർ കപ്പൽ സർവീസിന്റെ സാധ്യതകൾ പരിശോധിക്കാൻ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. സാധാരണക്കാരായ പ്രവാസികളിൽനിന്നു വിമാന കമ്പനികൾ ആഘോഷ – അവധിവേളകളിൽ വൻ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അതു നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് വ്യോമയാന വകുപ്പും പ്രധാനമന്ത്രിയും അറിയിച്ച സാഹചര്യത്തിലാണു കപ്പൽ സർവീസ് എന്ന ആവശ്യം ഉയരുന്നത്.

10,000 രൂപ നിരക്കിൽ 200 കിലോ ലഗേജിനോടൊപ്പം മൂന്നു ദിവസം കൊണ്ട് ഗൾഫ് സെക്ടറിൽ നിന്നു കേരളത്തിലേക്കും തിരിച്ചും എത്താനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പുറമേ ചുരുങ്ങിയ ചെലവിൽ കാർഗോ കയറ്റിറക്കുമതിക്കും അവസരം ലഭിക്കുമെന്നാണു വിലയിരുത്തൽ. യു.എ.ഇ. പ്രതിനിധി സംഘം ദുബൈ – കേരള സെക്ടറിൽ ചാർട്ടേഡ് യാത്രാകപ്പൽ, വിമാന സർവീസ് ആരംഭിക്കുന്നതിന്റെ ആവശ്യകതയും സാധ്യതയും ഉൾപ്പെടുത്തി മലബാർ ഡെവലപ്മെന്റ് കൗൺസിൽ തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുടർ നടപടികൾ. അടുത്ത ഓണത്തിന് മുമ്പ് സർവ്വീസാണ് ലക്ഷ്യം.

ബേപ്പൂർ തുറമുഖത്തിന് (ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്‌പി.എസ്) സർട്ടിഫിക്കേഷൻ ലഭിച്ചതും പദ്ധതിക്ക് നിർണ്ണായകമാണ്. ഇലക്ട്രോണിക് ഡേറ്റ ഇന്റർ ചെയ്ഞ്ച് (ഇ.ഡി.ഐ.) സംവിധാനം സജ്ജമാക്കുന്നതുവഴി വിദേശ കാർഗോ, പാസഞ്ചർ കപ്പലുകൾ നേരിട്ടടുപ്പിക്കാൻ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നതും ചാർട്ടർ ഷിപ്പ് സർവീസിനു കരുത്താകുമെന്നുതും പ്രത്യേകതയാണ്. ബേപ്പൂരിനൊപ്പം കൊച്ചിയിലും കപ്പൽ യുഎഇയിൽ നിന്നെത്തുമ്പോൾ യാത്രക്കാരും കൂടും. കൂടുതൽ പ്രവാസികൾക്ക് പ്രയോജനം ലഭിക്കും. ഗൾഫിൽ നിന്നു യാത്രാക്കപ്പൽ സർവീസിനു കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) മാതൃകയിൽ പൊതു-സ്വകാര്യപങ്കാളിത്തത്തിൽ കമ്പനിയും കേരളം ആലോചിക്കുന്നുണ്ട്. കെ ഷിപ്പ് എന്നാകും പദ്ധതിയുടെ പേരെന്നാണ് സൂചന.

സർക്കാരും കേരള മാരിടൈം ബോർഡും നോർക്കയും നിക്ഷേപകരും ചേർന്നുള്ള ബിസിനസ്സ് മോഡലാണ് ആലോചനയിലുള്ളത്. മതിയായ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ. ഒരു ട്രിപ്പിൽ 1500 പേരെ കിട്ടുക പ്രയാസമല്ലെന്നാണു പ്രവാസി സംഘടനാ പ്രതിനിധികൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കപ്പലിൽ 10,000 രൂപ നിരക്കിൽ യാത്ര ചെയ്യാമെങ്കിൽ, വിമാന കമ്പനികൾ 20,000 മുതൽ 60,000 വരെയാണു ഈടാക്കുന്നത്. വിമാനത്തിൽ 15-30 കിലോഗ്രാം ലഗേജിന്റെ സ്ഥാനത്തു കപ്പലിൽ 40-50 കിലോ അനുവദിക്കും. മൂന്നര ദിവസം കൊണ്ട് കേരളത്തിലെത്താം. വിനോദ സഞ്ചാരികൾക്കും ഈ കപ്പൽ പ്രിയപ്പെട്ടതാകാൻ സാധ്യത ഏറെയുണ്ട്.

കമ്പനി രൂപവത്കരിച്ചു കഴിഞ്ഞാൽ ഓഹരി വിൽപനയിലൂടെ പണം കണ്ടെത്തി സാധ്യതാ പഠനം ഉൾപ്പെടെയുള്ള നടപടിയിലേക്കു കടക്കും. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽനിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണു കപ്പൽ സർവീസെന്ന ആശയം കേരളം മുമ്പോട്ടു വയ്ക്കുന്നത്. സംസ്ഥാന തുറമുഖ വകുപ്പിനു കീഴിൽ 17 തുറമുഖങ്ങളുണ്ട്. ആഴം കൂട്ടിയാൽ ഇവിടങ്ങളിലെല്ലാം കപ്പൽ അടുപ്പിക്കാനാവും. നിലവിൽ കൊല്ലവും ബേപ്പൂരും ഗതാഗതയോഗ്യമാണ്.പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവീസ് ആരംഭിക്കാനാണ് പദ്ധതി.