റിയാദ്: അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാരും ഉൾപ്പടെ 146 പേർ അറസ്റ്റിൽ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഴിമതിവിരുദ്ധ അതോറിറ്റി (നസഹ) ഇവരെ പിടികൂടിയത്. പ്രതികളെ ജുഡീഷ്യറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്.
341 പേരെ ചോദ്യം ചെയ്തു. ഒരു മാസത്തിനിടെയാണ് നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേരെ ചോദ്യം ചെയ്തതും അറസ്റ്റിലായതും. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഇതിലുൾപ്പെടുമെന്നും അതോറിറ്റി പറഞ്ഞു.
വ്യാപക പരിശോധന, ഒരാഴ്ചക്കിടെ 17,463 പ്രവാസികൾ പിടിയിൽ
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമങ്ങള്‍ ലംഘിച്ച 17,463 പേർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. താമസ നിയമ ലംഘനം നടത്തിയ 10,856 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,934 തൊഴിൽ നിയമ ലംഘനം നടത്തിയ 2,673 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 773 പേർ അറസ്റ്റിലായത്. ഇവരിൽ 44 ശതമാനം യമനികളും 45 ശതമാനം എത്യോപ്യക്കാരും 11 ശതമാനം മറ്റു രാജ്യക്കാരുമാണ്. 54 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തികൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്.
ആകെ 50,699ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. 44,651 നാടുകടത്തുന്നതിനുവേണ്ടി അവരുടെ യാത്രാരേഖകൾ ശരിയാക്കാൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 1,617 പേരെ യാത്രാറിസർവേഷൻ പൂർത്തിയാക്കാനും ശിപാർശ ചെയ്തു. 10,197ഓളം നിയമലംഘകരെ ഇതിനകം നാടുകടത്തി.