Saturday, 27 July - 2024

സഊദിയിൽ സ്വകാര്യ മേഖലയില്‍ ഒരേ സമയം രണ്ട് ജോലി ചെയ്യാന്‍ അനുമതി; ഇളവ് വിദേശികൾക്ക് ലഭിക്കുമോ?


തൊഴിലാളിയുടെ തൊഴില്‍ കരാറും തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോകളും പരിശോധിച്ച് അവര്‍ക്ക് രണ്ട് ജോലികള്‍ ചെയ്യുന്നത് വിലക്കുന്ന ഒരു വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു

റിയാദ്: സഊദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ജോലികള്‍ ചെയ്യാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അനുമതിയുണ്ടെന്ന് സഊദി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

തൊഴിലാളിയുടെ തൊഴില്‍ കരാറും തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോകളും പരിശോധിച്ച് അവര്‍ക്ക് രണ്ട് ജോലികള്‍ ചെയ്യുന്നത് വിലക്കുന്ന ഒരു വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നുമാണ് മന്ത്രാലയം അറിയിച്ചത്. രണ്ട് ജോലികള്‍ സംയോജിപ്പിക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കിയ നിലവിലെ കരാറില്‍ എതിര്‍പ്പ് ഉണ്ടായിരിക്കാന്‍ പാടില്ല. മാത്രമല്ല, സ്ഥാപനത്തിന്റെ ആഭ്യന്തര നിയമങ്ങളിലും ഇതിനെ എതിര്‍ക്കുന്ന വ്യവസ്ഥകൾ ഉണ്ടാവരുത്.

എന്നാൽ, വിദേശികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നാണ് അറിയുന്നത്. നേരത്തെ സ്വദേശികൾക്ക് ഒരേ സമയം രണ്ട് തൊഴിലുകളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന സാഹചര്യം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതെ അവസ്ഥയിൽ തന്നെയാണ് ഇപ്പോഴത്തെ അറിയിപ്പും എന്നാണെന്നാണ് അറിയുന്നത്. ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അധികൃതരുടെ ഇപ്പോഴത്തെ ഈ വിശദീകരണം. മാത്രമല്ല, സ്വദേശികൾക്ക് അങ്ങനെ രണ്ട് ജോലികൾ ചെയ്യാമെന്ന് കഴിഞ്ഞ വർഷം അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വിദേശികൾക്ക് അനുമതി എന്ന നിലയിലാണ് പല മലയാള ഓൺലൈൻ പോർട്ടലുകളും റിപ്പോർട്ട് ചെയ്യുന്നത്.

“സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് ജോലികൾക്കിടയിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട്, രണ്ട് ജോലികൾചെയ്യുന്നതിന് തടസങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ തൊഴിൽ കരാറും കമ്പനിയുടെ നിയന്ത്രണങ്ങളും കൂടിയാലോചിച്ചിരിക്കണം” എന്നാണ് മന്ത്രാലയം മറുപടി നൽകിയത്. ഇതിൽ വിദേശികൾക്ക് എന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ വിദേശികൾക്ക് ഈ ഇളവ് ലഭ്യമാകില്ല എന്നാണ് മനസ്സിലാകുന്നത്

മാത്രമല്ല, സഊദി പൗരന്മാർക്ക് ഒരേ സമയം രണ്ട് ജോലികളിൽ ഏർപ്പെടാമെന്ന് അധികൃതർ കഴിഞ്ഞ വർഷം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പൗരന് സ്വകാര്യ മേഖലയിലെ രണ്ട് ജോലികൾ ഒരേ സമയം ചെയ്യാൻ കഴിയും, സഊദിവൽക്കരണ ശതമാനം ജീവനക്കാരനെ ആദ്യം ചേർത്ത സ്ഥാപനത്തിൽ കണക്കാക്കുന്നുവെന്നും കഴിഞ്ഞ വർഷം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതിനും വിപണിയെ നിയന്ത്രിക്കാനും സമീപ വര്‍ഷങ്ങളില്‍ സഊദി അറേബ്യ ശ്രമങ്ങള്‍ നടത്തി വരികയാണ്.

Most Popular

error: