Thursday, 12 December - 2024

ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സഊദി അറേബ്യ

റിയാദ്: ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സഊദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്. 

സ്വയം പ്രതിരോധമെന്ന ഇസ്രായേലിെൻറ വാദങ്ങൾ ദുർബലമാണ്. പരിഹാരമെന്നത് ഗാസയിലെ വെടിനിർത്തലും സ്വതന്ത്ര പലസ്തീൻ രാഷ്ട്രവുമാണ്. ഇതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ നിരവധി സമാധാന ഫോർമുലകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിൻറെ സമാധാന സംരംഭങ്ങളെ കുറിച്ച് ഒരു വ്യക്തതയുമില്ല. സമാധാനം ഞങ്ങളുടെ തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. അത് ഇസ്രായേലിെൻറ തെരഞ്ഞെടുപ്പും ആയിരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഗാസയുടെ കാര്യത്തിൽ അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാണ്. ഇത് പരിഹരിക്കപ്പെണ്ടേതുണ്ട്. ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിലെ നിലവിലെ താൽക്കാലിക വെടിനിർത്തൽ അപര്യാപ്തമാണെന്നും ഞങ്ങളുടെ ലക്ഷ്യം സ്ഥിരമായ വെടിനിർത്തലാെണന്ന് സെക്യൂരിറ്റി കൗൺസിലിലെ പ്രസംഗത്തിന് മുമ്പ് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലും സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.

അക്രമം ഒരു പരിഹാരമല്ല. വെടിനിർത്തൽ ആവശ്യപ്പെടുന്ന ശബ്ദങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ഉയരുകയാണ്. ഗാസയിലെ സ്ഥിതി ദുസ്സഹമാണ്.

Most Popular

error: