ജിദ്ദ: രണ്ടു സഹോദരങ്ങളെ പിതൃസഹോദര പുത്രൻ കാറിനുള്ളിൽ വെടിവെച്ചുകൊന്നു. യെമനിലെ അൽബൈദാ ഗവർണറേറ്റിലെ അൽസവാദിയ ജില്ല നിവാസികളായ മുഹമ്മദ് അലി അൽശിബൈലി അൽസവാദിയും സഹോദരൻ അബ്ദുൽ അസീസുമാണ് കൊല്ലപ്പെട്ടത്. ഇരുവരും ദീർഘകാലമായി സൗദിയിൽ ജോലി ചെയ്തുവരികയായിരുന്നു.
സുരക്ഷാ വകുപ്പുകൾ നടപടികൾ പൂർത്തിയാക്കി വിട്ടുകൊടുത്തതിനെ തുടർന്ന് മൃതദേഹങ്ങൾ ജിദ്ദയിൽ ഖബറടക്കി.
കുടുംബ കലഹത്തെ തുടർന്ന് പിതൃസഹോദര പുത്രൻ ആദിൽ മുഹമ്മദ് അൽസവാദിയാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനുശേഷം പ്രതി സുരക്ഷാ വകുപ്പുകൾക്കു മുന്നിൽ കീഴടങ്ങി. യെമനി സഹോദരങ്ങൾക്കു നേരെ പ്രതി നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വെള്ളി നിറത്തിലുള്ള കാറിനെ വെള്ള നിറത്തിലുള്ള കാർ വിടാതെ പിന്തുടരുന്നതിന്റെയും പിന്നീട് വെള്ള നിറത്തിലുള്ള കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ആദ്യ കാറിലെ യാത്രക്കാർക്കു നേരെ നിറയൊഴിക്കുന്നതിന്റെയും കൃത്യത്തിനു ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.




